-
മാതൃഭൂമി മാക്‌സഡ് വെബ്ബിനാര്‍ പരമ്പരയിലെ നാലാമത്തെ സെഷന്‍ ജൂലൈ 26 ന് സൂം ആപ്ലിക്കേഷന്‍ വഴി നടന്നു. പ്രശസ്ത ആരോഗ്യ വിദഗ്ധയും വീഡിയോ ബ്ലോഗറുമായ ഡോ. സൗമ്യ സരിന്‍ ആയിരുന്നു മുഖ്യാതിഥി. ഏകദേശം പതിനായിരം പേര്‍ ഡോ. സൗമ്യയുടെ ഹീലിംഗ് ടോണ്‍ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയും തത്സമയം ഈ ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ചയുടെ വീഡിയോ റെക്കോര്‍ഡിങ് മാക്‌സഡ് യൂട്യൂബ് ചാനലില്‍ ലഭ്യമാണ്.
മനുഷ്യരാശി കോവിഡ് പ്രതിസന്ധി അതിജീവിക്കുമെന്നും എന്നാല്‍ ഈ മഹാമാരി കാലത്തിലെ തിക്താനുഭവങ്ങള്‍ ഉള്‍ക്കൊണ്ടു ഒരു പുതിയ ജീവിത ശൈലിയുമായി പൊരുത്തപ്പെട്ടു കഴിയാന്‍ തയ്യാറാകണമെന്നും ഡോ. സൗമ്യ അഭിപ്രായപ്പെട്ടു. നമ്മുടെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ വൃത്തിക്കുള്ള മഹത്വവും ഒരു നല്ല ജീവിത ശൈലിയുടെ പ്രസക്തിയെ കുറിച്ചുമുള്ള അവബോധം ജനങ്ങളുടെ ഇടയില്‍ സൃഷ്ടിക്കാന്‍ ഈ മഹാമാരിക്കു സാധിച്ചിട്ടുണ്ട്. അത് പോലെ തന്നെ പ്രതിരോധ കുത്തിവയ്പ്പുകളുടെ പ്രാധാന്യം എല്ലാവരും തിരിച്ചറിഞ്ഞു.
രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഒരു ചികിത്സാ സംവിധാനത്തിലും കുറുക്കു വഴികളില്ല. സമീകൃത ഭക്ഷണം, നല്ല ഉറക്കം, പിരിമുറുക്കങ്ങളിലുള്ള അയവ്, ദിവസേനയുള്ള വ്യായാമം, ദുശ്ശീലങ്ങളുടെ ഉപേക്ഷ എന്നിവ ഒരു ആരോഗ്യ പൂര്‍ണമായ ജീവിതം നയിക്കാനും ജീവിതചര്യാ രോഗങ്ങളെ ചെറുക്കാനും സഹായിക്കുമെന്ന് ഡോ സൗമ്യ പറഞ്ഞു.
വന്യ ജീവികളില്‍ നിന്നുമുള്ള വൈറസ് അണുബാധ തടയാന്‍ ഏകാരോഗ്യത്തിന്റെ പ്രസക്തി മനസ്സിലാക്കി പ്രകൃതിയുടെയും പക്ഷിമൃഗാദികളുടെയും സംരക്ഷണം ഉറപ്പു വരുത്തണം. അത് പോലെ പരിചയമില്ലാത്ത മൃഗങ്ങളുടെ ഇറച്ചി കഴിക്കാതിരിക്കാനും അവരുടെ ആവാസ വ്യവസ്ഥിതിക്കു കോട്ടം വരുത്താതിരിക്കാനും ശ്രദ്ധിക്കണം.
കോവിഡ് പ്രതിരോധിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ട ടെക്‌നിക്കല്‍ സപ്പോര്‍ട്ട് നല്കാന്‍ ടാറ്റ, മഹീന്ദ്ര തുടങ്ങിയ വലിയ കോര്‍പ്പറേറ്റ് കമ്പനികള്‍ മുന്‍പോട്ടു വന്നത് ഏറെ പ്രത്യാശ നല്‍കുന്നു. കേരളത്തിലും രാജ്യത്തിലും അണുബാധയെക്കുറിച്ചും പകര്‍ച്ച വ്യാധികളെ കുറിച്ചും ഗവേഷണം നടത്തുവാന്‍ കൂടുതല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ സജ്ജമാക്കണം. ഇങ്ങനെ ഉള്ള മഹാമാരികളെ നേരിടാന്‍ പൊതു - സ്വകാര്യ കൂട്ടായ്മ വളരെ അത്യാവശ്യമാണെന്നും വിവിധ സര്‍ക്കാരുകള്‍ തങ്ങളുടെ വാര്‍ഷിക ബജറ്റിന്റെ കൂടുതല്‍ ശതമാനം ആരോഗ്യ മേഖലയെ കൂടുതല്‍ സുസജ്ജമാക്കാന്‍ മാറ്റി വെക്കണമെന്നും ഡോ സൗമ്യ പറഞ്ഞു.
Content Highlights: Dr Soumya Sarin in Mathrubhumi Maxed Webinar about Health during Corona Pandemic
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..