കൊറോണയെ പ്രതിരോധത്തില്‍ മാസ്‌ക് അവിഭാജ്യഘടകമാണ്. എന്നാല്‍, ചില മാസ്‌കുകള്‍ ഏറെ നേരം ധരിക്കുമ്പോള്‍ പലരുടെയും ചെവി വേദനിയ്ക്കുന്നുണ്ട്. ഈ വേദനയ്ക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം വിദ്യാര്‍ഥികള്‍.

കുറ്റിപ്പുറം എം.ഇ.എസ്. എന്‍ജി. കോളേജിലെ അവസാന വര്‍ഷ മെക്കാനിക്കല്‍വിഭാഗം വിദ്യാര്‍ഥികളായ മുഹമ്മദ് ഹഫ്സല്‍, മുഹമ്മദ്ഫഹീം, അബ്ദുല്ല ഫായിസ്, എം. സഹീം എന്നിവരാണ് 'മാസ്‌ക് അസിസ്റ്റന്റ്' എന്ന ഈ കണ്ടുപിടിത്തത്തിനുപിന്നില്‍. 

സുതാര്യമായ പ്ലാസ്റ്റിക് ഷീറ്റായ അക്രിലിക് കൊണ്ടാണ് വളരെ ലളിതമായരീതിയില്‍ ധരിക്കാവുന്ന 'മാസ്‌ക് അസിസ്റ്റന്റ്' നിര്‍മിച്ചിരിക്കുന്നത്. മാസ്‌കിന്റെ കെട്ടുന്ന ഭാഗം തലയുടെ പിന്നിലേയ്ക്കിട്ട് ഇതില്‍ കൊളുത്തിയിടുകയാണ് വേണ്ടത്. 

വളരെ ഭാരംകുറഞ്ഞതും കഴുകിവൃത്തിയാക്കി വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്നതുമായ രീതിയിലാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. മെക്കാനിക്കല്‍വിഭാഗം മേധാവി ഡോ. റഹുമ്മത്തുന്‍സയുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ ഇത് നിര്‍മിച്ചത്.

കണ്ടുപിടിത്തം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി ചെറിയവിലയ്ക്ക് മാസ്‌ക് അസിസ്റ്റന്റ് വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാര്‍ഥികള്‍. ലോക്ഡൗണ്‍ ആയതിനാല്‍ നിര്‍മാണവസ്തുക്കളുടെ ലഭ്യതക്കുറവാണ് വിദ്യാര്‍ഥികളെ അലട്ടുന്നപ്രശ്‌നം. കുറഞ്ഞചെലവില്‍ വെന്റിലേറ്റര്‍ നിര്‍മാണവും കോളേജില്‍ നടക്കുന്നുണ്ട്.

Content Highlights: ear pain free face mask developed by Engineering students, Health