വ്യായാമം ശീലമാക്കുന്നവരില്‍ ഹൃദ്രോഗത്തിനുള്ള സാധ്യത കുറവാണെന്ന് കാണിക്കുന്ന പല പഠനങ്ങളും വന്നുകഴിഞ്ഞു. എന്നാല്‍, ശാരീരികക്ഷമതയും (ഫിറ്റ്‌നെസ്) അര്‍ബുദവും തമ്മിലും വലിയ ബന്ധമുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവന്ന പഠനം പറയുന്നത്. ശാരീരികക്ഷമത കൂടുതലുള്ള പ്രായപൂര്‍ത്തിയെത്തിയവര്‍ക്ക് ശ്വാസകോശത്തിലും മലാശയത്തിലും അര്‍ബുദം വരാനുള്ള സാധ്യത മറ്റുള്ളവരെക്കാള്‍ കുറവാണെന്നാണ് പുതിയ കണ്ടെത്തല്‍.

യു.എസിലെ ജോണ്‍ ഹോപ്കിങ്‌സ് സര്‍വകലാശാലയിലെ സംഘമാണ് കണ്ടുപിടിത്തത്തിനുപിന്നില്‍.

1991 മുതല്‍ 2009 വരെയുള്ള കാലയളവില്‍ 49,143 പേരെയാണ് പഠനത്തിന് വിധേയമാക്കിയത്. ശാരീരികക്ഷമത കൂടുതലുള്ളവര്‍ക്ക് ശ്വാസകോശാര്‍ബുദം ബാധിക്കാനുള്ള സാധ്യത മറ്റുള്ളവരെക്കാള്‍ 77 ശതമാനവും മലാശയാര്‍ബുദത്തിനുള്ള സാധ്യത 61 ശതമാനവും കുറവാണെന്ന നിഗമനത്തിലാണ് സംഘമെത്തിയിരിക്കുന്നത്.

അതോടൊപ്പം ശ്വാസകോശാര്‍ബുദരോഗികളില്‍ ശാരീരികക്ഷമത കൂടുതലുള്ളവര്‍ക്ക് 44 ശതമാനവും മലാശയാര്‍ബുദരോഗികളില്‍ 89 ശതമാനവും മരണസാധ്യത കുറവാണെന്നും സംഘം കണ്ടെത്തി. കാന്‍സര്‍ ജേണലിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

Content Highlights: exercise reduce cancer risk