തൃശ്ശൂര്‍: പ്രവേശനം നേടി പത്തുവര്‍ഷത്തിനകം ബിരുദമെടുക്കാത്ത വിദേശ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ ചികിത്സിക്കാന്‍ അനുമതിയില്ല. 54 മാസം ക്ലാസ് പഠനകാലയളവില്ലാത്തവര്‍ക്കും അംഗീകാരം ലഭിക്കില്ല. പലതലങ്ങളിലും ഉയരുന്ന സംശയങ്ങള്‍ക്ക് കൃത്യമായ വിശദീകരണമുള്ള സമഗ്രനിയമമാണ് വിദേശ മെഡിക്കല്‍ ബിരുദവുമായി ബന്ധപ്പെട്ട് ദേശീയ മെഡിക്കല്‍ കമ്മിഷന്‍ നടപ്പാക്കിയിരിക്കുന്നത്.

പുതിയ നിയമം നിലവില്‍വരുന്നതിനുമുന്‍പ് ബിരുദം നേടിയവര്‍ക്കും പ്രവേശനം നേടിയവര്‍ക്കും ഇതിലെ എല്ലാ വ്യവസ്ഥകളും പാലിക്കേണ്ടിവരില്ല. എന്നാല്‍, വിദേശ മെഡിക്കല്‍ ബിരുദവുമായി ബന്ധപ്പെട്ട് നിലവിലുള്ള നിബന്ധനകള്‍ അവര്‍ക്ക് ബാധകമായിരിക്കും. കോഴ്സ് കാലയളവില്‍ ബന്ധപ്പെട്ട സ്ഥാപനത്തില്‍ത്തന്നെ ഒരുവര്‍ഷത്തെ പ്രായോഗികപരിശീലനം നിര്‍ബന്ധമാണ്. കോഴ്സ് പൂര്‍ണമായും ഇംഗ്ലീഷിലായിരിക്കണം. ഇതിനു പുറമേ ഇന്ത്യയില്‍ ഇപ്പോള്‍ നിലവിലുള്ള യോഗ്യതാപരീക്ഷ (എക്‌സിറ്റ് ടെസ്റ്റ്) വിജയിക്കേണ്ടതാണ്. കൂടാതെ വിദഗ്ധരുടെ മേല്‍നോട്ടത്തിലുള്ള ഒരുവര്‍ഷത്തെ പ്രായോഗികപരിശീലനം ഇന്ത്യയില്‍ പൂര്‍ത്തിയാക്കുകയും വേണം.

ഇവിടെയുള്ള എം.ബി.ബി.എസ്. കോഴ്സിന്റെ പാഠ്യപദ്ധതിക്ക് സമാനമായി കമ്മിഷന്‍ അംഗീകരിച്ചിട്ടുള്ള പാഠ്യപദ്ധതിയാണ് പിന്തുടര്‍ന്നതെന്ന കാര്യത്തിലും ഉറപ്പ് അനിവാര്യമാണ്. ഇത്തരത്തില്‍ തിയറി, പ്രാക്ടിക്കല്‍, ക്ലിനിക്കല്‍ പരിശീലനം എന്നിവയെല്ലാം ഒരേ സ്ഥാപനത്തിലായിരിക്കണം. ഇത്തരത്തില്‍ ഏതെങ്കിലും ഒരുവിഭാഗത്തിന്റെ പഠനകാലയളവ് ഇന്ത്യയിലായാല്‍പോലും പരിഗണിക്കപ്പെടില്ല. കഴിഞ്ഞ 18 മുതലാണ് നിയമം നിലവില്‍വന്നത്.

Content highlights: foreign medical degree, it cannot be treated in India, should taken within ten years national