നേത്രദാന സമ്മതപത്രം നൽകാൻ ഇനി വേണ്ടത് ഒരു മൗസ് ക്ലിക്ക്. അല്ലെങ്കിൽ മൊബൈൽ ഫോണിലൊരു ടച്ച്. സമ്മതപത്രം ഓൺലൈൻ വഴി പൂരിപ്പിച്ച് നൽകാനുള്ള സംവിധാനമൊരുക്കിയത് ‘സക്ഷമ’ എന്ന സംഘടന.

‘കാമ്പ’ അഥവാ ‘കോർണിയ അന്ധത്വ മുക്ത ഭാരത് അഭിയാൻ’ എന്ന പ്രചാരണമാണ് ഇതിനു പിന്നിൽ. വെബ്സൈറ്റ്: https://caaryasaksham.web.app/eyedonationcampaign

കഴിഞ്ഞ 21-നാണ് സാമൂഹിക മാധ്യമങ്ങൾ വഴി പ്രചാരണം തുടങ്ങിയത്. ബുധനാഴ്ച വരെ രാജ്യത്ത് 1,09,739 പേർ രജിസ്റ്റർ ചെയ്തു. കേരളം നാലാമതാണ്. സമ്മതപത്രം നൽകിയത് 8329 പേർ. 1558 പേർ സമ്മതപത്രം നൽകിയ എറണാകുളമാണ് കേരളത്തിൽ മുന്നിൽ.

അഞ്ചു വർഷമായി നേത്രദാനം ചെയ്യുന്നവരുടെ എണ്ണം കേരളത്തിൽ കൂടുന്നുണ്ട്. പക്ഷേ, ആവശ്യമുള്ളതിന്റെ പകുതി പോലും ലഭിക്കുന്നില്ല. ബോധവത്കരണത്തിന്റെ കുറവും കാഴ്ചപരിമിതരുടെ കൃത്യമായ കണക്കില്ലാത്തതുമാണ് കാരണം. ഓൺലൈൻ സംവിധാനത്തിലൂടെ ബോധവത്കരണം കൂടുമെന്നാണ് പ്രതീക്ഷ.

നേത്രദാനം എന്തിന് ?

 • കോർണിയയുടെ പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന അന്ധതയ്ക്ക് പ്രതിവിധി.
 • ജന്മനാ ഉള്ള അസുഖങ്ങൾ, രാസവസ്തുക്കൾ മൂലമുണ്ടാകുന്ന പരിക്കുകൾ എന്നിവയ്ക്കും പലപ്പോഴും പരിഹാരം.

സംസ്ഥാനത്ത് 11 നേത്രബാങ്കുകൾ

 • ഇന്ത്യയിൽ നേത്രപടലം ലഭിക്കാൻ ഒരു വർഷം ആശുപത്രികളിൽ രജിസ്റ്റർ ചെയ്യുന്നവർ 25,000.
 • കേരളത്തിലുള്ള നേത്ര ബാങ്കുകൾ 11.
 • കൂടുതൽ നേത്രങ്ങൾ സ്വീകരിക്കുന്നതും നൽകുന്നതും അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ.
 • ആർക്കും ദാനം ചെയ്യാം.
 • മരണാനന്തരം ആറു മണിക്കൂറിനുള്ളിൽ നേത്രപടലം ദാനം ചെയ്യണം.
 • മുഖത്ത് യാതൊരു വൈകൃതവും ഉണ്ടാവില്ല. കോർണിയയുടെ ചെറിയ ഭാഗം മാത്രമാണ് എടുക്കുക.
 • രാജ്യത്തുള്ള ഏത് നേത്രബാങ്കിലും നൽകാം.
 • ഒരാളുടെ ദാനം കൊണ്ട് കാഴ്ച കിട്ടുന്നത് രണ്ടുപേർക്ക്.
 • സമ്മതപത്രം നൽകിയ ആളുടെ മരണാനന്തരം ബന്ധുക്കൾ വിവരം അടുത്തുള്ള നേത്രബാങ്കിലോ സന്നദ്ധ പ്രവർത്തകരെയോ അറിയിക്കുക.

താമസം വരില്ല

മരണാനന്തരം വിവരം അറിയിച്ചാൽ സമീപത്തെ നേത്രബാങ്കിന്റെ ചുമതലയുള്ളവർ വീട്ടിൽവന്ന് കോർണിയയുടെ ഭാഗം ശേഖരിക്കും. 20 മിനിറ്റിനുള്ളിൽ ശസ്ത്രക്രിയ പൂർത്തിയാകും. നീക്കംചെയ്ത കണ്ണുകൾ നേത്രബാങ്കിലെത്തിച്ച് പ്രത്യേക ലായനിയിൽ സൂക്ഷിക്കും.

ലക്ഷ്യം ബോധവത്കരണം

യുവാക്കൾക്കിടയിൽ നേത്രദാനത്തെക്കുറിച്ച് കൂടുതൽ ബോധവത്കരണം നടത്തുക ലക്ഷ്യം. സന്നദ്ധരാവുന്നവരുടെ എണ്ണം കൂടി വരുന്നുണ്ട്. മാറ്റിവെക്കാൻ വേണ്ടത്ര കണ്ണുകൾ ലഭിക്കുന്നില്ല എന്നതാണ് പ്രശ്നം. 

ഡോ. ​ഗോപാൽ എസ്. പിള്ള
നേത്രരോ​ഗവിദ​ഗ്ധൻ, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ‌ സയൻസസ്

Content Highlights: eye donation consent form can be given online