കോഴിക്കോട്: ജില്ലയില്‍ ഇടയ്ക്കിടെയുണ്ടാകുന്ന ഭക്ഷ്യവിഷബാധയും ജലജന്യരോഗങ്ങളും തടയാന്‍ 'ഓപ്പറേഷന്‍ വിബ്രിയോ' കര്‍മ്മപദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. മലിനമായ ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന രോഗങ്ങളായ വയറിളക്കം, കോളറ, ഷിഗെല്ല, അമീബിയാസിസ്, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം എന്നിവ പ്രതിരോധിക്കാനും ഇവമൂലമുള്ള രോഗവും മരണവും തടയാനുമാണ് 'ഓപ്പറേഷന്‍ വിബ്രിയോ' പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

2021 ഫെബ്രുവരിമുതല്‍ നവംബര്‍വരെയുള്ള കാലയളവില്‍ രണ്ട് ഷിഗെല്ല ബാധയുള്‍പ്പെടെ 17 ഭക്ഷ്യവിഷബാധയാണ് ജില്ലയില്‍ റിപ്പോര്‍ട്ട്‌ചെയ്തത്. ഇതുമൂലം 257 പേര്‍ക്ക് രോഗബാധയുണ്ടാവുകയും രണ്ടുപേര്‍ മരിക്കുകയും ചെയ്തിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മര്‍ ഫാറൂഖ് അറിയിച്ചു.

കുടുംബച്ചടങ്ങുകള്‍, വിവാഹസത്കാരങ്ങള്‍, ഹോസ്റ്റലുകള്‍, കടകള്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഭക്ഷണത്തില്‍ക്കൂടിയും ഐസ്‌ക്രീം, സിപ്പപ്പ്, ജ്യൂസുകള്‍ മുതലായവവഴിയും രോഗം പിടിപെട്ടിട്ടുണ്ട്. കുടിവെള്ളപരിശോധനയില്‍ ഇ-കോളി, കോളിഫോം, വിബ്രിയോ കോളറ എന്നിവയുടെ സാന്നിധ്യം കണ്ടെത്തി. 'ഓപ്പറേഷന്‍ വിബ്രിയോ'യുടെ ഒന്നാംഘട്ടം 23 മുതല്‍ ഒരാഴ്ചയാണ്.

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍ എന്നിവര്‍ക്ക് ഓരോ വാര്‍ഡിന്റെയും ചുമതലനല്‍കി. ഇവരുടെകീഴില്‍ ആശാ പ്രവര്‍ത്തകര്‍, വാര്‍ഡ് ആര്‍.ആര്‍.ടി. എന്നിവര്‍ വാര്‍ഡിലെ മുഴുവന്‍ കുടിവെള്ളസ്രോതസ്സുകളുടെയും വിവരം ശേഖരിക്കും. മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും. വ്യാപകമായ ബോധവത്കരണം നടത്തും. രണ്ടാംഘട്ടത്തില്‍ ജില്ലയിലെ മുഴുവന്‍ വാര്‍ഡിലും ഓപ്പറേഷന്‍ വിബ്രിയോ പദ്ധതി നടപ്പാക്കും. ഓരോ സാമൂഹിക ആരോഗ്യകേന്ദ്രവും വിശദമായ ആക്ഷന്‍പ്ലാന്‍ തയ്യാറാക്കണമെന്ന് നിര്‍ദേശം നല്‍കിയതായി ഡി.എം.ഒ. അറിയിച്ചു.

ജാഗ്രത വേണം

സാധാരണ വയറിളക്കംമുതല്‍ കോളറവരെയുള്ളവയ്‌ക്കെതിരേ അതിജാഗ്രത പാലിക്കണം. വിബ്രിയോ കോളറ എന്ന ബാക്ടീരിയവഴിയുണ്ടാകുന്ന ഒരിനം വയറിളക്കമാണ് കോളറ. പുതുതായി രോഗബാധയുണ്ടാകുന്ന സ്ഥലങ്ങളില്‍ പ്രായപൂര്‍ത്തിയായവരെയാണ് ഇത് ബാധിക്കുക. മലിനീകരിക്കപ്പെട്ട വെള്ളവും ആഹാരവുംവഴിയാണ് രോഗപ്പകര്‍ച്ച സംഭവിക്കുന്നത്. രോഗാണുക്കള്‍ ശരീരത്തിലെത്തി ഏതാനും മണിക്കൂറുകള്‍മുതല്‍ അഞ്ചുദിവസത്തിനുള്ളില്‍ രോഗം വരാമെന്നും ഡി.എം.ഒ. അറിയിച്ചു.

Content highlights: food poisoning new health programme started in kozhikode district operation vibriyo