ന്യൂഡല്‍ഹി: വാക്‌സിനേഷനിലൂടെയും കൊറോണ വൈറസ് ബാധയിലൂടെയും രാജ്യത്തെ വലിയൊരു വിഭാഗം ജനതയ്ക്ക് പ്രതിരോധശേഷി ലഭിച്ചതിനാല്‍ കോവിഡ് മൂന്നാംതരംഗം രണ്ടാംതരംഗത്തിന്റെയത്ര ഗുരുതരമാകില്ലെന്ന് വിദഗ്ധര്‍. രാജ്യത്തെ പ്രധാന ഉത്സവങ്ങളിലൊന്നായ ദീപാവലിക്കുശേഷമുള്ള മൂന്നാഴ്ചയില്‍ രോഗികളുടെ എണ്ണം കൂടാതിരിക്കുന്നെന്നത് നല്‍കുന്ന സൂചന ഇതാണ്.

തണുപ്പുകാലമായ ഡിസംബര്‍- ഫെബ്രുവരി മാസങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചേക്കാം. കൂടുതല്‍ വേഗം വ്യാപിക്കുന്ന വകഭേദം എത്തിയില്ലെങ്കില്‍ രാജ്യവ്യാപകമായി പടരാനിടയില്ല. മരണനിരക്കും ആശുപത്രിവാസവും കുറവായിരിക്കും. -ഹരിയാണയിലെ സോനീപതിലുള്ള അശോക സര്‍വകലാശാലയിലെ ഫിസിക്‌സ്, ബയോളജി വകുപ്പുകളിലെ പ്രൊഫ. ഗൗതം മേനോന്‍ പറഞ്ഞു.

കോവിഡ് ബാധിക്കുകയും അതിനുശേഷം വാക്‌സിനെടുക്കുകയും ചെയ്തവര്‍ക്ക് സങ്കര പ്രതിരോധശേഷി കിട്ടിയിട്ടുണ്ട്. വാക്‌സിനേഷന്‍കൊണ്ടുമാത്രം ലഭിക്കുന്നതിനെക്കാള്‍ ശക്തമാണിതെന്ന് ഗൗതം പറഞ്ഞു. വൈറോളജിസ്റ്റ് അനുരാജ് അഗ്രവാളും ഈ വിലയിരുത്തലിനെ പിന്താങ്ങി.

ദുര്‍ഗാപൂജ, ദീപാവലി ക്കാലത്ത് ആളുകളുടെ കൂടിച്ചേരലുണ്ടാവുന്നതിനാല്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടുമെന്ന് വിദഗ്ധര്‍ പ്രവചിച്ചിരുന്നു. എന്നാല്‍, ചൊവ്വാഴ്ച പ്രതിദിന രോഗികളുടെ എണ്ണം 7,579 ആയുള്ളൂ. 543 ദിവസത്തിനിടെ ആദ്യമായാണ് രോഗികളുടെ എണ്ണം ഇത്ര കുറവ്.

രാജ്യത്ത് കോവിഡ് വാക്‌സിനേഷന് അര്‍ഹരായവരില്‍ 82 ശതമാനംപേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ ലഭിച്ചു. 43 ശതമാനം പേര്‍ക്ക് രണ്ടു ഡോസും കിട്ടിയെന്നാണ് ഔദ്യോഗിക കണക്ക്. ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ ജൂലായില്‍ നടത്തിയ നാലാം സിറോസര്‍വേയനുസരിച്ച് രാജ്യത്ത് 67.6 ശതമാനം പേരില്‍ കോവിഡ് ആന്റിബോഡി കണ്ടെത്തിയിട്ടുണ്ട്. ഇത്രയും പേര്‍ കൊറോണ വൈറസിനെതിരേ പ്രതിരോധശേഷി കൈവരിച്ചു എന്നാണര്‍ഥം.

രാജ്യത്തൊട്ടാകെ കോവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും മിസോറം പോലുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം കൂടുന്നുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കേരളത്തില്‍ വാക്‌സിന്‍ നയരൂപവത്കരണത്തിന് സമിതിയായി

തിരുവനന്തപുരം: തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്‌സിന്‍ നിര്‍മാണമേഖല സ്ഥാപിക്കുന്നതിനൊപ്പം സംസ്ഥാനത്ത് വിപുലമായ വാക്‌സിന്‍ നയത്തിന് രൂപംനല്‍കും. ഇതിനായി കോവിഡ് മാനേജ്മെന്റ് വിദഗ്ധസമിതി അധ്യക്ഷന്‍ ഡോ. ബി. ഇക്ബാല്‍ അധ്യക്ഷനായി വാക്‌സിന്‍ നയരൂപവത്കരണ സമിതി രൂപവത്കരിച്ചു. സാര്‍വത്രിക പ്രതിരോധപദ്ധതി പരിശോധിച്ച് ആവശ്യമായ ഭേദഗതികള്‍ നിര്‍ദേശിക്കുന്നതടക്കമുള്ള ജോലികളും സമിതിക്കായി നിശ്ചയിച്ചു നല്‍കിയിട്ടുണ്ട്.

പനി, ന്യൂമോകോക്കല്‍, ഹ്യൂമന്‍ പാപ്പിലോമ തുടങ്ങിയവയ്‌ക്കെതിരേ മുതിര്‍ന്നവര്‍ക്ക് പ്രതിരോധ മരുന്ന് ആവിഷ്‌കരിക്കുന്നതിനുള്ള സാധ്യതയടക്കം പരിശോധിക്കാനും സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിരോധശേഷിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുള്ളവര്‍, അവയവം സ്വീകരിച്ചവര്‍, അര്‍ബുദ രോഗികള്‍ തുടങ്ങിയവര്‍ക്കായി വാക്‌സിന്‍ പ്രോട്ടോകോളിന് രൂപംനല്‍കും. നിലവില്‍ ആവിഷ്‌കരിക്കുന്ന വാക്‌സിനുകളെ നിര്‍ബന്ധമായും സ്വീകരിക്കേണ്ടത്, നിര്‍ബന്ധമല്ലാത്തത്, അഭികാമ്യമായത് എന്നിങ്ങനെ തരംതിരിക്കാനാവുമോ എന്ന കാര്യവും സമിതി പരിശോധിക്കും.

കോവിഡ് വിദഗ്ധസമിതിയംഗങ്ങളും മെഡിക്കല്‍കോളേജ് അധ്യാപകരുമായ ഡോ. ആര്‍. അരവിന്ദ്, ഡോ. ചാന്ദ്നി ആര്‍., ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. പ്രീത പി.പി., ലോകാരോഗ്യ സംഘടന സര്‍വയലന്‍സ് മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രതാപ ചന്ദ്രന്‍ സി., കോട്ടയം മെഡിക്കല്‍ കോളേജ് ഇന്‍ഫെക്ഷ്യസ് ഡിസീസ് വിഭാഗം പ്രൊഫസര്‍ ഡോ. സജിത്കുമാര്‍ ആര്‍., പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ശിശുരോഗ വിദഗ്ധന്‍ ഡോ. ജയരാമന്‍ ടി.പി. എന്നിവരാണ് സമിതിയംഗങ്ങള്‍.

Content Highlights: Experts say covid19 third wave will not be risk