കൊച്ചി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ വ്യാജസന്ദേശങ്ങളയച്ചു തട്ടിപ്പ്. പ്രതിരോധത്തിന്റെ ഭാഗമായി മുതിർന്ന പൗരന്മാർക്ക് നൽകുന്ന കോവിഡ് വാക്സിന് രജിസ്റ്റർ ചെയ്യാൻ നിർദേശിച്ചുകൊണ്ടാണു വ്യാജ സന്ദേശമെത്തുന്നത്. സാമൂഹിക മാധ്യമങ്ങൾ വഴിയാണ് സന്ദേശങ്ങൾ പ്രചരിക്കുന്നത്.

50 വയസ്സിനു മുകളിലുള്ളവർക്കു കുത്തിവെപ്പിനു വേണ്ടിയുള്ള രജിസ്ട്രേഷൻ ഫെബ്രുവരി 15നു ശേഷം ഏതു ദിവസവും ആരംഭിക്കാമെന്നു സന്ദേശത്തിൽ പറയുന്നു. രജിസ്ട്രേഷൻ ആരംഭിക്കുമ്പോൾ വ്യക്തിയുടെ പാൻ കാർഡ് നമ്പറും മറ്റു വിവരങ്ങളും ഉപയോഗിച്ച് അടുത്തുള്ള കേന്ദ്രങ്ങൾ സ്വയം തിരഞ്ഞെടുക്കാമെന്നും സന്ദേശം സൂചിപ്പിക്കുന്നു. രജിസ്ട്രേഷൻ പൂർത്തിയാകുന്ന സമയം 14 അക്ക രജിസ്ട്രേഷൻ നമ്പർ മൊബൈലിൽ ലഭിക്കുമെന്നും തുടർന്നു വാക്സിനേഷൻ സമയമാകുമ്പോൾ ദിവസവും കേന്ദ്രവും അറിയിച്ചുകൊണ്ടുള്ള സന്ദേശം എസ്.എം.എസ്. ആയി എത്തുമെന്നുമാണു കുറിപ്പിൽ സൂചിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് വിലാസവും നൽകിയിട്ടുണ്ട്. ഈ ലിങ്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് സൈറ്റിലേക്കാണ് എത്തുന്നത്.

എന്നാൽ, സൈറ്റിൽ രജിസ്ട്രേഷനെ കുറിച്ചുള്ള വിവരങ്ങൾ നൽകിയിട്ടില്ല. അമ്പതിനു മുകളിൽ പ്രായമുള്ള എല്ലാവരിലേക്കും സന്ദേശം അയയ്ക്കാൻ സൂചിപ്പിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

മുതിർന്ന പൗരന്മാരുടെ കുത്തിവെപ്പ് ആരംഭിക്കുന്നതിനു വേണ്ടിയുള്ള പ്രാരംഭ നടപടികൾ തുടങ്ങിയിട്ടില്ലെന്നും സംസ്ഥാന സർക്കാർ നിലവിൽ രണ്ടാം ഘട്ട വാക്സിനേഷനിലാണ് ശ്രദ്ധ നൽകുന്നതെന്നും ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. തെറ്റായ പ്രചാരണങ്ങളിൽ കുടുങ്ങരുതെന്നും രജിസ്ട്രേഷൻ, കുത്തിവെപ്പ് വിവരങ്ങൾ സർക്കാർ അറിയിപ്പുകളായി ലഭിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

മീഡിയ മോണിറ്ററിങ് സെൽ നിരീക്ഷിക്കും

കോവിഡ് വാക്സിൻ സംബന്ധിച്ച എല്ലാ വിവരങ്ങളും ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക സന്ദേശങ്ങളായി തന്നെയായിരിക്കും ജനങ്ങളിലേക്കെത്തുക. വ്യാജ സന്ദേശങ്ങൾ നിരീക്ഷിക്കുന്നതിന് ആരോഗ്യവകുപ്പ് മീഡിയ മോണിറ്ററിംഗ് സംവിധാനം നിലവിലുണ്ട്. ഇതിലൂടെ തെറ്റായ വിവരങ്ങൾ നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇത്തരം സന്ദേശങ്ങളിൽ നൽകുന്ന സൈറ്റുകളിൽ രജിസ്ട്രേഷൻ ചെയ്യുന്നതുവഴി സൈബർ അറ്റാക്കുകൾ ഉണ്ടായേക്കാം. ശരിയായ വിവരങ്ങൾ അറിയുന്നതിനായി ദിശയുടെ ടോൾഫ്രീ നമ്പറുകൾ ഉപയോഗിക്കാം.
- ആരോഗ്യ വകുപ്പ്

Content Highlights:Fake messages that senior citizens can register for Covid19 Vaccine, Health