Representative Image| Photo: Gettyimages
തൃശ്ശൂര്‍: സാധാരണക്കാര്‍ക്കും താങ്ങാനാവുന്ന ന്യായവിലയില്‍ മരുന്നുകള്‍ ലഭ്യമാക്കാനുള്ള കൂടുതല്‍ നീക്കങ്ങളുമായി ദേശീയ ഔഷധ വിലനിയന്ത്രണസമിതി. എല്ലാ വിഭാഗങ്ങള്‍ക്കും പ്രയോജനകരമായ വിധത്തില്‍ മരുന്നുവില നിലനിര്‍ത്താന്‍ വിദേശരാജ്യങ്ങള്‍ കൈക്കൊള്ളുന്ന നടപടികള്‍ പഠിക്കാനാണ് ശ്രമം. പഠനം നടത്താനായി മികച്ച ഗവേഷണസ്ഥാപനങ്ങളുടെ താത്പര്യമാണ് ക്ഷണിച്ചിരിക്കുന്നത്. നാലുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
ചുരുങ്ങിയത് പത്തു വിദേശരാജ്യങ്ങളിലെ നടപടികളാണ് പഠിക്കേണ്ടത്. ഇതില്‍ ശ്രീലങ്ക, ബംഗ്ലാദേശ്, ചൈന, യൂറോപ്പ്, ബ്രിട്ടന്, ഓസ്ട്രേലിയ, അമേരിക്ക, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, തായ്ലാന്ഡ് തുടങ്ങിയവ നിര്‍ബന്ധമാണ്. പൂര്‍ണമായും പ്രസിദ്ധപ്പെടുത്തിയിട്ടുള്ള വസ്തുതകളുടെ അടിസ്ഥാനത്തിലായിരിക്കണം പഠനം. ഇതിനു പുറമേ വിവിധ കാര്യങ്ങളെക്കുറിച്ച് വിദേശത്തെ വിദഗ്ധന്മാര്, വാണിജ്യ-വ്യവസായ പ്രമുഖര്‍, ഔഷധ കയറ്റുമതിക്കാര്‍ തുടങ്ങിയവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പഠനത്തിന്റെ ഭാഗമാക്കേണ്ടതുമാണ്.
പഠനം നടത്താനുള്ള അവസരത്തിനായി അപേക്ഷിക്കേണ്ട അവസാനദിവസം ഫെബ്രുവരി ഏഴാണ്. മാര്‍ച്ച് നാലിനാണ് അര്‍ഹരായവരെ തിരഞ്ഞെടുക്കുക. പഠനത്തിന്റെ എല്ലാ വശങ്ങളും നിബന്ധനകളും വ്യക്തമാക്കുന്ന നിര്‍ദിഷ്ടരേഖ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനൊപ്പം അപേക്ഷയുടെ മാതൃകയുമുണ്ട്. കഴിഞ്ഞ മൂന്നു സാമ്പത്തികവര്‍ഷങ്ങളിലും മൂന്നുകോടി രൂപയുടെ വിറ്റുവരവില്ലാത്ത സ്ഥാപനങ്ങള്‍ അപേക്ഷിക്കേണ്ടതില്ല. റിപ്പോര്‍ട്ട് കിട്ടിയാല്‍ പാവപ്പെട്ടവര്‍ക്ക് ന്യായവിലയില്‍ മരുന്നു കിട്ടുവാനുള്ള മികച്ച നടപടികള്‍ ഇവിടെയും പ്രാവര്‍ത്തികമാക്കാനാണ് സമിതിയുടെ ഉദ്ദേശ്യം.
Content Highlights: Fair price for medicines study to find the best foreign model
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..