പിറവം: 'മനസ്സിന്റെ ദൃഢതയാണു പ്രധാനം. എന്തു പ്രലോഭനമുണ്ടായാലും മദ്യപിക്കില്ലെന്ന ഉറച്ച തീരുമാനമെടുക്കാനുള്ള സ്ഥൈര്യം മനസ്സിന് ഉണ്ടായാല്‍ മതി. പിന്നെ ഇന്നു ഞാന്‍ മദ്യപിക്കില്ല എന്ന തീരുമാനം ദിവസവും മനസ്സില്‍ പറഞ്ഞ് ഉറപ്പിക്കണം-മദ്യാസക്തിയില്‍നിന്നു മോചനം നേടി പൊതുപ്രവര്‍ത്തന രംഗത്തു സജീവമാവുകയും തിരഞ്ഞെടുപ്പില്‍ ജയിച്ച് രാമമംഗലം പഞ്ചായത്തിന്റെ പ്രസിഡന്റാവുകയും ചെയ്ത ഇ.പി. ജോര്‍ജിന്റെ വാക്കുകളാണിത്. കൗണ്‍സലിങ് പോലുള്ളവ മനസ്സിന് കരുത്തുപകരും, കൗണ്‍സലിങ്ങും ഉറച്ച ഈശ്വര വിശ്വാസവുമാണ് തനിക്ക് മദ്യത്തില്‍നിന്നു മുക്തി നല്‍കിയതെന്നു ജോര്‍ജ് പറയുന്നു.

നീണ്ടകാലം കടുത്ത മദ്യപനായിരുന്ന ജോര്‍ജ് ഇപ്പോള്‍ മദ്യം തൊട്ടിട്ടു പതിമൂന്നു വര്‍ഷമായി.

E.P. George
ഇ.പി. ജോര്‍ജ്

''ഡിഗ്രി പഠന കാലത്താണു മദ്യപാനം തുടങ്ങിയത്. ബിരുദാനന്തര ബിരുദത്തിനു ശേഷം മിലിറ്ററി സര്‍വീസില്‍ ക്ലാര്‍ക്കായി ജോലി കിട്ടി. പത്ത് കൊല്ലത്തെ സര്‍വീസിനു ശേഷം വൊളന്ററി റിട്ടയര്‍മെന്റെടുത്തു തിരിച്ചെത്തി. ഫുള്‍ ടൈം വെള്ളമടിക്കാമെന്ന കണക്കുകൂട്ടലിലാണു ജോലി ഉപേക്ഷിച്ചത്. നാട്ടിലെത്തിയതോടെ സകല നിയന്ത്രണങ്ങളും വിട്ട് മദ്യത്തില്‍ മുങ്ങി. പിന്നീട് തടിവെട്ട് പണിക്കാരനായി. പണിയെടുക്കുന്നതു തന്നെ കുടിക്കാനായിരുന്നു. മികച്ച ജോലിക്കായി ഓഫറുകള്‍ വന്നെങ്കിലും മദ്യം ഉപേക്ഷിക്കാന്‍ പറ്റാത്തതിനാല്‍ പോയില്ല. പിന്നീട് രോഗിയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോഴാണ് ഡീ അഡിക്ഷന്‍ സെന്ററിന്റെ പ്രവര്‍ത്തനത്തെപ്പറ്റി മനസ്സിലായത്. കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡീ അഡിക്ഷന്‍ കേന്ദ്രത്തില്‍ ഒരു മാസം കഴിഞ്ഞു. കൗണ്‍സലിങ് ക്ലാസുകളിലൂടെ മനസ്സിനെ വരുതിയിലാക്കി. ഇന്ന് 'ആല്‍ക്കഹോളിക് അനോണിമസ്' എന്ന കൂട്ടായ്മയില്‍ അംഗമാണ്. ഡയറക്ടര്‍ ഫ്രാന്‍സിസ് മൂത്തേടനൊപ്പം കൗണ്‍സലിങ് ക്ലാസുകളും നടത്താറുണ്ട്'' - ജോര്‍ജ് പറഞ്ഞു. ഡീ അഡിക്ഷന്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ജോര്‍ജ് നൂറ്റിയമ്പതോളം പേരെ ഡീ അഡിക്ഷന്‍ കേന്ദ്രത്തിലെത്തിച്ച് മദ്യമുക്തരാക്കി. മദ്യവിരുദ്ധ പ്രവര്‍ത്തനം സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നും ജോര്‍ജ് പറയുന്നു.

Content Highlights: E.P. George, a person who has recovered from alcohol addiction, Health, Lahari Virudha Campaign