കൊച്ചി: സമ്പൂർണ വാക്സിനേഷൻ എന്ന നേട്ടത്തിനരികിൽ എറണാകുളം ജില്ല. നൂറ് ശതമാനം വാക്സിനേഷൻ പൂർത്തിയാക്കുന്ന സംസ്ഥാനത്തെ ആദ്യജില്ല എന്ന പ്രഖ്യാപനം ഒക്ടോബർ ആദ്യവാരം ഉണ്ടാകും. നിലവിൽ 41,21,103 പേർ വാക്സിനെടുത്തു 91.61 ശതമാനമാണ് പൂർത്തിയായിരിക്കുന്നത്. രണ്ടുലക്ഷത്തിൽ താഴെപ്പേർ മാത്രമേ ഇനിയും ആദ്യ ഡോസ് സ്വീകരിക്കാൻ ബാക്കിയുള്ളു. അതിൽ ഒരു ലക്ഷത്തോളം പേർ കോവിഡ് പോസിറ്റീവായി മൂന്ന് മാസം പൂർത്തിയാവാത്തവരാണ്. ബാക്കിയുള്ള എല്ലാവർക്കും ആദ്യ ഡോസ് ലഭ്യമാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നത്.

ജില്ലയിലെ സ്ഥിരതാമസക്കാർക്കു പുറമേ, മറ്റിടങ്ങളിൽ നിന്ന് എറണാകുളത്ത് താമസമാക്കിയവരും അതിഥിത്തൊഴിലാളികളും ഉൾപ്പെടെ ജില്ലയിലുള്ള ആളുകൾക്കെല്ലാം വാക്സിൻ നൽകുകയാണ് ലക്ഷ്യം. ഇരുന്നൂറോളം കേന്ദ്രങ്ങളിലൂടെയാണ് വാക്സിനേഷൻ പുരോഗമിക്കുന്നത്. ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും തൊഴിൽ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സർക്കാരിതര സംഘടനകളും സംയുക്തമായി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമാണ ഈ നേട്ടം.

കളമശ്ശേരി, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട്, കുമ്പളങ്ങി, ചെല്ലാനം, എടത്തല, വാഴക്കുളം, കടമക്കുടി, നെല്ലിക്കുഴി, കരുമാല്ലൂർ, കടുങ്ങല്ലൂർ മേഖലകളാണ് വാക്സിനേഷനിൽ പിന്നിൽ നിൽക്കുന്നത്. സമ്പൂർണ വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി എല്ലാ സർക്കാർ ആശുപത്രികളിലും ഔട്ട്റീച്ച് കേന്ദ്രങ്ങളിലും കുത്തിവെപ്പ് നടക്കുന്നുണ്ട്. വാക്സിൻ ലഭിക്കാൻ ഓൺലൈൻ ബുക്കിങ്‌ കൂടാതെ, സ്പോട്ട് മൊബിലൈസേഷൻ സൗകര്യവുമുണ്ട്. സ്പോട്ട് മൊബിലൈസേഷൻ വഴി വാക്സിൻ ആദ്യഡോസ് ലഭിക്കുന്നു എന്ന് ഉറപ്പാക്കാൻ ആശാ വർക്കർ, ജെ.പി. എച്ച്.എൻ., വാർഡ് മെംബർ, തൊട്ടടുത്തുള്ള സർക്കാർ ആശുപത്രി എന്നിവയുമായി ബന്ധപ്പെടണം.

അതിഥിത്തൊഴിലാളികൾക്കുള്ള ആദ്യ ഡോസ് വാക്സിനേഷൻ 80 ശതമാനം പൂർത്തിയായിട്ടുണ്ട്. ഈ മാസം അവസാനത്തോടെ മുഴുവൻ അതിഥിത്തൊഴിലാളികൾക്കും ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തിയാക്കുകയാണ് ലക്ഷ്യം.

എറണാകുളം കരയോഗത്തിന്റെ നേതൃത്വത്തിൽ, ബി.പി.സി.എല്ലിന്റെ സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ച് എറണാകുളം ലക്ഷ്മി ഹോസ്പിറ്റൽ മെഡിക്കൽ പാർട്ട്‌ണറായി നടപ്പിലാക്കുന്ന ‘ക്ലിനിക് ഓൺ വീൽസ്’ പദ്ധതിയും അതിഥിത്തൊഴിലാളികളുടെ വാക്സിനേഷനായി ഉപയോഗപ്പെടുത്തുന്നുണ്ട്.

218 കേന്ദ്രങ്ങൾ വഴിയാണ് ജില്ലയിൽ വാക്സിൻ വിതരണം ചെയ്യുന്നത് -141 സർക്കാർ ആശുപത്രികളും 77 സ്വകാര്യ ആശുപത്രികളും. നിലവിൽ 1,86,430 ഡോസ് വാക്സിനാണ് ജില്ലയിൽ സ്റ്റോക്കുള്ളത്.

Content Highlights: ernakulma districts in the top position on vaccination in kerala