കോഴിക്കോട്: കോവിഡിനെക്കുറിച്ചുള്ള ജാഗ്രത കുറഞ്ഞതോടെ പ്രായമായവര്‍ രോഗംബാധിച്ച് മരിക്കുന്നത് കൂടുന്നു. ജനുവരി ഒന്ന് മുതല്‍ 16 വരെ അറുപത് വയസ്സിനുമുകളിലുള്ള 50 പേരാണ് കോവിഡ് ബാധിച്ച് കോഴിക്കോട്ട് മാത്രം മരിച്ചത്.
കോവിഡിനെ ആളുകള്‍ ഗൗരവം കുറച്ച് കാണുന്നതുകൊണ്ട് വീട്ടുകാരില്‍നിന്നാണ് പ്രായമായവര്‍ക്ക് കൂടുതലും രോഗംപകരുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 347 പേരാണ് ഇതുവരെ ജില്ലയില്‍ കോവിഡ്മൂലം മരിച്ചത്. ഒക്ടോബറോടെയാണ് മരണസംഖ്യ ക്രമാതീതമായി കൂടിത്തുടങ്ങിയത്. ഒക്ടോബര്‍ 31 വരെ 134 പേരാണ് മരിച്ചത്.
ഡിസംബര്‍ 31 ആയപ്പോഴേക്കും അത് 293 ആയി. പിന്നീട് ദിവസവും നാലും അഞ്ചും പേര്‍ മരിക്കുന്ന സ്ഥിതിയിലേക്ക് മാറി. ഈ മാസം മരിച്ച 54 പേരില്‍ നാലുപേര്‍ മാത്രമാണ് അറുപത് വയസ്സിനുതാഴെയുള്ളവര്‍.
കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരത്തേയില്ലാത്ത വയോധികരും കോവിഡ്മൂലം മരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം നൂറ്റമ്പതായി ചുരുങ്ങിയിട്ടുണ്ടെങ്കിലും കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ കോവിഡ് ഐ.സി.യു.വിലെ കിടക്കകള്‍ ഒഴിഞ്ഞിട്ടില്ല. 23 കിടക്കകളിലും രോഗികളുണ്ട്.
ടെസ്റ്റ് ചെയ്യുന്നവരുടെ എണ്ണം കുറയുന്നു
യുവാക്കളില്‍ വലിയ പ്രശ്‌നമുണ്ടാക്കില്ലെങ്കിലും പ്രായമായവര്‍ക്ക് പിടിപെട്ടാല്‍ അപകടരമാണെന്നത് ആളുകള്‍ ഗൗരവത്തിലെടുക്കുന്നില്ല.പനിപിടിപെട്ടാല്‍ കോവിഡ് ടെസ്റ്റ് നടത്താതെ സ്വയംചികിത്സിക്കുകയാണ് പലരും ചെയ്യുന്നത്. പക്ഷേ, വീട്ടിലുള്ള മറ്റുള്ളവരിലേക്ക് രോഗം പകരാന്‍ ഇത് കാരണമാവാം.
ഡോ. വി.കെ. ഷമീര്‍,
അസി. പ്രൊഫസര്‍,
മെഡിസിന്‍ വിഭാഗം,
ഗവ. മെഡിക്കല്‍ കോളേജ്, കോഴിക്കോട്
പ്രായമായവര്‍ വീട്ടിലുണ്ടെങ്കില്‍ മാസ്‌ക് ധരിക്കണം
പ്രായമായവര്‍ വീട്ടില്‍ ഉണ്ടെങ്കില്‍ എല്ലാവരും വീട്ടിനുള്ളിലും മാസ്‌ക് ധരിക്കണം. അവരുമായി ഇടപഴകുമ്പോള്‍ സാനിറ്റൈസറോ സോപ്പോ ഉപയോഗിക്കണം. പ്രായമായവര്‍ക്കും മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കും കോവിഡ് ബാധിച്ചാല്‍ അതിനെ മറികടക്കാന്‍ പ്രയാസമായിരിക്കുമെന്ന ഓര്‍മ എല്ലാവരിലുമുണ്ടാവണം. കോവിഡ് വാക്‌സിന്‍ പൊതുജനങ്ങളിലേക്കുമെത്തുമ്പോഴേ സമൂഹവും പ്രതിരോധ ശേഷി കൈവരിക്കുകയുള്ളൂ. വാക്‌സിന്‍ എല്ലാവര്‍ക്കും കുത്തിവെക്കാന്‍ സമയമെടുക്കും. വാക്‌സിന്‍ ഉണ്ടല്ലോ എന്ന അമിതമായ ആത്മവിശ്വാസം ഇപ്പോഴേ ഉണ്ടാവാന്‍ പാടില്ല.
ഡോ. ആര്‍. ചാന്ദ്നി,
കോവിഡ് സ്‌പെഷ്യല്‍ നോഡല്‍ ഓഫീസര്‍,
ഗവ. മെഡിക്കല്‍ കോളേജ് കോഴിക്കോട്
Content Highlights: Elderly people are increasingly dying due to Covid19 infection, Health, Covid19, Geriatric Care