കോഴിക്കോട്: ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ കൂടുതല്‍ വേഗത്തില്‍ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്ന ഇ-ഹെല്‍ത്ത് പദ്ധതി ജില്ലയില്‍ ആദ്യം നടപ്പായത് 12 കുടുംബാരോഗ്യകേന്ദ്രങ്ങളില്‍. ഇതിനുപുറമെ ഒമ്പത് ആരോഗ്യകേന്ദ്രങ്ങളില്‍ കൂടി ഉടനടി സജ്ജമാകും.

വടകര, ഇരിങ്ങല്‍ കോട്ടക്കല്‍, പുതുപ്പാടി, രാമനാട്ടുകര, ചാലിയം, മേപ്പയ്യൂര്‍, മൂടാടി, പനങ്ങാട്, അരിക്കുളം, ആയഞ്ചേരി, മരുതോങ്കര, കുന്ദമംഗലം എന്നീ കുടുംബാരോഗ്യകേന്ദ്രങ്ങളിലാണ് ആദ്യം നടപ്പായത്. വടകര ജില്ലാ ആശുപത്രി, കൊയിലാണ്ടി, ഫറോക്ക്, പേരാമ്പ്ര, നാദാപുരം, കുറ്റ്യാടി താലൂക്ക് ആശുപത്രികള്‍, മുക്കം, തിരുവങ്ങൂര്‍, ഉള്ളിയേരി സാമൂഹിക ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് നിലവില്‍ ഇ-ഹെല്‍ത്തിനുള്ള അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. എം.എല്‍.എ. ഫണ്ട് ഉപയോഗിച്ചാണ് ഇവിടെ പ്രവര്‍ത്തനം. ഇതിനുപുറമെ 13 കേന്ദ്രങ്ങളില്‍ കൂടി നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

രോഗികള്‍ക്ക് ലഭിക്കുന്ന ഹെല്‍ത്ത് കാര്‍ഡ് വഴി ബുക്കിങ്, ഡോക്ടര്‍മാര്‍ക്ക് കംപ്യൂട്ടറില്‍ രോഗവിവരം ലഭിക്കല്‍, മരുന്നുള്‍പ്പെടെയുള്ള വിവരങ്ങള്‍ തുടങ്ങിയവയെല്ലാം സാധ്യമാകും. കടലാസ് രഹിതമായി ഡിജിറ്റല്‍ സംവിധാനത്തിലൂടെ ചികിത്സാസൗകര്യങ്ങള്‍ ഒരുക്കാനാവുമെന്നതാണ് ഇ-ഹെല്‍ത്തിന്റെ നേട്ടം. സംസ്ഥാനത്തെ ഇ-ഹെല്‍ത്തിന്റെ രണ്ടാം ഘട്ടത്തിലാണ് കോഴിക്കോട് ജില്ലയെ ഉള്‍പ്പെടുത്തിയത്. എന്നാല്‍ കോവിഡ് എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിച്ചപ്പോള്‍ ഒന്നും രണ്ടും ഘട്ടപ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏതാണ്ട് ഒരേരീതിയിലാണ് മുന്നോട്ടുപോകുന്നത്. ഇ-ഹെല്‍ത്തുമായി ബന്ധപ്പെട്ടുള്ള വാര്‍ഷിക അറ്റകുറ്റപ്പണി, നെറ്റ്വര്‍ക്ക് സംവിധാനം എന്നിവയുടെ ചുമതല ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയോ തദ്ദേശ സ്ഥാപനങ്ങളോ വഹിക്കണം. ഒമ്പത് ആരോഗ്യകേന്ദ്രങ്ങിലെ ഇ-ഹെല്‍ത്ത് സംവിധാനം ഉടന്‍തന്നെ തുടങ്ങാനാകുമെന്നും ഘട്ടംഘട്ടമായി മറ്റിടങ്ങളില്‍ പ്രവര്‍ത്തനം നടത്തുകയാണെന്നും നോഡല്‍ ഓഫീസര്‍ ഡോ. പി.പി. പ്രമോദ് കുമാര്‍ പറഞ്ഞു.

Content highlights: e health programme kozhikode district first time in 12 family health centers