കുമ്പളം: പിഞ്ചുകുഞ്ഞിന്റെ ചികിത്സാ സഹായത്തിനായി മഹാമൃത്യുഞ്ജയ ഹോമം നടത്തിയും പണം സ്വരൂപിച്ചു. ബ്രെയിൻ ട്യൂമർ ബാധിച്ച് ലേക്‌ഷോർ ആശുപത്രിയിൽ കഴിയുന്ന ഒന്നര വയസ്സുകാരി ഇഫ്രയുടെ ജീവൻ രക്ഷിക്കാനാണ് തുക സ്വരൂപിച്ചത്. ഓട്ടോ തൊഴിലാളിയായ കുമ്പളം നികർത്തിൽ വീട്ടിൽ സഫീറിന്റെയും രഹ്നയുടെയും മകളാണ് ഇഫ്രാ മറിയം.

സനാതന ധർമ സംരക്ഷണ സമിതിയും സഞ്ജീവനി പൂജാമഠവും ചേർന്നാണ് മഹാമൃത്യുഞ്ജയഹോമം നടത്തിയത്. ഇതിന്റെ മുഴുവൻ ചെലവും സഞ്ജീവനി പൂജാമഠം വഹിച്ചു. 100 രൂപയുടെ കൂപ്പണിലൂടെയും സംഭാവനയിലൂടെയും സ്വരൂപിച്ച 3,40,000 രൂപ ഇഫ്രയുടെ പിതാവ് സഫീറിന് ബാലകൃഷ്ണൻ എമ്പ്രാന്തിരി കൈമാറി.

നാലാംവട്ടമാണ് സഞ്ജീവനി ട്രസ്റ്റിന്റെ നേതൃത്വത്തിൽ രോഗശാന്തിക്കായി ഹോമം നടത്തുകയും ചികിത്സയ്ക്കുള്ള പണം സമാഹരിക്കുകയും ചെയ്തത്. കൂടാതെ ഒരു സ്റ്റോർ നടത്തി അതിന്റെ ലാഭവിഹിതവും ട്രസ്റ്റ് ജീവകാരുണ്യത്തിനായി മാറ്റി വയ്ക്കുന്നുണ്ട്.

ജനങ്ങളിൽ നിന്ന്‌ സ്വരുപിച്ച തുകകൊണ്ട് തുടങ്ങിയ സ്റ്റോറിന്റെ ഒന്നാം വാർഷികം ജൂലായ്‌ 26-നാണ്. അന്ന് കുമ്പളത്തെ മുഴുവൻ ഓട്ടോ തൊഴിലാളികൾക്കും സഹായധനം നൽകുന്നുണ്ട്.

കെ.ജെ. ബാലകൃഷ്ണൻ എമ്പ്രാന്തിരിയുടെ മുഖ്യ കാർമികത്വത്തിലായിരുന്നു ഹോമം.

കെ.ജെ. രാജൻ എമ്പ്രാന്തിരി, പാണ്ടുരംഗ ശാസ്ത്രികൾ, സന്തോഷ് സ്വാമി, പ്രശാന്ത് സ്വാമി, ശ്രീകാന്ത് സ്വാമി, നരസിംഹൻ സ്വാമി, പ്രശാന്ത് സ്വാമി, അനൂപ് സ്വാമി എന്നിവർ കാർമികത്വം വഹിച്ചു.

സെക്രട്ടറി രാജീവ് കൂട്ടുങ്കൽ, സി.കെ. സഹദേവൻ, നിമിൽ മോഹൻ, വനിതാ സംഘം പ്രസിഡന്റ് ഉമ ജയപ്രകാശ്, സെക്രട്ടറി സിനി ഷാജി, ഖജാൻജി ബിന്ദു അനിൽ കുമാർ, സഞ്ജീവനി പൂജാമഠം ട്രസ്റ്റിമാരായ ആതിര കെ. ബാലകൃഷ്ണൻ, കാശി ബാലകൃഷ്ണൻ എന്നിവരും പങ്കെടുത്തു.

Content Highlights: Fund raise using mrityunjaya homam pooja to help Brain Tumor kid patient