Representative Image | Photo: AP
തിരുവനന്തപുരം: കോവിഡിനൊപ്പം സംസ്ഥാനത്ത് പനിയും വ്യാപിക്കുന്നു. കഴിഞ്ഞ രണ്ടുദിവസവും സംസ്ഥാനത്ത് പനിബാധിച്ച് ആശുപത്രിയിലെത്തിയവരുടെ എണ്ണം പതിനാറായിരത്തിനു മുകളിലായിരുന്നു. ചൊവ്വാഴ്ച 17,006 പേർ ചികിത്സതേടി. ആശുപത്രിയിൽ ചികിത്സതേടാത്തവർ ഇതിന്റെ ഇരട്ടിയിലധികമായിരിക്കുമെന്നാണ് കണക്കാക്കുന്നത്.
പനിബാധിതർ ചികിത്സതേടാൻ മടിക്കുന്നതാണ് ഇപ്പോഴത്തെ വെല്ലുവിളിയെന്നും മിക്കവരും സ്വയംചികിത്സ നടത്തുകയാണെന്നും ആരോഗ്യപ്രവർത്തകർ പറയുന്നു. സ്കൂൾ വിദ്യാർഥികൾക്കിടയിലും പനി പടരുന്നുണ്ട്. ഇക്കൊല്ലം ഇതിനോടകം പനിബാധിതരുടെ എണ്ണം 12,37,887 ആയി. ഈ മാസം മാത്രം 3,18,919 പേർക്ക്. കഴിഞ്ഞവർഷം ജൂണിൽ ഇത് 90,428 ആയിരുന്നു.
ഇടവിട്ട മഴമൂലം കൊതുക് പെരുകുന്നതാണ് പനിബാധിതരുടെ എണ്ണമുയരാൻ കാരണമെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്. കോവിഡ് ബാധിതരുടെ എണ്ണവും സംസ്ഥാനത്ത് ഉയരുന്നുണ്ട്. ചൊവ്വാഴ്ച 4459 പേർക്ക് രോഗം സ്ഥിരീകരിച്ചു.
പനി പലവിധം
കോവിഡ്
പനി, തൊണ്ടവേദന, ശരീരവേദന, ക്ഷീണം, ചുമ, ശ്വാസംമുട്ടല്‍.
വൈറല്‍ പനി
തൊണ്ടവേദനയോടു കൂടിയ ശക്തമായ പനി. മൂന്നുദിവസംവരെ പനി ഉണ്ടാകാം. ഒപ്പം ശക്തമായ തലവേദന, മൂക്കടപ്പ്, ക്ഷീണം, ചുമ.
ഡെങ്കിപ്പനി
ശരീരവേദന, സന്ധിവേദന, ക്ഷീണം, വിറയല്‍, ശക്തമായ തലവേദന
എലിപ്പനി
ശക്തമായ വിറയല്‍, പനി, തളര്‍ച്ച, കുളിര്, ശരീരവേദന, ഛര്‍ദി, മനംപുരട്ടല്‍, കണ്ണിന് ചുവപ്പ്, വെളിച്ചത്ത് നോക്കാന്‍ പ്രയാസം, കണങ്കാലില്‍ വേദന
എച്ച്1എന്‍1
പനി, ശരീരവേദന, ഛര്‍ദി, തൊണ്ടവേദന, വിറയല്‍, ക്ഷീണം
മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും കോവിഡില്‍നിന്നു മാത്രമല്ല, വൈറല്‍ പനിയുള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികളില്‍നിന്നും രക്ഷനേടാന്‍ ഉപകരിക്കും. പനി ഉണ്ടെന്നുതോന്നിയാല്‍ ഡോക്ടറുടെ സഹായം തേടണം.
വ്യക്തി ശുചിത്വം പാലിക്കുന്നതും പ്രധാനം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കണം. കൊതുകു കടിയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
Content Highlights: fever spreading fast mosquito spread diseases
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..