Representative Image| Photo: Canva.com
വറുത്തതും പൊരിച്ചതുമായ ആഹാരങ്ങളും വിഷാദരോഗവും തമ്മിൽ ബന്ധമുണ്ടോ? ഉണ്ടെന്ന് സമർഥിക്കുകയാണ്ഒരു കൂട്ടർ ഗവേഷകർ. ലോകത്താകമാനമുള്ള മാനസിക പ്രശ്നങ്ങളിൽ മുന്നിൽ നിൽക്കുന്നവയാണ് വിഷാദരോഗവും അമിത ഉത്കണ്ഠയും. വറുത്തതും സംസ്കരിച്ചതുമായ ഭക്ഷണ പഥാർഥങ്ങളും മധുരം കൂടിയ ഭക്ഷണങ്ങളും ബിയറുമൊക്കെ ഈ രണ്ട് അവസ്ഥകൾ വഷളാക്കുന്നുവെന്നുവെന്ന് ഗവേഷകർ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഫ്രഞ്ച് ഫ്രൈസ് ഉൾപ്പെടെയുള്ള വറുത്ത ഭക്ഷണപഥാർഥങ്ങൾ കഴിക്കുക വഴിയും വിഷാദരോഗവും അമിത ഉത്കണ്ഠയും ബാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.
വറുത്തെടുക്കുന്നതിലൂടെ ഭക്ഷണത്തിന്റെ പോഷകാംശം നഷ്ടപ്പെടുകയും ശരീരത്തിന് ഹാനികരമായ കെമിക്കലുകൾ രൂപപ്പെടുകയും ചെയ്യുന്നുവെന്നാണ് ഗവേഷകർ പറയുന്നത്. ഉരുളക്കിഴങ്ങ് പോലുള്ള കാർബോഹൈഡ്രേറ്റുകൾ വറുക്കുന്നതിലൂടെ അക്രിലമൈഡ് (acrylamide) എന്ന കെമിക്കൽ രൂപപ്പെടുന്നു. ഇത് അമിതവണ്ണത്തിന് കാരണമാവുന്നതിനൊപ്പം ന്യൂറോളജിക്കൽ പ്രശ്നങ്ങൾക്കും ഇടയാക്കുന്നുവെന്നാണ് ഗവേഷകർ പറയുന്നത്.
വറുത്ത ഭക്ഷണങ്ങളും വിഷാദരോഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനം നടത്തിയാണ് വിലയിരുത്തലിലേക്ക് എത്തിയത്. PNAS എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. acrylamide എന്ന കെമിക്കൽ കൂടുതൽ രൂപപ്പെടുക വഴി മസ്തിഷ്കത്തിലെ നാഡീകോശങ്ങളുടെ പ്രവർത്തനത്തിൽ വ്യതിയാനം ഉണ്ടാവുകയും അതുവഴി വിഷാദത്തിനും അമിത ഉത്കണ്ഠയ്ക്കും കാരണമാകുമെന്നുമാണ് ഗവേഷകരുടെ വാദം.
സ്റ്റാർച്ച് അടങ്ങിയ ഭക്ഷണപദാർഥങ്ങൾ വറുക്കുകയോ റോസ്റ്റ് ചെയ്യുകയോ ഉയർന്ന താപനിലയിൽ പാകം ചെയ്യുകയോ ചെയ്യുമ്പോഴാണ് ഈ കെമിക്കൽ രൂപപ്പെടുന്നത്. പേപ്പർ, ടെക്സ്റ്റൈൽസ്, കോസ്മെറ്റിക്സ്, പ്ലാസ്റ്റിക് തുടങ്ങിയവയുടെ നിർമാണത്തിൽ ഉപയോഗിക്കുന്ന കെമിക്കലാണ് Acrylamide. ഉയർന്ന താപനിലയിൽ സ്റ്റാർച്ച് അടങ്ങിയ ഭക്ഷണം പാകംചെയ്യുക വഴി അവ ഭക്ഷണപദാർഥങ്ങളിലും സ്വാഭാവികമായി രൂപപ്പെടുന്നു. ഫ്രഞ്ച് ഫ്രൈസ്, ഉരുളക്കിഴങ്ങ് ചിപ്സ് എന്നിവ കൂടാതെ കുക്കീസ്, കോൺ ബ്രേക്ഫാസ്റ്റ് സീറിയൽ, ടോസ്റ്റ്, കോഫി തുടങ്ങിയവയിലും ഈ കെമിക്കലിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നാണ് അമേരിക്കൻ കാൻസർ സൊസൈറ്റി വ്യക്തമാക്കുന്നത്.
യു.കെ ബയോബാങ്കിൽ നിന്നു ശേഖരിച്ച 140,728 പേരുടെ ഡാറ്റയിൽ നിന്നാണ് പഠനം ആരംഭിച്ചത്. വറുത്തതും പൊരിച്ചതുമായ ഭക്ഷണത്തിന്റെ ഉപഭോഗവും വിഷാദരോഗം പിടിപെട്ട സാഹചര്യങ്ങളും വിലയിരുത്തിയാണ് പഠനം നടത്തിയത്. 11.3 വർഷത്തോളം നീണ്ട പഠനത്തിനൊടുവിലാണ് കണ്ടെത്തലിൽ എത്തിയത്. ഗവേഷണങ്ങളിൽ സാധാരണയായി കാണപ്പെടുന്ന മോഡലായ സീബ്രാഫിഷിനെ ആസ്പദമാക്കിയും പഠനം നടത്തി. 180 ദിവസത്തോളം Acrylamideന് വിധേയമായ സീബ്രാഫിഷുകളിൽ വിഷാദത്തിന്റെയും അമിത ഉത്കണ്ഠയുടെയും സ്വഭാവമാറ്റങ്ങൾ പ്രകടിപ്പിക്കുകയുണ്ടായി.
പഠനത്തിനൊടുവിലാണ് അമിത ഉത്കണ്ഠ അനുഭവപ്പെട്ടതിന്റെ 8,294 കേസുകളും വിഷാദരോഗത്തിന്റെ 12,735 കേസുകളും ഗവേഷകർ കണ്ടെത്തിയത്. വറുത്തഭക്ഷണം ദിവസത്തിൽ ഒന്നിലധികം കഴിക്കുന്നവരിൽ അമിത ഉത്കണ്ഠയ്ക്കുള്ള സാധ്യത 12 ശതമാനവും വിഷാദത്തിനുള്ള സാധ്യത 7 ശതമാനവും മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണെന്ന് കണ്ടെത്തി.
വറുത്ത ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നത് പുരുഷന്മാരും ചെറുപ്പക്കാരും പുകവലി ശീലമാക്കിയവരും ആണെന്നും പഠനത്തിൽ പറയുന്നുണ്ട്. വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ, പ്രത്യേകിച്ച് ഫ്രഞ്ച് ഫ്രൈസ്, ബേക്കൺ തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കണമെന്ന് നിർദേശിക്കുകയാണ് ഗവേഷകർ. അതേസമയം പഠനത്തിനായി ശേഖരിച്ച ഡേറ്റയും പഠനത്തിന്റെ രീതിയും പരിമിതമാണെന്ന മറുവാദം ഉയർത്തുന്നവരുമുണ്ട്.
Content Highlights: Eating French fries and other fried foods linked to higher risk of anxiety and depression
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..