മഴക്കാലമാവുകയും സ്‌കൂള്‍ തുറക്കുകയും ചെയ്തതോടെ വിവിധയിനം പനികളുടെ ഭീഷണിയിലാണ് നമ്മുടെ കുട്ടികള്‍. ഒരു വീട്ടില്‍ ഒരാളെങ്കിലും പനിപിടിക്കാതെയില്ല എന്ന അവസ്ഥയിലേക്കെത്തിയിരിക്കുന്നു. പല പനിയും അത്ര ഭീതിയുണ്ടാക്കുന്നതല്ലെങ്കിലും ഡെങ്കിപോലുള്ള പനികളാണ് ജീവന് പോലും ഭീഷണിയായിരിക്കുന്നത. ഇതാവട്ടെ ഭൂരഭാഗവും കീഴ്പ്പെടുത്തുന്നത് കുട്ടികളെയുമാണ്. 

ചെറിയ പനിയാണെങ്കില്‍ പോലും ഉടന്‍ വൈദ്യ സഹായം തേടുകയും പൂര്‍ണ വിശ്രമം അനുവദിക്കുകയുമാണ് അസുഖം കൂടുതല്‍ രൂക്ഷമാകാതിരിക്കാനുള്ള ഏക മാര്‍ഗം. പനിയോടൊപ്പം ചര്‍മത്തില്‍ ചുവന്ന് തടിച്ച പാടുകളുണ്ടാവുക, അപസ്മാര ലക്ഷണങ്ങള്‍, പ്ലേറ്റ്ലറ്റുകളുടെ എണ്ണത്തില്‍ ഉണ്ടാകന്ന കുറവ് എന്നിവയൊക്കെ ഡെങ്കിപ്പനിയുടെ ലക്ഷണമാണ്. വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വരിക, ഉദര രക്തസ്രാവം, വയറുവേദന, ചര്‍ദി, രക്തസമ്മര്‍ദം ഗണ്യമായി കുറയുക എന്നിവയും ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ തന്നെ. 

നേരത്തെ ഡെങ്കി വന്നതാണ് എന്നത് കൊണ്ട് പനിയെ നിസാരമായി കാണരുതെന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തരാക്കര്‍ക്ക് മറ്റൊരു വിഭാഗത്തില്‍ പെട്ട വൈറസ് ബാധയുണ്ടായാല്‍ അതി ഗരുതരരമായ പ്രതിപ്രവര്‍ത്തനങ്ങള്‍ ഉണ്ടായെന്നും വരും. ജലദോഷ പനിയാണ് പ്രധാനമായും കുട്ടികളില്‍ കാണപ്പെടുന്നത്. ഇത് അത്ര പ്രശ്നക്കാരനല്ലെങ്കിലും മൂന്ന് ദിവസത്തില്‍ കൂടുതല്‍ പനി നീണ്ട് നില്‍ക്കുകയാണെങ്കില്‍ വിദഗ്ധ ചികിത്സ തന്നെ ആവശ്യമായി വരും. 

ശ്രദ്ധിച്ചാല്‍ ദു:ഖിക്കേണ്ട

കുട്ടികള്‍ക്ക് പനി വന്നാല്‍ വിശ്രമം തന്നെയാണ് മരുന്നുകള്‍ക്കൊപ്പമുള്ള പ്രധാന പ്രതിരോധ മാര്‍ഗം. സ്‌കൂളില്‍ പോകുമ്പോള്‍ കുട്ടികള്‍ ഓടിക്കളിക്കാനും മറ്റും ഇടയുള്ളത് കൊണ്ട് പനി രൂക്ഷമാവാന്‍ കാരണമാകും. പനി ഉള്ളപ്പോള്‍ ബൈക്കറി സാധനങ്ങളും ജങ്ക് ഫുഡുകളും കുട്ടികള്‍ക്ക് നല്‍കരുതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കുട്ടികളുടെ വ്യക്തിത്വശുചിത്വം പാലിക്കാനും ശ്രദ്ധിക്കണം. ഇടയ്ക്കിടെ കൈകള്‍ സോപ്പിട്ട് കഴുകി വൃത്തിയാക്കണം. തുമ്മുമ്പോഴും ചുയ്ക്കുമ്പോഴും കര്‍ച്ചീഫ് കൊണ്ട് മൂക്കും വായും പൊത്താനും പടിപ്പിക്കേണ്ടതുണ്ട്. 

1. പനിയുണ്ടെങ്കില്‍ ഒരു കാരണവശാലും തണുപ്പേല്‍ക്കാതെ നോക്കണം. തണുത്ത പാനീയങ്ങള്‍ നല്‍കുക, പഴച്ചാറുകള്‍ നല്‍കുക എന്നിവ അരുത്. കാരണം കേവലം ശരീര താപനിലയെ കുറയ്ക്കാന്‍ ചെയ്യുന്ന ഇത്തരം അബദ്ധങ്ങള്‍  കൂടുതല്‍ താറുമാറാക്കി പിന്നീട് മാരകമായ അവസ്ഥകളിലേക്കെത്തിക്കാം.

2. കുഞ്ഞിനു വിശുപ്പുവന്നു തുടങ്ങുമ്പോള്‍ അല്‍പാല്‍പമായി ചെറുചൂടോടെ പൊടിയരി, ഗോതമ്പ്, റവ തുടങ്ങിയവയിട്ടു തയ്യാറാക്കുന്ന കഞ്ഞി സ്വല്പം ഉപ്പും, പഞ്ചസാരയിട്ടും നല്കാം. എന്നാല്‍ ഏത്തപ്പഴം, പുളിയുള്ളതും അല്ലാത്തതുമായ പഴങ്ങള്‍, കുറുക്കുകള്‍ തുടങ്ങിയവ നല്‍കരുത്. ഇവ ദഹനത്തെ പ്രയാസപ്പെടുത്തുകയും പനിയേയും മറ്റും കൂട്ടുന്നതിനും കാരണമാകും. ദഹിക്കാനെളുപ്പമുള്ള, ജലാംശം അധികമുള്ള ധാന്യസമ്പുഷ്ടമായ ആഹാരം ചൂടോടെ വിശപ്പിനനുസരിച്ച് നല്‍കാവുന്നതാണ്.

3. പനിയുണ്ടെങ്കില്‍ കുട്ടികളെ കുളിപ്പിക്കുകയോ, തണുത്ത വെള്ളം കോരിയൊഴിക്കുകയോ ചെയ്യുന്നതും ശരിയല്ല. പനിയെയല്ല, പനിയുടെ കാരണത്തെയാണ് ഉന്മൂലനം ചെയ്യേണ്ടതെന്നോര്‍ക്കുക. പനിയില്ലെങ്കിലും, കുട്ടി ഉന്മേഷവാനാണെങ്കിലും കുട്ടിയുടെ ശരീരം ചെറുചൂടുവെള്ളത്തില്‍ മുക്കി തുടക്കുകയോ കഴുകുകയോ ആവാം.

4. മുലപ്പാല്‍ കുടിക്കുന്ന രോഗികളായ കുഞ്ഞുങ്ങളുടെ അമ്മമാര്‍ ഈ അവസ്ഥയില്‍ നിഷ്‌കര്‍ഷിച്ചു ചെയ്യേണ്ട ഔഷധങ്ങളും ജീവിതചര്യയുമുണ്ട്. തീര്‍ച്ചയായും ഉടനടി വൈദ്യ നിര്‍ദേശം സ്വീകരിക്കേണ്ടതുണ്ട്.

5. കുട്ടിയുടെ ശുചിത്വകാര്യങ്ങളില്‍ ഏറെ ശ്രദ്ധ ചെലുത്തേണ്ടതാണ്. ഒപ്പം പരിസരശുചിത്വം ഉറപ്പാക്കണം.

6. രോഗശമനത്തിനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും വിശ്രമവും ഏറെ പ്രയോജനം ചെയ്യും.