-
ക്ലിനിക്കൽ ട്രയലുകൾ പൂർണമായും പൂർത്തിയാക്കാതെ വളരെ തിടുക്കപ്പെട്ട്, ഫാസ്റ്റ് ട്രാക്കിങ് രീതിയിൽ കോവിഡ് 19 വാക്സിന് രാജ്യങ്ങൾ അനുമതി നൽകുന്നത് വളരെ ശ്രദ്ധയോടെ വേണമെന്ന് ലോകാരോഗ്യസംഘടന.
ട്രയലുകൾ പൂർണമായും പൂർത്തിയാക്കാതെ മരുന്നുകൾക്ക് അനുമതി നൽകാൻ രാജ്യങ്ങൾക്കെല്ലാം അനുമതിയുണ്ടെങ്കിലും ആ രീതി പിന്തുടരുന്നത് ഗുണകരമാവില്ലെന്നാണ് ലോകാരോഗ്യസംഘടന അഭിപ്രായപ്പെടുന്നതെന്ന് സംഘടനയുടെ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ പറഞ്ഞു.
സാധാരണ ഒരു മരുന്നിന് അംഗീകാരം ലഭിക്കാൻ ആവശ്യമായ നടപടിക്രമങ്ങൾ കോവിഡ് 19 വാക്സിന് വേണ്ടി ചുരുക്കുമെന്ന് യു.എസ്. ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ പ്രസ്താവിച്ചിരുന്നു. വാക്സിന്റെ അപകടഘടകങ്ങളേക്കാൾ ഗുണഫലങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത് എന്നാണ് യു.എസിന്റെ വാദം.
രണ്ടുമാസത്തിൽ താഴെ സമയം മാത്രം മനുഷ്യരിൽ പരീക്ഷണം നടത്തി റഷ്യ കോവിഡ് 19 വാക്സിന് അടുത്തിടെ അനുമതി നൽകിയിരുന്നു. ഇതിനെത്തുടർന്ന് വാക്സിന്റെ സുരക്ഷയെയും കാര്യപ്രാപ്തിയെയും കുറിച്ച് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള വിദഗ്ധർ ആശങ്കയുന്നയിച്ചിരുന്നു.
വാക്സിനുകൾ തിരഞ്ഞെടുക്കുന്നതിന് ആവശ്യമായ മുഴുവൻ വിശദാംശങ്ങളും ശേഖരിക്കുകയെന്ന രീതിയാണ് ലോകാരോഗ്യസംഘടന മുന്നോട്ടുവെക്കുന്നത്. ഓരോ മരുന്നിന്റെയും സുരക്ഷയും പ്രയോജനവും കേസ് സ്റ്റഡിയുടെ അടിസ്ഥാനത്തിലാണ് പരിഗണിക്കുകയെന്നും ഡോ. സൗമ്യ സ്വാമിനാഥൻ പറഞ്ഞു.
മുൻപ് എബോളയെ ചെറുക്കാൻ ലോകാരോഗ്യ സംഘടന പരീക്ഷണ മരുന്നുകൾ ആഫ്രിക്കയിൽ ഉപയോഗിച്ചിരുന്നു. അത് വിജയകരവുമായിരുന്നുവെന്ന് ലോകാരോഗ്യസംഘടനയുടെ എമർജൻസി പ്രോഗ്രാം തലവൻ മൈക്ക് റയാൻ പറഞ്ഞു.
ഇതുനിലനിൽക്കെ തന്നെ മുഴുവൻ ട്രയലുകളും നടത്താതെ ഫാസ്റ്റ് ട്രാക്കിങ് രീതിയിൽ മരുന്നുകൾക്ക് അനുമതി നൽകുമ്പോൾ കർശനമായ മേൽനോട്ടവും സുരക്ഷാ ഭീഷണിയുണ്ടായാൽ അത് പരിഹരിക്കാനുള്ള നടപടി ക്രമങ്ങളും ആവശ്യമാണെന്നും മൈക്ക് റയാൻ കൂട്ടിച്ചേർത്തു.
Content Highlights:Emergency Authorisation Of Covid 19 Vaccines Needs Great Care WorldHealth Organisation, Health
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..