കൊച്ചി: പരിശോധനകളില്‍ കണ്ടെത്താനാവാതെ ഘനശ്യാമിന്റെ ജീവിതത്തില്‍ വില്ലനായി കോവിഡ്. വിട്ടുമാറാത്ത പനിയുമായി ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ നടത്തിയെങ്കിലും 22-കാരനായ ഘനശ്യാം നെഗറ്റീവായി തുടര്‍ന്നു. പിന്നീട് ഒരാഴ്ചയോളം ടൈഫോയ്ഡ് ആണെന്ന നിരീക്ഷണത്തില്‍ ചികിത്സ നല്‍കി. ചികിത്സയിലിരിക്കെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് കൊച്ചി അമൃത ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയത്. 

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രോഗം ഹൃദയം,കരള്‍, വൃക്ക, ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനത്തെ മോശമായി ബാധിച്ചെന്ന് കണ്ടെത്തുകയും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു.  ഇരു വൃക്കയുടെയും പ്രവര്‍ത്തനം നിലച്ചതിനാല്‍  ഡയാലിസിസ് ആരംഭിക്കേണ്ടി വന്നു. അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിലച്ചതിനാല്‍ സൈറ്റോസോര്‍ബ് തെറാപ്പിയും നല്‍കി. ആരോഗ്യനില വീണ്ടും മോശമായതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ ആന്റിബോഡി പരിശോധന നടത്താന്‍ തീരുമാനിച്ചത്. പരിശോധനയില്‍ ഘനശ്യാം കോവിഡ് ബാധിതനായിരുന്നുവെന്ന് കണ്ടെത്തി. വെന്റിലേറ്ററിലേക്ക് മാറ്റിയാണ് പ്രാഥമികമായ ചികിത്സ നല്‍കിയത്. 

ഒരു മാസം മുമ്പ് കോവിഡ് ആണെന്ന് തിരിച്ചറിയാതെ വന്നു പോയ ജലദോഷ പനിയാണ് ഘനശ്യാമിന്റെ ജീവിതത്തില്‍ വില്ലനായത്. തുടര്‍ന്നാണ് ആന്റിബോഡി പരിശോധനയില്‍ മള്‍ട്ടി സിസ്റ്റം ഇന്‍ഫല്‍മേറ്ററി സിന്‍ഡ്രോം - അഡള്‍റ്റ് (എം.ഐ.എസ്-എ) ആണെന്ന് കണ്ടെത്തിയത്.  എം.ഐ.എസ്-സി കുട്ടികളില്‍ കാണാറുണ്ടെങ്കിലും മുതിര്‍ന്നവരില്‍ ഇവ അത്യഅപൂര്‍വമായി മാത്രമാണ് കാണുന്നത്. ഇത് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്റ്‌റാ വീനസ് ഇമ്മ്യൂണോഗ്ലോബുലിന്‍ ചികിത്സ ആരംഭിച്ചു. കാലിന് ബലക്കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീല്‍ചെയറിലായിരുന്നു ചികിത്സാകാലം മുഴുവന്‍. 

ഓര്‍മ്മക്കുറവ് ഉള്‍പ്പടെ ഈ സമയം ഘനശ്യാമിനെ ബാധിച്ചു. ഒരു മാസം നീണ്ട ചികിത്സയില്‍ ഫിസിയോതെറാപ്പിയും പുനരധിവാസവുമുള്‍പ്പടെ നല്‍കിയാണ് ആരോഗ്യം വീണ്ടെടുക്കാന്‍ സാധിച്ചതെന്ന് ഡോ. അരുണ്‍ ദിവാകര്‍ പറഞ്ഞു. ചികിത്സയ്ക്കൊടുവില്‍ ഘനശ്യാം ആശുപത്രി വിട്ടു. നിലവില്‍ വീണ്ടും ചുവടുറപ്പിച്ച് നടക്കാനായുള്ള തയ്യാറെടുപ്പിലാണ് ഘനശ്യാം. കേരളത്തില്‍ ഇത്തരത്തില്‍ ഉള്ള ചികിത്സ ആദ്യമായാണ് ചെയ്തത്. അമൃത ആശുപത്രിയിലെ ജനറല്‍ മെഡിസിനിലെ ഡോ.എം.ജി.കെ.പിള്ള, ഡോ.അരുണ്‍ ദിവാകര്‍ നെഫ്റോളജിസ്റ്റ് ഡോ.സന്ദീപ് ശ്രീധരന്‍, റൂമറ്റോളജിസ്റ്റ് ഡോ.സി.ബി.മിഥുന്‍, ക്രിട്ടിക്കല്‍ കെയര്‍ വിദഗ്ധന്‍ ഡോ.ശ്യാം  സുന്ദര്‍ എന്നിവരാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കി.

Content Highlights: Ghanashyam covid 19 case, covid 19