Photo: PTI/File
തിരുവനന്തപുരം: കോവിഡിന് കാരണമായ വൈറസിന്റെ 11 വകഭേദങ്ങൾ സംസ്ഥാനത്ത് പടർന്നതായി ആരോഗ്യവകുപ്പ്. ഡിസംബറിനുശേഷം 6728 സാംപിളുകളിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു.
പുതിയ വകഭേദങ്ങളായ എക്സ്.ഇ., എക്സ്.എച്ച്., എച്ച്. ക്യു., ഒമിക്രോൺ ബി.എ. 5 എന്നിവയും സംസ്ഥാനത്ത് സ്ഥിരീകരിച്ചു. എക്സ്.ഇ. യുടെ ഏഴും എച്ച്.ക്യുവിന്റേതായി എട്ടും സാംപിളുകളിലുമാണ് സ്ഥിരീകരണമുണ്ടായത്. പുതിയവയിൽപ്പെട്ട മറ്റു വകഭേദങ്ങളിൽ ഓരോ സാംപിളും സ്ഥിരീകരിച്ചിട്ടുണ്ട്.
ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഒമിക്രോൺ വകഭേദം മൂലമുണ്ടായ മൂന്നാം തരംഗത്തിനുശേഷം പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞുവരുകയായിരുന്നു. മാർച്ച് പകുതിയോടെ ആയിരത്തിൽ താഴെ എത്തിയിരുന്നു. മേയ് രണ്ടാം വാരംവരെ ഈ സ്ഥിതി തുടർന്നെങ്കിലും രോഗികളുടെ എണ്ണം ക്രമേണ ഉയരുന്ന സ്ഥിതിയാണ്. പ്രതിദിനം മൂവായിരത്തിലധികം പേർക്ക് ഇപ്പോൾ സ്ഥിരീകരിക്കുന്നുണ്ട്. വാക്സിനേഷനിലുണ്ടായ മുന്നേറ്റവും പകരുന്നത് ഒമിക്രോൺ വകഭേദമായതിനാലും രോഗം ഗുരുതരമാവുന്നവരുടെ എണ്ണം കുറവാണെന്നതാണ് ആശ്വാസം.
സംസ്ഥാനത്ത് ഇതുവരെ 66.66 ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
നിലവിൽ എലിപ്പനി, ചെള്ളുപനി, തക്കാളിപ്പനി എന്നിവയാണ് സംസ്ഥാനത്ത് ഭീഷണി വിതയ്ക്കുന്നത്. ഈവർഷം 19 പേർ എലിപ്പനി ബാധിച്ചുമരിച്ചതായാണ് കഴിഞ്ഞമാസം 27-ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയെ അറിയിച്ചത്.
എലിപ്പനിമൂലമുള്ള 25 മരണം സ്ഥിരീകരിച്ചിട്ടുണ്ടെന്നും 89 മരണം എലിപ്പനിമൂലമെന്ന് സംശയിക്കുന്നതുമായാണ് ആരോഗ്യഡയറക്ടറേറ്റിന്റെ കണക്കുകൾ. ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 28 ആയി ഉയർന്നിട്ടുണ്ട്.
കോവിഡ് വകഭേദങ്ങൾ
1) ബി.1.1.7 (ആൽഫ)
2) ബി.1.351
3) പി.1 (ഗാമ)
4) ബി.1.617.2 (ഡെൽറ്റ)
5) എ.വൈ.1 (ബി.1.617.2-+ കെ417എൻ) (ഡെൽറ്റ പ്ലസ്)
6) ഒമിക്രോൺ
7) ഒമിക്രോൺ-ബി.എ. 5
8) എക്സ്.ഇ.
9) എക്സ്.എച്ച്.
10) എച്ച്.ക്യു.
11) ബി.1.617.2 + കെ417 എൻ (ഡെൽറ്റ പ്ലസ് വകഭേദം)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..