തൃശ്ശൂര്‍: സൂചിയില്ലാത്തതും ഉള്ളതുമായ സിറിഞ്ചുകളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ വ്യക്തത വരുത്തി കേന്ദ്രസര്‍ക്കാര്‍. മൂന്നിനങ്ങള്‍ക്ക് മാത്രമാണ് നിയന്ത്രണമുണ്ടാവുകയെന്നും അതുതന്നെ മൂന്നുമാസത്തേക്ക് മാത്രമായിരിക്കുമെന്നുമാണ് അധികൃതര്‍ വ്യക്തമാക്കിയത്. എല്ലാ സിറിഞ്ചുകള്‍ക്കും കയറ്റുമതിനിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെതിരേ നിര്‍മാതാക്കള്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു.

കോവിഡ് പ്രതിരോധകുത്തിവെപ്പ് സമയബന്ധിതമായി പുരോഗമിക്കുന്നതിനിടെ സിറിഞ്ചുകള്‍ക്ക് ക്ഷാമം വരാതിരിക്കുകയാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ വിവരിക്കുന്നു. ഓട്ടോ ഡിസേബിള്‍ വിഭാഗത്തില്‍പ്പെടുന്ന 0.5 എം.എല്‍./ഒരു എം.എല്‍. സിറിഞ്ചുകള്‍, 0.5 എം.എല്‍./ഒരു എം.എല്‍./രണ്ട് എം.എല്‍./മൂന്ന് എം.എല്‍. ഡിസ്പോസിബിള്‍ സിറിഞ്ചുകള്‍, ഒരു എം.എല്‍./രണ്ട് എം.എല്‍./മൂന്ന് എം.എല്‍. ആര്‍.യു.പി. (റീ-യൂസ് പ്രിവന്‍ഷന്‍) സിറിഞ്ചുകള്‍ എന്നിവയ്ക്കാണ് നിയന്ത്രണം.

എന്നാല്‍, ഇത് ഒരുതരത്തിലുമുള്ള കയറ്റുമതിനിരോധനമല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. കയറ്റുമതിയുടെ അളവില്‍ മാത്രമാണ് നിയന്ത്രണം. പ്രത്യേകം പറഞ്ഞിരിക്കുന്ന വിഭാഗങ്ങള്‍ക്കല്ലാതെ ഒരുവിധത്തിലുമുള്ള നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും കുറിപ്പ് പറയുന്നു.

ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ സിറിഞ്ചുകള്‍ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വിറ്റുവരവില്‍ വലിയൊരു പങ്കും കയറ്റുമതിയാണെന്നതാണ് നിയന്ത്രണത്തിനെതിരേ രംഗത്തുവരാന്‍ രാജ്യത്തെ സിറിഞ്ച് നിര്‍മാതാക്കളുടെ സംഘടനയെ പ്രേരിപ്പിച്ചത്.

Content Highlights: Export controls on syringes have been reduced to three items, Health