മറിയം
ചിറ്റില്ലഞ്ചേരി: ‘കോവിഡായതിനാൽ കഴിഞ്ഞകൊല്ലം ഓൺലൈൻ ക്ലാസായിരുന്നു. പഠിക്കാൻ ഒത്തിരി ഇഷ്ടമാണ് അവൾക്ക്. ഒരിക്കൽ പറഞ്ഞാൽ നല്ലഓർമയാണ്. ഈവർഷംമുതൽ സ്കൂളിൽ പോകേണ്ടിവരുമെന്നാണ് അധ്യാപകർ പറയുന്നത്. എങ്ങനെ പോകാനാണ്. പത്തടി പിടിച്ചുനടന്നാൽ അവൾ തളർന്നുവീഴും. മൂത്രപ്പുരയിലേക്ക് ഒറ്റയ്ക്ക് പോകുന്നതും പ്രശ്നമാണ്.
അവൾ എന്നും ചോദിക്കും. സ്കൂളിലേക്ക് പോകേണ്ടതല്ലേ... ചിരിച്ചുകൊണ്ട് ഞാൻ റെഡിയാക്കാമെന്ന് അവളോട് പറയും. അവൾക്കറിയില്ലല്ലോ അതൊന്നും പറ്റൂലാന്ന്’. വാക്കുകൾ മുഴുവനാക്കാതെ നിഷ വിതുമ്പി.
ഓടിക്കളിച്ച് നടക്കേണ്ട പ്രായത്തിൽ സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ.) ബാധിച്ച് ദുരിതമനുഭവിക്കുന്ന അഞ്ചരവയസ്സുകാരി മറിയം ഒരു നാടിന്റെയാകെ വേദനയാണ്. ചിറ്റില്ലഞ്ചേരി കടമ്പിടിയിലെ നിഷയുടെ മകൾ മറിയം ഇത്തവണ ചിറ്റില്ലഞ്ചേരി പി.കെ.എം.എ.യു.പി. സ്കൂളിൽ ഒന്നാംക്ലാസിൽ ചേർന്നു.
കെ.ജി. ക്ലാസിലായിരുന്നപ്പോൾ പഠനം ഓൺലൈനിലൂടെയായിരുന്നു. ബുധനാഴ്ച സ്കൂളിലെത്തി പ്രവേശന നടപടികൾ പൂർത്തിയാക്കിയശേഷം അമ്മയ്ക്കൊപ്പം വീട്ടിലേക്ക് മടങ്ങി.
രണ്ടരവയസ്സുള്ളപ്പോഴാണ് അസുഖം കണ്ടെത്തിയത്. ഇപ്പോൾ ഒറ്റയ്ക്ക് നടക്കാൻപോലും സാധിക്കാത്ത സ്ഥിതിയാണ്. പണമില്ലാത്തതിനാൽ ചികിത്സയുമില്ല. പലജോലിക്കും ശ്രമിച്ച് പരാജയപ്പെട്ടതോടെയാണ് നിഷ പ്രീപ്രൈമറി ടീച്ചർ ട്രെയിനിങ്ങിനു പോയത്. ജോലി കിട്ടിയപ്പോൾ 3,000 രൂപയാണ് മാസശമ്പളം കിട്ടിയത്. ഒടുവിൽ അതുപേക്ഷിച്ച് അഞ്ചുരൂപയുടെ മുഖാവരണം വിറ്റാണ് ഇപ്പോൾ കുടുംബചെലവുകൾ നടത്തുന്നത്. പുറത്തുപോകുമ്പോൾ മുത്തച്ഛന്റെ സംരക്ഷണയിലാണ് മറിയം. ഇദ്ദേഹത്തിന് പ്രമേഹം ബാധിച്ച് കാഴ്ച കുറഞ്ഞിരിക്കുകയാണ്.
കുട്ടിയുടെ വലത്തെ കാലിലെ എല്ല് വളയാൻ തുടങ്ങിയതോടെ ഒരുവർഷംമുമ്പ് ശസ്ത്രക്രിയ നടത്തി പ്ലേറ്റുകൾ വെച്ചുപിടിപ്പിച്ചു. വളവ് മാറിയാൽ കാലിൽ ഘടിപ്പിച്ച പ്ലേറ്റുകൾ മാറ്റുകയും വേണം. അതിനും ഭാരിച്ച തുക ആവശ്യമാണ്. അതുവരെ മറിയത്തിന് കാൽ മടക്കാനുമാവില്ല. ഇപ്പോൾ നട്ടെല്ലിനും വളവ് ബാധിച്ചു തുടങ്ങിയിട്ടുണ്ട്. അധികമായാൽ ശ്വാസകോശം ചുരുങ്ങുമെന്നതിനാൽ എത്രയുംവേഗം ചികിത്സ തുടങ്ങണമെന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്.
അഞ്ചുമാസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് പരിശോധന നടത്തുന്നത്. പണമില്ലാത്തതിനാൽ ചികിത്സ തുടരാനുമായിട്ടില്ല. വർഷങ്ങൾ നീളുന്ന ചികിത്സയ്ക്ക് അഞ്ചുകോടി രൂപയോളം വേണ്ടിവരും.
ചികിത്സയ്ക്ക് തുക കണ്ടെത്തുന്നതിനായി മറിയം എസ്.എം.എ. ചികിത്സാ സഹായ കമ്മിറ്റി രൂപവത്കരിച്ച് നെന്മാറ സൗത്ത് ഇന്ത്യൻ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
അക്കൗണ്ട് നമ്പർ: 0056073000003995. ഐ.എഫ്.സി.കോഡ്: SIBLOOOOO56. യു.പി.ഐ. ഐ.ഡി.: mariasma@sib. ഗൂഗിൾ പേ. 8089707875.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..