ന്യൂഡൽഹി: ഒമിക്രോൺ വ്യാപനം കണക്കിലെടുത്ത് പഴുതടച്ച പരിശോധന ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രനിർദേശം. രോഗബാധ സംശയിക്കുന്നവരുടെ കോവിഡ് സാമ്പിളുകൾ ഇരട്ട ആർ.ടി.പി.സി.ആർ. പരിശോധന നടത്തണം. രോഗവ്യാപനം തടയാനും ജനിതകശ്രേണീകരണ പരിശോധനയുടെ ചെലവും സമയവും ലാഭിക്കാനും ഇതിലൂടെ സാധിക്കും.

ഒരേ സാംപിളിൽ രണ്ടുപരിശോധന

രോഗബാധ സംശയിക്കുന്ന വ്യക്തിയുടെ മൂക്കിൽനിന്നോ വായിൽനിന്നോ എടുക്കുന്ന സാമ്പിളുകൾ ‘സ്റ്റാൻഡേഡ്‌ ആർ.ടി.പി.സി.ആർ. കിറ്റ്’ ഉപയോഗിച്ച് ആദ്യം പരിശോധിക്കും. പോസിറ്റീവായാൽ അതേ സാമ്പിൾ ‘എസ്-ജീൻ’ ഉണ്ടോ എന്ന് ഉറപ്പാക്കാൻ ഇറക്കുമതിചെയ്ത എസ്.ജി.ടി.എഫ്. (എസ്. ജീൻ ടാർഗറ്റ് ഫെയില്യർ) ആർ.ടി.പി.സി.ആർ. കിറ്റ് ഉപയോഗിച്ച് വീണ്ടും പരിശോധിക്കും. വൈറസിൽ എസ്-ജീനിന്റെ അസാന്നിധ്യമാണ് ഒമിക്രോണിന്റെ ലക്ഷണം.

വളരെ ചെറിയ ഒമിക്രോൺ സാന്നിധ്യംപോലും കണ്ടെത്താൻ കഴിയുമെന്നതാണ് ഇരട്ട ആർ.ടി.പി.സി.ആർ. പരിശോധനയുടെ ഗുണം. രോഗം പകരാതിരിക്കാൻ ഇത് സഹായിക്കും. ഒമിക്രോൺ കേസുകൾ കൂടിയ രാജ്യങ്ങളിൽ ഈ രീതിയാണ് പിന്തുടരുന്നത്.

ചെലവ് കുറയ്ക്കാം

ഒമിക്രോൺ സംശയിക്കുന്ന കോവിഡ് സാമ്പിളുകൾ ലബോറട്ടറികളുടെ കൺസോർഷ്യമായ ഇൻസാകോഗിന് കീഴിലുള്ള ലാബുകളിൽ അയച്ചാണ് ജനിതകശ്രേണീകരണം പരിശോധിക്കുന്നത്. പരിശോധനഫലം വരാൻ ഒരാഴ്ചയോളം എടുക്കുമെന്നുമാത്രമല്ല ഒരു കോവിഡ് സാമ്പിളിന് ഗതാഗതച്ചെലവ് ഉൾപ്പെടെ 5000 രൂപയാകും. എന്നാൽ, ഇരട്ട കോവിഡ് പരിശോധനയിലൂടെ ചെലവ് ലഘുകരിക്കാം. സ്റ്റാൻഡേഡ്‌ ആർ.ടി.പി.സി.ആർ. കിറ്റിന് 19 രൂപയും എസ്.ജി.ടി.എഫ്.-ആർ.ടി.പി.സി.ആർ. കിറ്റിന് 240 രൂപയുംമാത്രമേ ചെലവുള്ളൂ. 260 രൂപയ്ക്ക് ഒരു ദിവസത്തിനുള്ളിൽ ഫലമറിയാം.

ഡൽഹിയിൽ മാത്രമാണ് ഇപ്പോൾ എല്ലാ കോവിഡ് സാമ്പിളുകളും ഒമിക്രോൺ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഭാരിച്ച ചെലവുകൊണ്ടാകാം മറ്റുസംസ്ഥാനങ്ങൾ ഇത് ചെയ്യാത്തത്.

എന്നാൽ, ഇരട്ട ആർ.ടി.പി.സി.ആർ. പരിശോധനയിലൂടെ ഇൻസാകോഗിന്റെ സഹായമില്ലാതെ സാധാരണ സർക്കാർ ലാബുകളിൽനിന്നുതന്നെ ഒമിക്രോൺ കണ്ടെത്താൻ കഴിയും. ഇരട്ട ആർ.ടി.പി.സി.ആർ. പരിശോധന ആംഭിക്കാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

Content Highlights: dual rtpcr test to detect omicron, covid new variant, omicron latest news