ഡ്വെയ്ൻ ജോൺസൺ
ശാരീരികാരോഗ്യം നിലനിർത്തുന്നതിൽ മാനസികാരോഗ്യത്തിന് വലിയ പങ്കാണുള്ളത്. മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സെലിബ്രിറ്റികൾ ഉൾപ്പെടെയുള്ളവർ പങ്കുവെക്കാറുണ്ട്. വിഷാദരോഗം പോലുള്ള അവസ്ഥകളിലൂടെ കടന്നു പോകുന്നതിനെക്കുറിച്ചും അതിജീവിച്ചതിനെക്കുറിച്ചുമൊക്കെ നിരവധിപേർ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഹോളിവുഡ് താരം ഡ്വെയ്ൻ ജോൺസൺ വിഷാദത്തിലൂടെ കടന്നുപോയതിനെക്കുറിച്ച് അനുഭവം പങ്കുവെച്ചിരിക്കുകയാണ്.
വിഷാദരോഗവുമായുള്ള പോരാട്ടത്തെക്കുറിച്ചാണ് ഡ്വെയ്ൻ പങ്കുവെച്ചിരിക്കുന്നത്. കോളേജ് കാലം തൊട്ട് താൻ വിഷാദരോഗത്തിന് അടിമയായിരുന്നു എന്നു പറയുകയാണ് ഡ്വെയ്ൻ. മിയാമി സർവകലാശാലയിലെ പഠനകാലം മുതൽ വിഷാദരോഗം തനിക്കൊപ്പം ഉണ്ടായിരുന്നു. ശേഷം സിനിമാലോകത്ത് പ്രശസ്തി നേടിയപ്പോഴും താൻ അതിലൂടെ കടന്നുപോവുകയായിരുന്നു എന്ന് ഡ്വെയ്ൻ പറയുന്നു.
തനിക്ക് സ്കൂളിൽ പോകാൻ ഒരിക്കലും ഇഷ്ടമായിരുന്നില്ല എന്നും ഡ്വെയ്ൻ പറയുന്നു. പഠനം ഉപേക്ഷിക്കാൻ ഒരുക്കമായിരുന്നു. എന്നാൽ എന്താണ് തനിക്ക് സംഭവിക്കുന്നത് എന്ന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. അന്ന് എന്താണ് മാനസികാരോഗ്യം എന്നോ വിഷാദം എന്നോ അറിയുമായിരുന്നില്ല- ഡ്വെയ്ൻ പറയുന്നു.
റെസ്ലിങ് ലോകത്തും സിനിമാ ലോകത്തുമൊക്കെ അറിയപ്പെട്ടപ്പോഴും ജീവിതത്തിന്റെ പലഘട്ടങ്ങളിലും വിഷാദം തന്നെ വിടാതെ പിന്തുടർന്നിരുന്നു എന്നും ഡ്വെയ്ൻ പറയുന്നുണ്ട്. വിവാഹമോചിതനായ സമയത്തും വിഷാദരോഗത്തിലൂടെ കടന്നുപോവുകയുണ്ടായി. മക്കളായ സിമോൺ, ജാസ്മിൻ, ടിയാന എന്നിവർക്കൊപ്പമുള്ള സമയമാണ് തന്നെ സംരക്ഷിച്ചു നിർത്തിയതെന്നും ഡ്വെയ്ൻ പറയുന്നുണ്ട്.
ശേഷം 2017ലും വിഷാദത്തിന്റെ ലക്ഷണങ്ങൾ വീണ്ടും പ്രകടമാവുകയുണ്ടായി. എന്നാൽ അപ്പോഴേക്കും താൻ രോഗസ്ഥിരീകരണം നടത്തിയിരുന്നു എന്നും തന്നെ ചേർത്തു നിർത്തുന്ന ഒരുകൂട്ടം സുഹൃത്തുക്കൾ ഉണ്ടായിരുന്നു എന്നും ഡ്വെയ്ൻ പറയുന്നു.
ഏതെങ്കിലും വിധത്തിലുള്ള മാനസികാരോഗ്യ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവർ അതേക്കുറിച്ച് ആരോടെങ്കിലും തുറന്നു സംസാരിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ആ വേദന ഉള്ളിൽ തന്നെ വച്ചാൽ പരിഹരിക്കാനാവില്ല. ആരോടെങ്കിലും തുറന്നു പറയാനുള്ള ധൈര്യമാണ് വേണ്ടത്. തന്റെ രണ്ട് സുഹൃത്തുക്കളാണ് ആത്മഹത്യ ചെയ്തത്. അതിനാൽ ഒറ്റയ്ക്കാണെന്ന തോന്നൽ ഉണ്ടാകരുതെന്നും മനസ്സു തുറക്കാൻ തയ്യാറാകണം എന്നും ഡ്വെയ്ൻ പറയുന്നു.
Content Highlights: Dwayne Johnson reveals he has struggled with depression
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..