കോഴിക്കോട്: കോവിഡ് രണ്ടാംതരംഗത്തിലെ രണ്ടുമാസത്തിനിടെ കോഴിക്കോട്ടെ ആശുപത്രിയില്‍ 12 പേര്‍ക്ക് എക്മോ സഹായത്താല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. മരണത്തോടടുക്കുന്ന, പൂര്‍ണമായും അബോധാവസ്ഥയിലുള്ള രോഗികള്‍ക്ക് നല്‍കുന്ന ജീവന്‍രക്ഷാ സഹായോപാധിയാണ് എക്മോ. 14 പേര്‍ക്ക് എക്മോ ചെയ്തതില്‍ രണ്ടുപേരൊഴികെ എല്ലാവരും ജീവിതം തിരിച്ചുപിടിച്ചു. കോവിഡ് മൂലം ശ്വാസകോശം പ്രവര്‍ത്തനക്ഷമം അല്ലാതാവുകയും ശ്വസനം പൂര്‍ണമായും തടസ്സപ്പെടുകയും ചെയ്തവര്‍ക്കാണ് എക്മോ നല്‍കിയത്.

ലോകത്ത് എക്മോ നല്‍കുന്നവരില്‍ 57 ശതമാനം പേരിലാണ് വിജയിക്കാറുള്ളത്. കോവിഡില്‍ ഈ നിരക്ക് അതിനെക്കാള്‍ കുറവാണ്. വെന്റിലേറ്റര്‍ പിന്തുണ പോരാതെവരുന്നവരിലേ 20-25 ലക്ഷം രൂപ ചെലവുവരുന്ന ഈ ചികിത്സ ചെയ്യാറുള്ളൂ. എക്മോ സംവിധാനം ഉപയോഗിച്ചില്ലെങ്കില്‍ ജീവന്‍ നിലനിര്‍ത്താനാവില്ലെന്ന് 90 ശതമാനത്തോളം ഉറപ്പാവുമ്പോഴാണ് ഡോക്ടര്‍മാര്‍ ഇതു നിര്‍ദേശിക്കുന്നത്. കോഴിക്കോട് മിംസ് ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍-എക്മോ ടീമിന് 12 പേരെ രക്ഷിക്കാനായി. െചലവേറിയ ചികിത്സാവിധിയായതിനാലും ജീവരക്ഷാ സാധ്യത കുറവായതിനാലും എക്മോ അത്ര സാധാരണമല്ല. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജെ. ജയലളിതയ്ക്ക് എക്മോ ചെയ്തിരുന്നെങ്കിലും രക്ഷിക്കാനായില്ല.

എക്മോ എന്നാല്‍...

എക്സ്ട്രാ കോര്‍പ്പോറിയല്‍ മെംബ്രെയിന്‍ ഓക്‌സിജനേഷന്‍ എന്നതിന്റെ ചുരുക്കമാണിത്. സാങ്കേതിക സഹായത്തോടെ ഈ ജീവന്‍ രക്ഷോപാധിയില്‍ ഹൃദയത്തിനും ശ്വാസകോശത്തിനും ബാഹ്യ സപ്പോര്‍ട്ട് നല്‍കുന്നു. കൃത്രിമമായി രക്തത്തിലെ ഓക്‌സിജന്റെ അളവ് മതിയായ മാത്രയില്‍ നിലനിര്‍ത്തുന്നു. ഇതിനുള്ള ഓക്‌സിജനേറ്റര്‍ കൃത്രിമ ശ്വാസകോശം പോലെ ദിവസങ്ങളോളം രോഗിക്ക് പിന്‍ബലമേകുന്നു. സാവധാനം രോഗിയുടെ ശ്വസനം സ്വാഭാവികമായി പ്രവര്‍ത്തനസജ്ജമാവും. അപ്പോള്‍ സാങ്കേതികസഹായം സാവധാനം കുറച്ചുകൊണ്ടുവരുന്നു.

Content Highlights: Exmo treatment in Covid second wave