ജീന്‍ എഡിറ്റിങ് സങ്കേതം വഴി പരിഷ്‌ക്കരിച്ച ഡിഎന്‍എയുമായി ലോകത്താദ്യമായി ഇരട്ടപെണ്‍കുട്ടികള്‍ പിറന്നതായി അവകാശവാദം.  ചൈനീസ് ഗവേഷകന്‍ ഹി ജിയാന്‍ക്വായി ആണ് ഈ അവകാശവാദം ഉന്നയിച്ചത്. 

ജീന്‍ എഡിറ്റിങ് മേഖലയില്‍ വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന 'ക്രിസ്‌പെര്‍-കാസ് 9' (CRISPR-cas9) വിദ്യ ഉപയോഗിച്ചാണ് ജിയാന്‍ക്വായി ജീന്‍ എഡിറ്റിങ് നടത്തിയത്. ഡിഎന്‍എ യില്‍ നിന്ന് നിശ്ചിതഭാഗങ്ങള്‍ മുറിച്ചുമാറ്റാനും കൂട്ടിച്ചേര്‍ക്കാനും ഈ എഡിറ്റിങ് വിദ്യ സഹായിക്കുന്നു.

ഏഴു ദമ്പതിമാരില്‍ നിന്നുള്ള ഭ്രൂണകോശങ്ങള്‍ എഡിറ്റിങ് വഴി താന്‍ പരിഷ്‌ക്കരിച്ചെങ്കിലും, ഒരെണ്ണം മാത്രമാണ് ഫലംകണ്ടതെന്ന് ജിയാന്‍ക്വായി അറിയിക്കുന്നു. ഏതെങ്കിലും പാരമ്പര്യരോഗം തടയാനും ഭേദമാക്കാനോ അല്ല താനിത് ചെയ്തത്. എയിഡ്‌സ് വൈറസായ എച്ച്‌ഐവി ഭാവിയില്‍ ബാധിക്കാതിരിക്കാന്‍ പാകത്തിലുള്ള പരിഷ്‌ക്കരണമാണ് ജനിതകമായി നടത്തിയതെന്ന് അദ്ദേഹം അറിയിക്കുന്നു.

എന്നാല്‍, ഈ മുന്നേറ്റത്തെപ്പറ്റി ജിയാന്‍കുയി പ്രബന്ധങ്ങളൊന്നും ശാസ്ത്രജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടില്ല. ഇതുസംബന്ധിച്ച് എന്തെങ്കിലും ഔദ്യോഗിക പ്രഖ്യാപനവും വന്നിട്ടില്ല. 

ഷേന്‍ഷനിലെ സതേണ്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലാണ് ജിയാന്‍ക്വായി പ്രവര്‍ത്തിക്കുന്ന്. അവിടെ രണ്ട് ജനറ്റിക് കമ്പനികള്‍ ജിയാന്‍ക്വായിക്കുണ്ട്.

 

image
ഹി ജിയാന്‍ക്വായി

 

എച്ച്‌ഐവി ബാധ ചൈനയില്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ് താന്‍ ഇത്തരമൊരു പരീക്ഷണത്തിന് മുതിര്‍ന്നതെന്ന് ജിയാന്‍ക്വായി പറയുന്നു. സ്വാഭാവികമായി പകര്‍ന്ന എച്ച്‌ഐവി ചെറുക്കുകയോ അതില്‍ നിന്ന് രക്ഷപ്പെടുകയോ അല്ല ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നതെന്നും, മാതാപിതാക്കളില്‍ നിന്ന് കുഞ്ഞുങ്ങളിലേക്ക് പകരുന്ന എച്ച്‌ഐവി അണുബാധയില്‍ നിന്ന് പുതിയ തലമുറയെ രക്ഷിക്കുകയാണ്  താന്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. 

തിങ്കളാഴ്ച ഹോങ്കോങില്‍ നടന്ന കോണ്‍ഫറന്‍സിലാണ് എഡിറ്റുചെയ്ത ജീനുകളോടെ ലോകത്ത് ആദ്യമായി ഇരട്ട പെണ്‍കുട്ടികള്‍ പിറന്നു എന്ന വെളിപ്പെടുത്തല്‍ ഉണ്ടായത്. 

അമേരിക്കയില്‍ ഈ ജീന്‍ എഡിറ്റിങ് മനുഷ്യരില്‍ ഉപയോഗിക്കാന്‍ അനുമതിയില്ല. പരീക്ഷണവുമായി ബന്ധപ്പെട്ട വാദങ്ങള്‍ ശരിയാണെങ്കില്‍, ഇത് ശാസ്ത്രത്തിന്റെ ധാര്‍മികതയ്ക്ക് നിരക്കുന്നതാണോ എന്നു പരിശോധിക്കണമെന്ന് ഗവേഷകര്‍ പറയുന്നു. മനുഷ്യരില്‍ നടത്തുന്ന ഇത്തരം പരീക്ഷണങ്ങള്‍ അധാര്‍മികമാണെന്ന് പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയിലെ ജനിതകവിദഗ്ധനും 'ജനറ്റിക്സ് ജേണല്‍' എഡിറ്ററുമായ ഡോ. കിരന്‍ മസ്നൂരു പറഞ്ഞു.

Content Highlights: First gene-edited babies claimed in China, AIDS, HIV, CRISPR-cas9