പ്രതീകാത്മക ചിത്രം | Photo: A.P
ന്യൂഡല്‍ഹി: ഭാവിയില്‍ ഉണ്ടായേക്കാവുന്ന കോവിഡ് വകഭേദങ്ങള്‍ രാജ്യത്ത് ഗുരുതരമാകാനിടയില്ലെന്ന് വിദഗ്ധര്‍. വൈറസിന് ഇന്ത്യയില്‍ ആയിരത്തിലധികം ജനിതകവ്യതിയാനങ്ങള്‍ ഉണ്ടായെങ്കിലും അഞ്ചെണ്ണം മാത്രമാണ് ഗുരുതരമായത്. രണ്ടാംതരംഗത്തോടുകൂടി രാജ്യത്ത് നല്ലൊരു ശതമാനം പേരും കോവിഡ് ബാധിതരായി. രോഗം ബാധിച്ചവര്‍ക്ക് പ്രതിരോധശേഷി കൈവന്നതും കൃത്യമായി നല്കുന്ന പ്രതിരോധകുത്തിവെപ്പും രാജ്യത്ത് ഇനിയും രോഗം ഗുരുതരമാവാനുള്ള സാധ്യത കുറച്ചെന്നാണ് വിദഗ്ധാഭിപ്രായം.
മാസ്കില്‍ വേണം പരിഷ്കരണം
മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പരിഷ്കരിക്കണമെന്ന ആവശ്യം ശക്തമാണ്. മറ്റ് അസുഖങ്ങള്‍ ഉള്ളവരും വയോധികരും ഒഴികെയുള്ളവര്‍ക്ക് ഇളവ് നല്‍കണമെന്നാണ് ആവശ്യം. പ്രതിരോധകുത്തിവെപ്പെടുത്ത് എല്ലാവരും സുരക്ഷിതരാവണമെന്നും മാസ്കില്‍ ഇളവുകളാവാമെന്നും പകര്‍ച്ചവ്യാധി വിദഗ്ധന്‍ ഡോ. ചന്ദ്രകാന്ത് ലഹാരിയ പറഞ്ഞു. മാസ്ക് മാര്‍ഗരേഖയില്‍ സര്‍ക്കാര്‍ ഇളവ് വരുത്തുന്നത് പരിഗണിക്കേണ്ട സമയമാണിതെന്ന് എയിംസിലെ പകര്‍ച്ചവ്യാധി വിദഗ്ധന്‍ ഡോ. സഞ്ജയ് റായും അഭിപ്രായപ്പെട്ടു.
യൂറോപ്പിലും തെക്കുകിഴക്കനേഷ്യയിലും കോവിഡ് വര്‍ധിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിനെ ഐ.സി.എം.ആറും എതിര്‍ക്കുന്നു. പൊതുജനങ്ങള്‍ക്ക് എന്നും ഭയത്തോടെ ജീവിക്കാനാവില്ല. മറ്റു രാജ്യങ്ങളില്‍ കേസുകള്‍ കൂടിയാല്‍ അത് ഇവിടെയും പ്രതിഫലിക്കുമെന്ന ഭയം അസ്ഥാനത്താണെന്ന് ഐ.സി.എം.ആര്. പകര്‍ച്ചവ്യാധി വിദഗ്ധന്‍ സമീറന് പാണ്ഡ പറഞ്ഞു.
കോവിഷീല്‍ഡ് ഇടവേള കുറച്ചു
ന്യൂഡല്‍ഹി: കോവിഡ് വാക്സിനായ കോവിഷീല്‍ഡിന്റെ ഒന്നും രണ്ടും ഡോസുകള്‍ക്കിടയിലെ ഇടവേള കുറച്ചു. ആദ്യ ഡോസിനുശേഷം 8-16 ആഴ്ചയ്ക്കിടയില്‍ രണ്ടാമത്തെ ഡോസ് നല്‍കാമെന്ന് പ്രതിരോധം സംബന്ധിച്ച ദേശീയ സാങ്കേതിക ഉപദേശകസംഘം (എന്‍.ടി.എ.ജി.ഐ.) അറിയിച്ചു.
നിലവില്‍ 12-16 ആഴ്ചയാണ് ഇടവേള. ഈ കാലയളവില്‍ രണ്ടാമത്തെ ഡോസ് നല്‍കുമ്പോഴുള്ള ആന്റിബോഡി ഉത്പാദനവും 8-16 ആഴ്ചവരെ ഇടവേളയില്‍ നല്‍കുമ്പോഴുള്ള ആന്റിബോഡി ഉത്പാദനവും സമാനമായതിനാലാണ് തീരുമാനം. ഭാരത് ബയോടെക്കിന്റെ കോവാക്സിന് ഡോസുകളുടെ ഇടവേളകളില്‍ മാറ്റമൊന്നും എന്‍.ടി.എ.ജി.ഐ. നിര്‍ദേശിച്ചിട്ടില്ല. ആദ്യഡോസ് കഴിഞ്ഞ് 28 ദിവസത്തിനുശേഷമാണ് നിലവില്‍ കോവാക്സിന്റെ രണ്ടാമത്തെ ഡോസ് നല്‍കുന്നത്.
Content Highlights: future covid varient, may not be serious in india, experts says
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..