കോവിഡ് രോ​ഗബാധയുണ്ടാകാനും രോ​ഗം ​ഗുരുതരമാവാനും ചില ആളുകളിൽ സാധ്യത കൂടുന്നത് അവരിൽ ഉള്ള ചില ജീനുകൾ മൂലമാണെന്ന് ​ഗവേഷകർ. ഇത്തരം ചില ജീനുകളെ  ​ഗവേഷകർ കണ്ടെത്തി. എ.ടി.എസ്. 2021 ഇന്റർനാഷണൽ കോൺഫറൻസിലാണ് ഇക്കാര്യങ്ങൾ അവതരിപ്പിച്ചത്. 

ചിലയാളുകളിൽ എന്തുകൊണ്ടാണ് സാർസ് കോവ് 2 വെെറസ് ​ഗുരുതരാവസ്ഥ സൃഷ്ടിക്കുന്നതെന്ന് ഒരു രഹസ്യമായിരുന്നു. ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിലെ പോസ്റ്റ് ഡോക്ടറൽ ഫെല്ലോ ആയ ഡോ. അന ഫെർണാണ്ടസ് കോർഡെറോയും സഹപ്രവർത്തകരും ചേർന്ന് നടത്തിയ ​ഗവേഷണത്തിലാണ് ഈ ജീനുകളെ തിരിച്ചറിഞ്ഞത്. 

ABO ജീനിലെ വകഭേദങ്ങൾ ഉള്ളവരിൽ കോവിഡ് ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനത്തിൽ പറയുന്നത്. SLC6A20, WEMP1, FCER1G, CA11 തുടങ്ങിയ ജനിതകവകഭേദങ്ങളും കോവിഡ് രോ​ഗസാധ്യത കൂട്ടുന്നവയാണെന്ന് പഠനത്തിൽ പറയുന്നു. അതിനാൽ തന്നെ ഇത്തരം ജീനുകൾ ഉള്ളവർ കോവിഡ് കാലത്ത് വളരെയധികം ശ്രദ്ധിക്കണമെന്ന് ​ഗവേഷകർ പറയുന്നു. കാരണം, ഇവയിൽ പല ജീനുകളും പല ശ്വാസകോശ രോ​ഗങ്ങളുമായി ബന്ധപ്പെട്ടതാണ്. ERMP1 എന്ന ജീൻ ആസ്ത്മയുമായി ബന്ധപ്പെട്ടിരിക്കുന്നു. CA11 എന്ന ജീനാകട്ടെ പ്രമേഹമുള്ളവരിൽ കോവിഡ് അപകടസാധ്യത വർധിപ്പിക്കുന്നതാണ്. 

​ഗവേഷണം ഏറെ മുന്നോട്ട് പോയിട്ടുണ്ടെന്നും IL10RB, IFNAR2, OAS1 എന്നീ ജീനുകളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. കോവിഡ് 19 ​ഗുരുതരമാക്കാൻ ഇടയാക്കുന്നതാണ് ഇവ. വെെറസ് അണുബാധയോടുള്ള ശരീരത്തിന്റെ ഇമ്മ്യൂൺ റെസ്പോൺസിലും ഈ ജീനുകൾക്കെല്ലാം പങ്കുണ്ടെന്ന് കരുതുന്നതായും ഇക്കാര്യത്തിൽ കൂടുതൽ ​ഗവേഷണങ്ങൾ നടത്തേണ്ടതുണ്ടെന്നും ഡോ. അന ഫെർണാണ്ടസ് കോർഡെറോ വ്യക്തമാക്കുന്നു. 

Content Highlights: Genes associated with Covid19 risk identified, Health, Covid19