കോട്ടയം: രാജ്യത്ത് മധ്യവര്‍ഗ ജനവിഭാഗങ്ങളുടെ ദാരിദ്ര്യം വര്‍ധിപ്പിക്കുംവിധം ചികിത്സച്ചെലവ് ബാധിക്കുന്നതായി നീതി ആയോഗ്. ജനതയുടെ മൂന്നില്‍ ഒരു ഭാഗം ഒരു ആരോഗ്യരക്ഷാ പദ്ധതിയിലും അംഗങ്ങളല്ല. 40 കോടി ജനങ്ങള്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാതെ ചെലവേറിയ ചികിത്സാമുറകള്‍ സ്വീകരിക്കേണ്ടിവരുന്നത്.

സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവര്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ഇന്‍ഷുറന്‍സ് പദ്ധതികളും മുന്നാക്കക്കാര്‍ക്ക് സ്വകാര്യ ഇന്‍ഷുറന്‍സും തുണയാകുന്നുണ്ട്. കര്‍ഷകരും വിവിധ തൊഴില്‍മേഖലയിലൂടെ നിത്യവരുമാനമുള്ളവരുമാണ് ദുരിതം പേറുന്നത്. സര്‍ക്കാരുകള്‍ നിശ്ചയിച്ച സാമ്പത്തിക പരിധിയില്‍ ഇവര്‍ സൗജന്യ ചികിത്സയ്‌ക്കോ സൗജന്യ ഇന്‍ഷുറന്‍സിനോ അര്‍ഹരല്ല. ഇവര്‍ക്ക് ആശാസ്യമായ പ്രീമിയം തുകയല്ല സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ ഇന്‍ഷുറന്‍സ് ഏജന്‍സികള്‍ നടപ്പാക്കുന്നത്.

50 ശതമാനം ജനങ്ങള്‍ക്ക് ആയുഷ്മാന്‍ ഭാരത്, സംസ്ഥാനസര്‍ക്കാരുകളുടെ ക്ഷേമപദ്ധതി തുടങ്ങിയവയുടെ കീഴില്‍ ചികിത്സാനുകൂല്യങ്ങളുണ്ട്. 20 ശതമാനം ഉന്നതശ്രേണിയിലുള്ളവര്‍ക്ക് സ്വകാര്യ ഇന്‍ഷുറന്‍സ് സംരംഭകരും സഹായമാകുന്നു. ബാക്കി 30 ശതമാനം ജനങ്ങള്‍ക്കുകൂടി പ്രാപ്തമാകുംവിധം കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ ആകര്‍ഷകമായ ചികിത്സാ ആനുകൂല്യപദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് നീതി ആയോഗ് നിര്‍ദേശിച്ചു.

സ്വകാര്യ സംരംഭകരും മത്സരസ്വഭാവത്തോടെ ഇടത്തരക്കാര്‍ക്ക് പ്രാപ്യമായ പ്രീമിയം തുകയിലൂടെ പരിരക്ഷ ഏര്‍പ്പെടുത്തുന്നതിന് ശ്രമിക്കണം. ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതികള്‍ നടപ്പാക്കുന്നതിനും നടപടികളുണ്ടാവണം.

Content Highlights: Fourty crore people in the country do not have health insurance coverage