തിരുവനന്തപുരം: തിരഞ്ഞെടുപ്പിനുപിന്നാലെ കോവിഡ് വ്യാപനം രൂക്ഷമായേക്കുമെന്ന മുന്നറിയിപ്പ് നിലനില്‍ക്കേ 45-നുമേല്‍ പ്രായമായവര്‍ക്കുള്ള കോവിഡ് പ്രതിരോധമരുന്ന് സ്വീകരിക്കുന്നതില്‍ മികച്ച പ്രതികരണം.

തിങ്കളാഴ്ച ഉച്ചവരെ 45-നുമേല്‍ പ്രായമായ 25,74,965 പേര്‍ ആദ്യഡോസ് വാക്സിന്‍ സ്വീകരിച്ചു. നേരത്തേ വാക്സിന്‍ സ്വീകരിച്ച അറുപതിനുമേല്‍ പ്രായമുള്ളവരും 45-നും 60-നും ഇടയില്‍ പ്രായമായ ഗുരുതരരോഗങ്ങളുള്ളവരും അടക്കമാണിത്. 60-നുമേല്‍ പ്രായമായവരും ഗുരുതരരോഗങ്ങളുള്ളവരുമായി 16,481 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചുകഴിഞ്ഞു.

1,13,75,715 പേര്‍ക്ക് പ്രതിരോധമരുന്ന് നല്‍കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതില്‍ 23 ശതമാനത്തോളം പൂര്‍ത്തിയായി. മലപ്പുറം ജില്ലയിലാണ് വളരെ കുറച്ചുപേര്‍ മരുന്ന് സ്വീകരിച്ചത്. ലക്ഷ്യമിട്ടതിന്റെ (11,13,464) പതിനഞ്ച് ശതമാനമാണ് കൈവരിക്കാനായത്. ഇടുക്കിയില്‍ ലക്ഷ്യമിട്ടതിന്റെ (4,20,256) പതിനേഴ് ശതമാനം പേരും മരുന്ന് സ്വീകരിച്ചു. മറ്റുജില്ലകളിലെല്ലാം 20 ശതമാനത്തിനുമുകളിലാണ് മരുന്ന് സ്വീകരിച്ചവരുടെ എണ്ണം.

കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധനയില്‍ പോസിറ്റീവ് ആകുന്നവരുടെ നിരക്ക് ഉയരുന്നത് ആശങ്കപരത്തുന്നുണ്ട്. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി 24 മണിക്കൂറിനിടെ 40,191 സാംപിളുകള്‍ പരിശോധിച്ചിരുന്നു. 5.86 ശതമാനമാണ് പോസിറ്റീവ് ആയവരുടെ നിരക്ക്.

ഞായറാഴ്ച ഇത് 6.20 ശതമാനത്തിലെത്തിയിരുന്നു. കഴിഞ്ഞമാസം മധ്യത്തോടെ പോസിറ്റീവ് ആകുന്നവരുടെ ശരാശരി നിരക്ക് സംസ്ഥാനത്ത് 3.37 ശതമാനത്തിലെത്തിയിരുന്നു. ദേശീയതലത്തില്‍ ഇത് 3.22 ശതമാനമായിരുന്നു. ചികിത്സയിലുള്ളവരുടെ എണ്ണം 28,372 ആയി ഉയര്‍ന്നിട്ടുണ്ട്.

 Content Highlights: Excellent response to Covid vaccine in people over 45 years of age.