ശിവനന്ദ
ഒറ്റപ്പാലം: 'മകളുടെ വായിൽനിന്നും മൂക്കിൽനിന്നും രക്തമൊലിക്കുന്നതുകാണാൻ ഏതെങ്കിലും അമ്മയ്ക്ക് പറ്റുമോ' -കണ്ണുനിറഞ്ഞുകൊണ്ടാണ് ഒറ്റപ്പാലം പാലപ്പുറം പിലക്കിൽക്കാട്ടിൽ രാധിക പറഞ്ഞുനിർത്തിയത്. രാധികയുടെയും രതീഷിന്റെയും ഇളയമകൾ ശിവനന്ദയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെയാണ്. ‘വെരി അപ്ലാസ്റ്റിക് അനീമിയ’ എന്ന രക്തസംബന്ധമായ അസുഖത്തിന്റെ പിടിയിലാണ് ഈ ഏഴുവയസ്സുകാരി. പ്ലേറ്റ്ലറ്റുകളുടെ കുറവുമൂലം വായിൽനിന്നും മൂക്കിൽനിന്നും ഇടയ്ക്കിടെ രക്തമൊലിക്കുകയും പനിവരികയും ചെയ്യുന്നതാണ് അസുഖം. കഴിഞ്ഞദിവസം തലയിൽനിന്നുവരെ രക്തമൊലിച്ചതായി മാതാപിതാക്കൾ പറയുന്നു.
കഴിഞ്ഞ നവംബറിലാണ് ഒറ്റപ്പാലം എൽ.എസ്.എൻ. സ്കൂളിലെ രണ്ടാംക്ലാസുകാരിയായ ശിവനന്ദയ്ക്ക് പനിയും രക്തമൊലിക്കുന്നതുപോലുള്ള ലക്ഷണങ്ങളും കണ്ടുതുടങ്ങിയത്. തുടർന്ന്, പല ആശുപത്രികളിലും കാണിച്ചെങ്കിലും അസുഖം കണ്ടെത്താനായില്ല. ഇടയ്ക്കിടെ ഈ ലക്ഷണങ്ങൾ ആവർത്തിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ ബെംഗളൂരുവിലെ സെന്റ് ജോൺസ് മെഡിക്കൽകോളേജിൽനിന്നാണ് അസുഖമെന്തെന്ന് അറിയുന്നതെന്ന് കുട്ടിയുടെ ബന്ധുക്കൾ പറയുന്നു.
'ഹെമറ്റോപോയിറ്റിക് സ്റ്റെം സെൽ ട്രാൻലസ്പ്ലാന്റ്' എന്ന മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയയാണ് ഇതിന് പ്രതിവിധിയായി ഡോക്ടർമാർ പറയുന്നതെന്നും ഇവർ പറയുന്നു. അതിന് 20 ലക്ഷം രൂപയോളംവേണം. കൂലിപ്പണിക്കാരനായ രതീഷിനും കുടുംബത്തിനും ഇത് താങ്ങാനാവാത്ത തുകയാണ്.
ഇപ്പോൾ ദിവസവും മൂന്നുതവണ നാലുയൂണിറ്റ് പ്ലേറ്റ്ലറ്റ് കയറ്റണം. ഒപ്പം ഒന്നിടവിട്ട ദിവസങ്ങളിൽ രക്തവും കയറ്റണം. ഒരു യൂണിറ്റ് പ്ലേറ്റ്ലറ്റിന് മാത്രം 11,000 രൂപയാണ് ചെലവ്.
ചികിത്സയ്ക്കായി സർക്കാർതലത്തിലുൾപ്പെടെ ഇവർ മുട്ടാത്ത വാതിലുകളില്ല. ചിലയിടങ്ങളിൽനിന്ന് സഹായം ലഭിച്ചെങ്കിലും ശസ്ത്രക്രിയയ്ക്ക് ആവശ്യമായ തുക ലഭ്യമായിട്ടില്ല. ആരോഗ്യമന്ത്രിക്ക് നേരിട്ട് പരാതിനൽകിയിട്ടുണ്ടെങ്കിലും ഇതുവരെ ഒന്നും ലഭിച്ചിട്ടില്ലെന്നും പറയുന്നു. എം.പി. മുഖാന്തരം പ്രധാനമന്ത്രിക്കും അപേക്ഷ നൽകിയിട്ടുണ്ട്. ചില സംഘടനകളും വ്യക്തികളും സഹായവുമായി രംഗത്തെത്തിയിരുന്നു.
രണ്ടാഴ്ചയ്ക്കകം കുഞ്ഞിനെ ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിക്കാൻ ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. മജ്ജനൽകാൻ അച്ഛൻ രതീഷ് തന്നെ സന്നദ്ധനായിട്ടുണ്ട്. പക്ഷേ, പണമാണ് തടസ്സം. കനറാബാങ്കിന്റെ ഒറ്റപ്പാലം ശാഖയിൽ പി. രാധികയുടെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 44542200010019. ഐ.എഫ്.എസ്.സി: cnrb0014454
Content Highlights: girl suffering from aplastic anaemia seeks financial assistance
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..