Representative Image | Photo: Gettyimages.in
കോഴിക്കോട്: പനി പടരുമ്പോൾ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ മരുന്നുക്ഷാമം രൂക്ഷം. പാരസെറ്റാമോൾ, അമോക്സിലിൻ സിറപ്പുകൾ, കുട്ടികൾക്കുള്ള ചുമയുടെ മരുന്ന് ഉൾപ്പെടെയുള്ളവ കിട്ടാനില്ല. കൊളസ്ട്രോൾ, പ്രമേഹം എന്നിവയുടെ മരുന്നുകൾക്കും കടുത്ത ക്ഷാമമുണ്ട്.
കുട്ടികൾക്കുള്ള സിറപ്പുകൾക്ക് ക്ഷാമംതുടങ്ങിയിട്ട് രണ്ടുമാസത്തോളമായി. എന്നിട്ടും പരിഹാരം കാണാനായിട്ടില്ല. പുറത്തുള്ള മെഡിക്കൽഷോപ്പുകളിലേക്ക് മരുന്നിന് കുറിപ്പുകൊടുമ്പോൾ ആളുകൾ ബഹളമുണ്ടാക്കുന്നുണ്ടെങ്കിലും തങ്ങൾക്ക് ഒന്നുംചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്ന് ആശുപത്രിജീവനക്കാർ പറയുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലും മരുന്നുസ്റ്റോക്ക് തീർന്നിരുന്നു.
മെഡിക്കൽ കോളേജ് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിൽ ആശുപത്രി വികസനസമിതിയുടെ ഫണ്ടുപയോഗിച്ച് മരുന്നുവാങ്ങിയാണ് പ്രതിസന്ധി പരിഹരിച്ചത്. ചിലയിടങ്ങളിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഫണ്ടും ഉപയോഗപ്പെടുത്തി. മരുന്ന് സ്റ്റോക്കുള്ള ആശുപത്രികൾതേടി അലയേണ്ട അവസ്ഥയുണ്ടായെന്നും ആരോഗ്യപ്രവർത്തകർ പറയുന്നു. ഈ വർഷത്തേക്കുവേണ്ട മരുന്നുകളുടെ കണക്ക് മാർച്ചിന് മുൻപുതന്നെ നൽകിയതാണ്. കെ.എം.സി.എല്ലിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് ക്ഷാമത്തിന് കാരണമായി ആരോഗ്യപ്രവർത്തകർ പറയുന്നത്.
തെരുവുനായശല്യം കൂടിയിട്ടും പേപ്പട്ടിവിഷബാധക്കെതിരായ കുത്തിവെപ്പിനുള്ള മരുന്നും ജില്ലയിൽ മെഡിക്കൽകോളേജ് ഉൾപ്പെടെ രണ്ട് ആശുപത്രികളിൽ മാത്രമാണുണ്ടായിരുന്നത്. മറ്റിടങ്ങളിൽ മരുന്നില്ലാത്തതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരുദിവസംതന്നെ 120 പേർക്കുള്ള കുത്തിവെപ്പിനുള്ള മരുന്ന് ചെലവായിരുന്നു. ആദ്യമായിട്ടാണ് ഈ അവസ്ഥയുണ്ടാവുന്നത്.
കഴിഞ്ഞദിവസമാണ് താലൂക്കാശുപത്രികളിൽ മരുന്നെത്തിയത്. അതും ആവശ്യത്തിനുള്ള അത്രയില്ലെന്ന് ജീവനക്കാർ പറയുന്നു. ടെറ്റനസിനെതിരായ കുത്തിവെപ്പിനുള്ള മരുന്ന് രണ്ടുദിവസംമുൻപാണ് ആശുപത്രികളിൽ എത്തിത്തുടങ്ങിയത്. അതും ചെറിയതോതിലേയുള്ളൂ
Content Highlights: fever spreading, shortage of medicine
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..