ന്യൂഡല്‍ഹി: കോവിഡ് വന്ന ചില കുട്ടികള്‍ക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നതിന്റെ കാരണം കണ്ടെത്താന്‍ ജനിതകപഠനം ആരംഭിച്ചു. സാധാരണയായി കുട്ടികള്‍ക്ക് കോവിഡ് വന്നാല്‍ വലിയ രോഗലക്ഷണങ്ങളോ പ്രശ്‌നങ്ങളോ ഉണ്ടാക്കാറില്ല. എന്നാല്‍, അപൂര്‍വം ചിലരില്‍ കോവിഡ് വന്ന് ഒന്നുരണ്ടാഴ്ചയ്ക്കുശേഷം ഗുരുതരാവസ്ഥയിലേക്കും മരണത്തിലേക്കും നീങ്ങുന്നതിന്റെ കാരണം കണ്ടെത്താനാണ് പഠനം.

സി.എസ്.ഐ.ആറിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ (ഐ.ജി.ഐ.ബി.) ശാസ്ത്രജ്ഞരാണ് പഠനം തുടങ്ങിയത്. ഒരുമാസത്തിനകം ആദ്യ റിപ്പോര്‍ട്ട് വരും. 15 വയസ്സില്‍ താഴെയുള്ള കുട്ടികളിലാണ് പഠനം. ഏതുതരം കുട്ടികളിലാണ് കോവിഡ് ഗുരുതരപ്രശ്‌നമുണ്ടാക്കുന്നത് എന്നു കണ്ടെത്തുകയാണ് ലക്ഷ്യം.

കോവിഡ് ആന്റിബോഡിയുടെ സാന്നിധ്യം കുഞ്ഞുങ്ങളില്‍ കൂടുതലാണ്. കോശങ്ങളില്‍ വൈറസ് പറ്റിപ്പിടിക്കുന്ന 'റിസപ്റ്ററുകള്‍' കുട്ടികളില്‍ താരതമ്യേന കുറവായതിനാല്‍ അവര്‍ക്ക് ഇതിനെ പ്രതിരോധിക്കാന്‍ കൂടുതല്‍ സാധിക്കുന്നു. എന്നാല്‍, ചില കുട്ടികള്‍ക്ക് കോവിഡ്മൂലം ഒന്നിലേറെ അവയവങ്ങളെ ബാധിക്കുന്ന എം.ഐ.എസ്.സി. (മള്‍ട്ടി ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രം ഇന്‍ ചില്‍ഡ്രന്‍) കണ്ടുവരുന്നതിന്റെ കാരണങ്ങളാണ് ജനിതകപഠനത്തില്‍ പരിശോധിക്കുക.

Content Highlights: Genetic studies to determine Post Covid Syndrome in Kids, Health, Covid19, Kids