ആലപ്പുഴ: കോവിഡ് ബാധിച്ചുമരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തിനു സംസ്ഥാനത്ത് വെള്ളിയാഴ്ചവരെ ലഭിച്ച അപേക്ഷകള്‍ 7,632 എണ്ണംമാത്രം. 40,855 പേരാണ് ആരോഗ്യവകുപ്പിന്റെ പുതിയ കണക്കുപ്രകാരം കോവിഡ് ബാധിച്ചുമരിച്ചത്. കോവിഡ് മരണസര്‍ട്ടിഫിക്കറ്റുകളും അനുബന്ധരേഖകളും ലഭിക്കാനുള്ള കാലതാമസമാണ് അപേക്ഷകരുടെ എണ്ണംകുറയാന്‍ കാരണമെന്നു പറയപ്പെടുന്നു. കോവിഡ് ബാധിച്ചുമരിച്ച് മാസങ്ങള്‍ കഴിഞ്ഞാണ് ആശ്രിതര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത്. ആദ്യഘട്ടത്തില്‍ കോവിഡ് മരണപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ സര്‍ട്ടിഫിക്കറ്റുപോലും ഇനിയും നല്‍കാനുണ്ട്. പട്ടികയില്‍ ഉള്‍പ്പെടാതെപോയവരുടെ കുടുംബാംഗങ്ങള്‍ നല്‍കുന്ന അപ്പീല്‍അപേക്ഷകളില്‍ ജില്ലാതലങ്ങളില്‍ തീരുമാനം വൈകുന്നതും തിരിച്ചടിയാണ്.

നഷ്ടപരിഹാരത്തിന് അപേക്ഷിക്കുമ്പോള്‍ കോവിഡ് മരണസര്‍ട്ടിഫിക്കറ്റ് കൂടാതെ തദ്ദേശസ്ഥാപനത്തില്‍നിന്നുള്ള മരണസര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ്, മരിച്ചയാളുമായി അവകാശിക്കുള്ള ബന്ധംതെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, അവകാശിയുടെ ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് തുടങ്ങിയവയും സമര്‍പ്പിക്കണം.

അപേക്ഷസമര്‍പ്പിക്കേണ്ടത് എങ്ങനെയാണെന്നറിയാത്തവരുമുണ്ട്. ഇത്തരക്കാര്‍ക്ക് അവബോധം നല്‍കാനുള്ള പ്രചാരണപരിപാടികളും നടത്തിയിട്ടില്ല. കോവിഡ് ബാധിച്ചുമരിച്ചവരുടെ കുടുംബത്തിന് 50,000 രൂപവീതമാണു നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ഇതുവരെ 466 നഷ്ടപരിഹാര അപേക്ഷകളാണ് അംഗീകരിച്ചിട്ടുള്ളത്.

കോവിഡ് ബാധിച്ചുമരിച്ച ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള(ബി.പി.എല്‍.) കുടുംബങ്ങള്‍ക്കു പ്രതിമാസം 5,000 രൂപ സഹായംനല്‍കുന്ന പദ്ധതിയിലേക്കും അപേക്ഷിക്കാം. ഇതുപ്രകാരം 2,275 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ 14 എണ്ണത്തിന് അംഗീകാരം നല്‍കി. ബാക്കിയുള്ളവ പരിഗണനയിലാണ്. മൂന്നുവര്‍ഷത്തേക്കാണു സഹായം. ബാങ്ക് അക്കൗണ്ടുകളിലേക്കാണ് സഹായമെത്തുന്നത്.

അപേക്ഷ റവന്യൂവകുപ്പ് ഓണ്‍ലൈന്‍ വഴി

റവന്യൂവകുപ്പിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ https://lrd.kerala.gov.in/ വഴിയാണ് നഷ്ടപരിഹാരത്തിന് അപേക്ഷിക്കേണ്ടത്. കോവിഡ്- 19 എന്നലിങ്കില്‍ കയറി സബ്മിറ്റ് യുവര്‍ ക്ലെയിം വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ബന്ധപ്പെട്ട രേഖകളും അപ്ലോഡ് ചെയ്യണം. ഓണ്‍ലൈനിലൂടെ നേരിട്ടും അക്ഷയകേന്ദ്രങ്ങള്‍ വഴിയും അപേക്ഷിക്കാം.

Content Highlights: Fewer applications for compensation for Covid19 deaths