ന്യൂഡൽഹി: ഇരുപത്തിനാലു മണിക്കൂറിനിടെ രാജ്യത്തു രേഖപ്പെടുത്തിയ കോവിഡ് മരണത്തിന്റെ 71 ശതമാനവും കേരളമുൾപ്പെടെയുള്ള എട്ടു സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മഹാരാഷ്ട്ര, പശ്ചിമബംഗാൾ, ഹരിയാണ, പഞ്ചാബ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡൽഹി എന്നിവയാണ് മറ്റുള്ളവ.
ആകെ 496 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതൽ മരണം ഡൽഹിയിലാണ്. അവിടെ 89 പേർ മരിച്ചു. മഹാരാഷ്ട്ര (88), ബംഗാൾ (52) എന്നിവയാണ് തൊട്ടുപിന്നിൽ. ഹരിയാണ30, പഞ്ചാബ്28, കേരളം25, ഉത്തർപ്രദേശ് 21, രാജസ്ഥാൻ19 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ മരണനിരക്ക്.
24 മണിക്കൂറിനിടെ രേഖപ്പെടുത്തിയ ആകെ കോവിഡ് കേസുകളുടെ 70.43 ശതമാനവും കേരളമുൾപ്പെടെയുള്ള എട്ടു സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്ര, ബംഗാൾ, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹരിയാണ, ഛത്തീസ്ഗഢ്, ഡൽഹി എന്നിവയാണ് മറ്റു സംസ്ഥാനങ്ങൾ.
സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഉൾപ്പെടെയുള്ള 22 ഇടങ്ങളിൽ ദേശീയ ശരാശരിയായ 1.46 ശതമാനത്തെക്കാൾ താഴെയാണ് മരണനിരക്ക്. കേരളം (0.37), കർണാടകം (1.33), തെലങ്കാന (0.54), ആന്ധ്രാപ്രദേശ് (0.81) എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഇക്കൂട്ടത്തിലുണ്ട്.
നിലവിൽ 4,53,956 ആണ് രാജ്യത്തെ സജീവ കേസുകളുടെ എണ്ണം. ഏറ്റവുമൊടുവിൽ 41,810 പേർക്കാണ് കോവിഡ് ബാധിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 94 ലക്ഷത്തിനടുത്തെത്തി. 88 ലക്ഷത്തിലധികം പേർ കോവിഡ്മുക്തിനേടി. 93.71 ശതമാനമാണ് രോഗമുക്തിനിരക്ക്. ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് 1,36,696 പേരാണ് മരിച്ചത്. അനുബന്ധരോഗങ്ങൾ ഉള്ളവരാണ് മരിച്ചവരിൽ 70 ശതമാനത്തിലധികവും.
content Highlights:Eight states including Kerala account for 71 per cent of daily covid19 deaths, Health, Covid19, Corona Virus