ന്യൂഡല്‍ഹി: പലപ്പോഴും സമൂഹത്താല്‍ ഒറ്റപ്പെടുത്തപ്പെടുന്നവരാണ് ഓട്ടിസം ബാധിച്ച കുട്ടികളും അവരുടെ രക്ഷകര്‍ത്താക്കളും. എന്നാല്‍ സമൂഹം ഒറ്റപ്പെടുത്തുമ്പോഴും രക്ഷകര്‍ത്താക്കള്‍ക്ക് മാത്രമായി ചെയ്യാന്‍ സാധിക്കുന്ന ചിലതുണ്ട്. അത്തരത്തില്‍ ഓട്ടിസം ബാധിച്ച തന്റെ മകള്‍ക്കായി അച്ഛന്‍ നല്‍കിയ റിപ്പോര്‍ട്ട് കാര്‍ഡും പിന്നീട് മകള്‍ അച്ഛനായി നല്‍കിയ റിപ്പോര്‍ട്ട് കാര്‍ഡുമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ കയ്യടി നേടുന്നത്.

ഓട്ടിസം സ്‌പെക്ട്രം ഡിസോഡര്‍ ബാധിതയായ സോഫിയ ജാക്‌സന്റെ റിപ്പോര്‍ട്ട് കാര്‍ഡില്‍ എല്ലാ വിഷയങ്ങള്‍ക്കും ലഭിച്ചത് ഡി ഗ്രേഡായിരുന്നു. കൂടെയുള്ളവര്‍ തന്നെ ഒറ്റപ്പെടുത്തുന്നതായി പരാതി പറഞ്ഞ് ഏറെ ദു:ഖിച്ചിരുന്ന അവള്‍ക്കായി പിതാവ് ഷെയിന്‍ ജാക്‌സന്‍ കണ്ടുപിടിച്ച മാര്‍ഗ്ഗം വ്യത്യസ്തമായിരുന്നു. അച്ഛന്‍ തന്നെ മകള്‍ക്കായി വ്യത്യസ്തമായൊരു റിപ്പോര്‍ട്ട് കാര്‍ഡ് തയാറാക്കി. ബെസ്റ്റ് ഡോട്ടര്‍ എവര്‍ കോളത്തിന് നേര്‍ക്ക് എ പ്ലസ് ഗ്രേഡ് നല്‍കിയാണ് അച്ഛന്‍ മകളുടെ കണ്ണീരൊപ്പിയത്. തുടര്‍ന്ന് മകള്‍ക്കുളള അച്ഛന്റെ റിപ്പോര്‍ട്ട് കാര്‍ഡ് എന്ന തലക്കെട്ടില്‍ ഷെയിന്‍ ജാക്‌സന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് കാര്‍ഡ് ട്വിറ്ററില്‍ ഷെയര്‍ ചെയ്യുകയുമായിരുന്നു. മണിക്കൂറുകള്‍ക്കം തന്നെ ട്വീറ്റിന് ലഭിച്ചത് 57,000 ലൈക്കുകളും 10,000 ല്‍ അധികം റീ ട്വീറ്റുകളുമാണ്.

അച്ഛന്റെ ട്വീറ്റ് വൈറലായതോടെ അച്ഛന് റിപ്പോര്‍ട്ട് കാര്‍ഡ് നല്‍കി മകള്‍ സേഫിയയും എത്തി. എന്റെ അച്ഛനായി ഒരു റിപ്പോര്‍ട്ട് കാര്‍ഡ് ഞാന്‍ തയാറാക്കുകയാണെന്നും നിങ്ങളും നിങ്ങളുടെ അച്ഛനോ അമ്മക്കോ ആയി റിപ്പോര്‍ട്ട് കാര്‍ഡ് തയ്യാറാക്കി ട്വീറ്റ് ചെയ്യാനും ആവശ്യപ്പെട്ടാണ് സോഫിയ എത്തിയത്.