കൊച്ചി: അവള്‍ അഞ്ചുവര്‍ഷം മുന്‍പാണു കഞ്ചാവ് ഉപയോഗിച്ചു തുടങ്ങിയത്. ഇപ്പോള്‍ പ്രായം 16. ലഹരി ഉപയോഗം മാത്രമല്ല, കാരിയറുടെ റോളിലും അവളുണ്ട്. അവളിലൂടെ അധികൃതര്‍ എത്തിയത് അതേ പ്രായക്കാരുള്‍പ്പെടുന്ന ആറംഗ സംഘത്തിലേക്കാണ്.

അവളൊരു ഒറ്റപ്പെട്ട കാഴ്ചയല്ലെന്നു കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായൊരു ലഹരി വിമോചന കേന്ദ്രം തുടങ്ങാന്‍ സര്‍ക്കാരിന് പ്രേരണയായത് ഈ കണക്കുകളാണ്. അങ്കമാലി കറുകുറ്റിയിലെ നിര്‍മല്‍ നികേതന്‍ മുക്തിസദന്‍ കഴിഞ്ഞ ഏപ്രിലിലാണ് തുടങ്ങിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു കേന്ദ്രമെന്ന് ജില്ല സാമൂഹ്യനീതി ഓഫീസര്‍ കെ.കെ. സുബൈര്‍ പറഞ്ഞു. സാമൂഹ്യനീതി വകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള ഈ കേന്ദ്രത്തില്‍ നിലവില്‍ ആറുപേര്‍ ചികിത്സയിലുണ്ട്.

ഭൂരിഭാഗവും ലഹരി ഉപയോഗത്തിന്റെ പ്രശ്‌നങ്ങളുമായാണ് ചികിത്സ തേടിയെത്തുന്നത്. മൊബൈലിന്റെ അമിത ഉപയോഗമുണ്ടാക്കിയ പെരുമാറ്റ വൈകല്യവുമായി ഒരു പ്ലസ് വണ്‍ വിദ്യാര്‍ഥിനിയും നിര്‍മല്‍ നികേതനിലെത്തി. ഫോണിനെ ചുറ്റിപ്പറ്റിയാണ് അവളുടെ ജീവിതം. ഉറക്കത്തെയും പെരുമാറ്റത്തെയുമെല്ലാം ഇത് ബാധിച്ചു തുടങ്ങിയതോടെയാണു വീട്ടുകാര്‍ ചികിത്സയ്ക്കായി കൊണ്ടുവന്നതെന്ന് നിര്‍മല്‍ നികേതന്‍ ഡയറക്ടര്‍ ഫാ. ജോസഫ് പാറേക്കാട്ടില്‍ പറഞ്ഞു.

മദ്യവും മയക്കുമരുന്നും ഉള്‍പ്പെടെയുള്ള ലഹരികളില്‍ നിന്നുള്ള രക്ഷയാണു നിര്‍മല്‍ നികേതന്‍ ലക്ഷ്യമിടുന്നത്. 10 വയസ്സിനു മുകളിലുള്ളവര്‍ക്കാണ് പ്രവേശനം. ലഹരി ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് കെ.കെ. സുബൈര്‍ ചൂണ്ടിക്കാട്ടി. രാജ്യത്ത് 1.6 ശതമാനം സ്ത്രീകള്‍ ലഹരി ഉപയോഗിക്കുന്നതായാണ് കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ കണക്ക്. കേരളത്തിലും കണക്കുകള്‍ വര്‍ധിക്കുകയാണ്.

കരുതല്‍ ഇങ്ങനെ

മരുന്നിനൊപ്പം യോഗയും പാട്ടും നൃത്തവുമെല്ലാം ഒരുമിക്കുന്നുണ്ട് ചികിത്സയില്‍. 30 ദിവസം മുതല്‍ 90 ദിവസം വരെയാണ് ചികിത്സ. പീഡിയാട്രീഷ്യന്‍ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരുടെ സേവനവുമുണ്ട്. ചികിത്സയ്ക്കു ശേഷം വീട്ടിലേക്ക് മടങ്ങിപ്പോകുന്നവരുടെ സാഹചര്യങ്ങളും തുടര്‍ച്ചയായി വിലയിരുത്താറുണ്ട്.

Content Highlights: First women de addiction center opens in Ernakulam karukutty