തൃശ്ശൂര്‍: ഇന്ത്യന്‍ ഇ-കൊമേഴ്സ് വിപണിയിലെ അതികായന്മാരായ ഫ്‌ളിപ്കാര്‍ട്ടും ഓണ്‍ലൈന്‍ ഫാര്‍മസി രംഗത്തേക്ക്. എട്ടുവര്‍ഷമായി ആരോഗ്യസേവനരംഗത്ത് പ്രവര്‍ത്തിക്കുന്ന കൊല്‍ക്കത്ത ആസ്ഥാനമായ സസ്താസുന്ദര്‍ സ്റ്റാര്‍ട്ടപ്പുമായാണ് ഇവര്‍ കൈകോര്‍ക്കുന്നത്. ഇതിന്റെ ഭാഗമായി സ്റ്റാര്‍ട്ടപ്പിന്റെ ഓഹരികളില്‍ മികച്ച പങ്കും ഫ്‌ളിപ്കാര്‍ട്ട് സ്വന്തമാക്കി. ഫ്‌ളിപ്കാര്‍ട്ട് ഹെല്‍ത്ത് പ്ലസ് എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്. ഇതോടെ ഇന്ത്യയിലെ ഓണ്‍ലൈന്‍ ഫാര്‍മസിയില്‍ വമ്പന്മാരുടെ മത്സരത്തിനാണ് കളമൊരുങ്ങുന്നത്.

ഇ-കൊമേഴ്സ് മേഖലയില്‍ ഫ്‌ളിപ്കാര്‍ട്ടിന്റെ പ്രധാന എതിരാളികളായ ആമസോണ്‍ ഇന്ത്യ കഴിഞ്ഞവര്‍ഷംതന്നെ ഫാര്‍മസി രംഗത്തെത്തിയിരുന്നു. രാജ്യത്തെ മികച്ച ഓണ്‍ലൈന്‍ മെഡിക്കല്‍ സ്റ്റോറുകളിലൊന്നായിരുന്ന നെറ്റ്മെഡ്സിനെ ഏറ്റെടുത്ത റിലയന്‍സ് റീട്ടെയിലും കഴിഞ്ഞവര്‍ഷം ഔഷധരംഗത്ത് സാന്നിധ്യമുറപ്പിച്ചിരുന്നു. കഴിഞ്ഞ ജൂണില്‍ ടാറ്റ ഡിജിറ്റല്‍ വിഭാഗം വണ്‍ എം.ജി.യെന്ന ഫാര്‍മസി തുടങ്ങുകയും ചെയ്തു. ഫ്‌ളിപ്കാര്‍ട്ട് ഹെല്‍ത്ത് പ്ലസ് കൂടി വന്നതോടെ വിപണി പിടിക്കാനുള്ള മത്സരം തീപാറുമെന്നുറപ്പായി.

ഫാര്‍മസികള്‍ തമ്മിലുള്ള മത്സരം വിലകളിലേക്ക് മാറുമ്പോള്‍ അത് ഉപഭോക്താക്കള്‍ക്ക് വലിയ അനുഗ്രഹമായിത്തീരുമെന്നാണ് പ്രതീക്ഷ. എന്നാല്‍, വ്യവസ്ഥാപിതശൈലിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ചില്ലറവില്‍പ്പനശൃംഖലയിലെ ഒട്ടേറെപ്പേരുടെ ജീവിതത്തിന് വലിയ വെല്ലുവിളിയാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഔഷധമൊത്തവിതരണക്കാരുടെ സംഘടന ഇത് ഏറെക്കാലമായി പങ്കുവെക്കുന്നുമുണ്ട്.

ഓണ്‍ലൈന്‍ ഫാര്‍മസി നിയമം പൂര്‍ത്തിയാകാത്തതും വലിയ പ്രശ്നമാണ്. ഈ സാഹചര്യം മുതലെടുത്ത് കടുത്ത നിയന്ത്രണവും നിരോധനവുമുള്ള മരുന്നുകള്‍ ആവശ്യക്കാരിലേക്കെത്തിക്കാന്‍ കുറുക്കുവഴി തേടുന്നവര്‍ ശ്രമിക്കുമെന്ന വസ്തുതയുമുണ്ട്. ഇത് പൊതുജനാരോഗ്യത്തിന് വെല്ലുവിളിയാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Content Highlights: Flipkart forays into healthcare acquires online pharmacy