പത്തനംതിട്ട: ബെംഗളുരുവിലെ ഐ.ടി. കമ്പനിയിൽ ഉദ്യോഗസ്ഥനായ ചമ്പക്കുളം സ്വദേശി ജസ്റ്റിന് കോവിഡ് കാലമെത്തുംമുമ്പ് ശരീരഭാരം 150 കിലോഗ്രാമായിരുന്നു. വർക്ക് ഫ്രം ഹോം ആരംഭിച്ചതോടെ ഇത് 240 കിലോയായി. തനിയെ നടക്കാൻപോലും പ്രയാസപ്പെട്ടു.

ജാർഖണ്ഡിലായിരുന്ന മാതാപിതാക്കൾ ജസ്റ്റിനെ നേരിട്ടുകണ്ടപ്പോൾ മാനസിക സമ്മർദത്തിലായി. ഹോർമോൺ പ്രശ്നങ്ങളാണോയെന്ന് കണ്ടെത്താൻ സെപ്റ്റംബറിൽ തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിലെ എൻഡോക്രൈനോളജി വിഭാഗത്തിലെത്തിച്ചു. അമിതവണ്ണമുണ്ടാക്കുന്ന മറ്റു കാരണങ്ങളൊന്നും കണ്ടെത്താനായില്ല.

ബർഗർ, ശീതളപാനീയം എന്നിവ ഓൺലൈനിൽ വരുത്തിയാണ് കഴിച്ചിരുന്നത്. ഇതും പ്രശ്നങ്ങൾക്കിടയാക്കിയെന്ന് കണ്ടെത്തി. പൊണ്ണത്തടി, മുപ്പത്തിരണ്ടുകാരനായ ജസ്റ്റിന്റെ ജീവനുതന്നെ ഭീഷണിയാണെന്നും ബോധ്യമായെന്ന് എൻഡോക്രൈനോളജി വിഭാഗത്തിലെ ഡോ. ഫിലിപ്പ് ഫിന്നി പറഞ്ഞു. തുടർന്ന്, ശരീരഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയ നടത്തുകയായിരുന്നു.

180 കിലോ വരെ ശരീരഭാരമുള്ളവർക്കായി നിർമിച്ച സി.ടി. ഗാൻട്രിയും ഓപ്പറേഷൻ ടേബിളുകളും അടക്കമുള്ളവയാണ് സാധാരണയായി ആശുപത്രികളിൽ ഉപയോഗിക്കാറുള്ളത്. എന്നാൽ, ജസ്റ്റിനുവേണ്ടി അവയെല്ലാം നവീകരിക്കുകയോ പുതിയത് വാങ്ങുകയോ ചെയ്തു. ഇതിനുള്ള നടപടികൾക്ക് ആശുപത്രി ഡയറക്ടറും സി.ഇ.ഒ.യുമായ പ്രൊഫ. ഡോ.ജോർജ് ചാണ്ടി പിന്തുണയും നൽകി. ജസ്റ്റിനുവേണ്ടി പ്രത്യേക ഗൗണുകളും പാദരക്ഷയും നിർമിച്ചു.

ശസ്ത്രക്രിയയ്ക്ക് മൂന്നാഴ്ചകൾക്ക് മുമ്പേ വ്യായാമവും ഭക്ഷണവും ക്രമീകരിക്കുന്നതിന് ജസ്റ്റിനെ അഡ്മിറ്റ് ചെയ്തു. പി.എം.ആർ. വിഭാഗം മേധാവി ഡോ. റോഷിന്റെയും ഡോ.തോമസ് മാത്യുവിന്റെയും നേതൃത്വത്തിൽ ഫിസിയോ തെറാപ്പിസ്റ്റുകളുടെ സംഘം ജസ്റ്റിന് ഫിസിയോ തെറാപ്പിയും ആരംഭിച്ചു. ചീഫ് ഡയറ്റീഷ്യൻ ജ്യോതി കൃഷ്ണന്റെ നിർദേശപ്രകാരമുള്ള ഭക്ഷണം മാത്രം നൽകി.

ശസ്ത്രക്രിയയ്ക്കുമുമ്പേ തന്നെ ജസ്റ്റിന് 16 കിലോ കുറഞ്ഞു. ഒക്ടോബർ അഞ്ചിന് ഗാസ്ട്രോ സർജൻ ഡോ.സുജിത്ത് ഫിലിപ്പിന്റെ നേതൃത്വത്തിലാണ് അപൂർവമായ ലാപ്രോസ്കോപ്പിക്ക് സ്ലീവ് ശസ്ത്രക്രിയ നടത്തിയത്. പത്തോളം സ്പെഷ്യാലിറ്റികളിലെ ഡോക്ടർ ഇതുമായി സഹകരിച്ചെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. 

ശസ്ത്രക്രിയ വിജയമാണെന്നും ഇപ്പോൾ ജസ്റ്റിന്റെ ശരീരഭാരത്തിൽ സാരമായ വ്യത്യാസമുണ്ടെന്നും ആശുപത്രി ഡയറക്ടർ പ്രൊഫ. ഡോ.ജോർജ് ചാണ്ടി പത്രസമ്മേളനത്തിൽ പറഞ്ഞു. ഒന്നരവർഷത്തിനുളളിൽ ജസ്റ്റിന്റെ ശരീരഭാരം വലിയതോതിൽ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോക്ടർമാർ അറിയിച്ചു.

Content Highlights: Gaining weight while working from home, weight loss surgery, laparoscopic surgery, weight loss tips