Photo: Mathrubhumi
ന്യൂഡൽഹി: കോവിഡ് വാക്സിന്റെ രണ്ടാംഡോസ് എടുത്തവർക്ക് കരുതൽ ഡോസ് എടുക്കാനുള്ള സമയം ഒമ്പതുമാസത്തിൽനിന്ന് ആറായി കേന്ദ്രസർക്കാർ കുറയ്ക്കുന്നു. പ്രതിരോധകുത്തിവെപ്പിന്റെ കാര്യത്തിൽ ഉപദേശം നൽകുന്ന നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്യൂണൈസേഷന്റെ വെള്ളിയാഴ്ച ചേരുന്ന യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.
ആദ്യ രണ്ടുഡോസ് വാക്സിനുകൾ നൽകുന്ന പ്രതിരോധശേഷി ആറുമാസംകൊണ്ട് കുറയുമെന്നും കരുതൽഡോസ് നൽകുന്നത് ഗുണം ചെയ്യുമെന്നും ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിലും വിവിധ അന്താരാഷ്ട്ര ഗവേഷണസ്ഥാപനങ്ങളും വ്യക്തമാക്കിയിരുന്നു.
രണ്ടുഡോസ് വാക്സിനെടുത്ത 18 വയസ്സുകഴിഞ്ഞവർക്ക് രണ്ടാംഡോസെടുത്ത് ഒമ്പതുമാസം കഴിഞ്ഞ് കരുതൽഡോസ് എടുക്കാമെന്നാണ് ഇപ്പോഴത്തെ ചട്ടം. എന്നാൽ, ശാസ്ത്രീയെതളിവുകളുടെ അടിസ്ഥാനത്തിൽ ഇത് ഉടൻ ആറുമാസമായി കുറയ്ക്കാനുള്ള സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു.
ആരോഗ്യമേഖലയിൽ സേവനംചെയ്യുന്നവർക്കും അനുബന്ധരോഗങ്ങളുള്ള 60 കഴിഞ്ഞവർക്കും ജനുവരി 10 മുതൽ ഇന്ത്യയിൽ കരുതൽഡോസ് നൽകുന്നുണ്ട്. 60 കഴിഞ്ഞ എല്ലാവർക്കും കരുതൽഡോസിന് അർഹതയുണ്ടെന്ന് മാർച്ചിൽ സർക്കാർ വ്യക്തമാക്കിയിരുന്നു.
Content Highlights: gap between covid dose, precaution dose, covid vaccine
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..