സൂപ്പിക്കട ഇന്ന് ശാന്തമാണ്. ഒരുവര്‍ഷംമുമ്പ് മേയില്‍ അപ്രതീക്ഷിതമായി എത്തിയ നിപ രോഗത്തിനുമുമ്പില്‍ വിറങ്ങലിച്ചുനിന്ന നാടാണിത്. രോഗഭീതിയില്‍ ആളുകളൊഴിഞ്ഞ് നിശ്ചലമായ നാളുകള്‍. രോഗത്തിന്റെ പ്രഭവകേന്ദ്രം സൂപ്പിക്കടയില്‍നിന്നെന്ന പ്രാഥമികനിഗമനവും പിന്നാലെയെത്തി. പക്ഷേ, ഒറ്റമനസ്സോടെ നാട് ആ വിപത്തിനെ നേരിട്ടപ്പോള്‍ ആശങ്ക നീങ്ങി.

നിപ രോഗമെന്ന് സംശയിക്കുന്ന സംസ്ഥാനത്തെ ആദ്യ മരണം മേയ് അഞ്ചിന് ചങ്ങരോത്ത് പഞ്ചായത്തിലെ വളച്ചുകെട്ടി സാബിത്തിന്റേതായിരുന്നു. പിന്നാല 18-ന് സഹോദരന്‍ മുഹമ്മദ് സാലിഹും വിടപറഞ്ഞു. അപ്പോഴാണ് നിപ വൈറസാണ് രോഗകാരണമെന്ന് ലോകമറിയുന്നത്. അതിനടുത്ത ദിവസം സാലിഹിന്റെ വാപ്പയുടെ സഹോദരന്റെ ഭാര്യ മറിയവും(50) മരിച്ചു. എല്ലാ പ്രാര്‍ഥനകളെയും വിഫലമാക്കി 24-ന് സാബിത്തിന്റെ വാപ്പ മൂസ മുസ്ല്യാരും (62) കോഴിക്കോട്ടെ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങി. സാബിത്തിനെ പരിചരിക്കവേ രോഗം പകര്‍ന്ന പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ചെമ്പനോടയിലെ ലിനിയുടെ ജീവനും നിപയില്‍ പൊലിഞ്ഞു. ആകെ 16 പേര്‍.

ഉറ്റവരുടെ മൃതദേഹംപോലും അവസാനമായി കാണാനാകാതെ മറിയവും ഇളയ മകന്‍ മുത്തലിബും കുടുംബത്തില്‍ തനിച്ചായ സമയം. പന്തിരിക്കരയ്ക്കുസമീപം ആവടുക്കയിലെ ബന്ധുവീട്ടിലേക്ക് തത്കാലത്തേക്ക് താമസംമാറിയ അവര്‍ ദുരന്തവാര്‍ത്ത ഒന്നൊന്നായി കേട്ടു. ഒരുവര്‍ഷം പിന്നിടുമ്പോള്‍ സൂപ്പിക്കടയ്ക്ക് അല്‍പമകലെ മദ്രസ സ്റ്റോപ്പിന് സമീപം കുയ്യണ്ടം പുത്തനിടത്തില്‍ പുതുതായി വാങ്ങിച്ച വീട്ടിലാണ് മറിയവും മുത്തലിബും. മറിയത്തിന്റെ ഉമ്മ ഫാത്തിമയുമുണ്ട് കൂടെ. നാലുമക്കളായിരുന്നു മറിയത്തിന്. ഒരു മകന്‍ മുഹമ്മദ് സാലി 2013-ല്‍ വാഹനാപകടത്തില്‍ മരിച്ചു.

''പുതിയ വീട്ടില്‍ ഒരുദിവസംപോലും താമസിക്കാനാകാതെയാണ് മക്കള്‍ പോയത്. എല്ലാവരെയും അടുത്തുനിന്ന് പരിചരിച്ചതാണ് ഞാന്‍. എന്നെ മാത്രം രോഗം തൊട്ടില്ല...'' -മറിയത്തിന്റെ വാക്കുകള്‍ ഇടറി. പുതിയ വീടിന്റെ പണി പൂര്‍ണമായിട്ടില്ല. അത്യാവശ്യകാര്യങ്ങള്‍ തീര്‍ത്ത് കഴിഞ്ഞവര്‍ഷം നോമ്പ് കഴിഞ്ഞ് ഇങ്ങോട്ടേക്ക് മാറിയതാണ്. ഇടയ്ക്ക് ഇവിടെയും ബന്ധുവീട്ടിലുമൊക്കെയായി താമസം.

 

sabith house
ആള്‍ താമസമില്ലാതെ അടച്ചിട്ട സാബിത്തിന്റെ സൂപ്പിക്കടയിലെ വീട്‌

പ്രതീക്ഷകളും പ്രാര്‍ഥനകളും വെറുതെയായി, ഇനി ആ കുടുംബത്തില്‍ ഉമ്മയും മകനും മാത്രം

മുത്തലിബ് പേരാമ്പ്ര ജബലന്നൂര്‍ കോളേജില്‍ ബി.എ. രണ്ടാംവര്‍ഷ വിദ്യാര്‍ഥിയാണ്. മൂസയുടെയും സാലിഹിന്റെയും മരണത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം ഇവര്‍ക്ക് ലഭിച്ചു. എന്നാല്‍ നിപ ബാധിതരുടെ പട്ടികയില്‍ ഇല്ലാതിരുന്നതിനാല്‍ സാബിത്തിന്റെ സഹായധനം എപ്പോള്‍ കിട്ടുമെന്ന് അറിയില്ല. കളക്ടറേറ്റില്‍ അപേക്ഷ നല്‍കിയപ്പോള്‍ ഡി.എം.ഒ.യുടെ കത്ത് എത്തിക്കാന്‍ പറഞ്ഞിരുന്നു. അത് നല്‍കിയിട്ടും മറുപടി കിട്ടിയില്ല. തനിക്കൊരു ജോലിയെന്ന സ്വപ്നവും സഫലമായില്ല. തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാന്‍ ഒരിക്കല്‍ പോയെങ്കിലും തീരുമാനമൊന്നുമായില്ലെന്ന് മുത്തലിബ് പറഞ്ഞു.

ജാഗ്രതയോടെ ആരോഗ്യവകുപ്പ്

ഒരുവര്‍ഷം പിന്നിടുമ്പോള്‍ ആരോഗ്യ വകുപ്പ് എല്ലായിടത്തും ജാഗ്രതയോടെയുണ്ട്. വവ്വാലുകളില്‍ തുടര്‍പരിശോധനയ്ക്കായി ഇടയ്ക്കിടെ വിദഗ്ധസംഘം സ്ഥലത്തെത്തുന്നുമുണ്ട്.

നിപ; പേടിസ്വപ്‌നത്തിന് ഇന്ന് ഒരു വയസ്സ്‌

Content Highlights: nipah virus outbreak one year one year-losing the first lives, Nipah First Death, Sabith Nipah Death