സ്ത്രക്രിയ നടക്കുന്നതിനിടെ കോടതിയുടെ വിചാരണയ്ക്ക് ഹാജരായ ഡോക്ടര്‍ക്കെതിരേ അന്വേഷണം ആരംഭിച്ചു. കാലിഫോര്‍ണിയയിലാണ് വിചിത്രമായ ഈ സംഭവം. ഡോ. സ്‌കോട്ട് ഗ്രീന്‍ എന്ന പ്ലാസ്റ്റിക് സര്‍ജനെതിരേയാണ് കാലിഫോര്‍ണിയ മെഡിക്കല്‍ ബോര്‍ഡ് അന്വേഷണം നടത്തുന്നത്.

ഒരു ട്രാഫിക് നിയമലംഘനവുമായി ബന്ധപ്പെട്ട കോടതിയുടെ വിചാരണയ്ക്കാണ് ശസ്ത്രക്രിയക്കിടെ ഡോക്ടര്‍ സ്‌കോട്ട് ഗ്രീന്‍ ഹാജരായത്. കോവിഡ് കാരണം വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു വിചാരണ. കോടതിയില്‍ നിന്ന് വീഡിയോ കോള്‍ വരുമ്പോള്‍ ഡോക്ടര്‍ ഓപ്പറേഷന്‍ തിയ്യറ്ററില്‍ ശസ്ത്രക്രിയയ്ക്കുള്ള വേഷത്തിലായിരുന്നു. വിചാരണയ്ക്ക് ഹാജരാകാന്‍ സന്നദ്ധനാണോ എന്നു ക്ലാര്‍ക്ക് ചോദിച്ചപ്പോള്‍ അതെ എന്നായിരുന്നു ഡോക്ടറുടെ മറുപടി. ആ സമയം ശസ്ത്രക്രിയാ മേശയില്‍ ഒരു രോഗി കിടപ്പുണ്ടായിരുന്നു. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ ശബ്ദം വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാനുമുണ്ടായിരുന്നു. നിങ്ങള്‍ ഓപ്പറേഷന്‍ തിയ്യറ്ററിലാണോ എന്ന ക്ലാര്‍ക്കിന്റെ ചോദ്യത്തിന് ഞാന്‍ ശസ്ത്രക്രിയ ചെയ്തുകൊണ്ടിരിക്കുകയാണെന്നായിരുന്നു ഡോക്ടറുടെ മറുപടി. വിചാരണ തുടരട്ടെയെന്നും ഡോക്ടര്‍ പറഞ്ഞു. ലൈവ് സ്ട്രീം ആയതുകാരണം എല്ലാവരും കാണുമെന്ന് ക്ലാര്‍ക്ക് പറഞ്ഞിട്ടും വിചാരണ തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു ഡോക്ടര്‍. കോര്‍ട്ട് കമ്മീഷണര്‍ ഗാരി ലിങ്ക് വരുന്നതുവരെ തല താഴ്ത്തി ശസ്ത്രക്രിയ തുടരുകയും ചെയ്തു.

എന്നാല്‍, ഡോക്ടര്‍ ശസ്ത്രക്രിയ ചെയ്തുകൊണ്ടിരിക്കുകയാണെന്ന് കണ്ട കമ്മീഷണര്‍ വിചാരണ തുടരാന്‍ വിസമ്മതിച്ചു. എന്നാല്‍, തന്നെ ശസ്ത്രക്രിയയില്‍ സഹായിക്കാന്‍ മറ്റൊരു ഡോക്ടറുണ്ടെന്നും വിചാരണ തുടര്‍ന്നോട്ടെ എന്നും ഡോക്ടര്‍ പറഞ്ഞു. എന്നാല്‍, കമ്മീഷണര്‍ വഴങ്ങിയില്ല. ഇത്തരമൊരു സാഹചര്യത്തില്‍ വിചാരണ നടത്തുന്ന് ഉചിതമല്ലെന്നും രോഗികളുടെ കാര്യത്തില്‍ സജീവമല്ലാത്ത സമയം നോക്കി ഒരു തീയതി തീരുമാനിച്ചാല്‍ മതിയെന്നും പറഞ്ഞ് കമ്മീഷണര്‍ വിചാരണ നിര്‍ത്തിവച്ചു.

ക്ഷമാപണം നടത്തിയ ഡോക്ടര്‍, ചില ശസ്ത്രക്രിയകള്‍ എപ്പോഴും വിചാരിച്ചതുപോലെ... എന്നു പറഞ്ഞു തുടങ്ങിയെങ്കിലും ജഡ്ജി വീണ്ടും ഇടപെട്ടു. ആളുകള്‍ ആരോഗ്യത്തോടെയും ജീവനോടെയും ഇരിക്കുകയാണ് ഞങ്ങള്‍ക്ക് വേണ്ടത്. അതാണ് പ്രധാനമെന്ന് പറഞ്ഞാണ് വിചാരണ അവസാനിപ്പിച്ചത്.

ലൈവ് സ്ട്രീമിങ് ശ്രദ്ധയില്‍ പെട്ടതോടെയാണ് മെഡിക്കല്‍ ബോര്‍ഡ് ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിട്ടത്.

Content Highlights: Enquiry Agains Doctor Who  appeared in court video call while performing surgery