ഗൂഗിൾ ഡൂഡിൽ
ചിക്കന്‍പോക്സ് വാക്സിന് കണ്ടെത്തിയ ജപ്പാനീസ് വൈറോളജിസ്റ്റ് ഡോ. മിക്കിയാക്കി തകഹാഷിയുടെ 94 ാം ജന്മദിനമാണ് ഇന്ന്. അദ്ദേഹത്തോട് ഡൂഡിലിലൂടെ ആദരമര്‍പ്പിച്ചിരിക്കുകയാണ് ഗൂഗിള്‍.
ചിക്കന്‍പോക്സിനെതിരായ വാക്സിന് ലോകത്തുള്ള ലക്ഷക്കണക്കിന് കുട്ടികളെയാണ് രോഗപകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്.
ടോക്കിയോ ആസ്ഥാനമായുള്ള ഗസ്റ്റ് ആര്‍ട്ടിസ്റ്റ് ടാട്സുറോ കിയുച്ചിയാണ് ഗൂഗിള്‍ ഡൂഡില്‍ തയ്യാറാക്കിയത്. ഡോ. മിക്കിയാക്കി തകഹാഷി വാക്സിന് ഗവേഷണം നടത്തുന്നതും ചിക്കന്‍പോക്സ് വാക്സിന് നല്കി ഒരു കുഞ്ഞിന്റെ ജീവന് രക്ഷിക്കുന്നതുമാണ് ഡൂഡിലില്‍ കാണിച്ചിരിക്കുന്നത്.
1928 ഫെബ്രുവരി 17ന് ജപ്പാനിലെ ഒസാക്കയിലാണ് ഡോ. മിക്കിയാക്കി തകഹാഷി ജനിച്ചത്. ഒസാക്ക സര്‍വകലാശാലയില്‍ നിന്ന് മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം1959 ല്‍ ഒസാക്ക സര്‍വകലാശാലയിലെ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മൈക്രോബിയല്‍ ഡിസീസില്‍ ഉപരിപഠനത്തിനായി ചേര്‍ന്നു. മീസില്‍സ്, പോളിയോ വൈറസുകളെക്കുറിച്ച് പഠനം നടത്തുന്നതിനിടയില്‍ ഡോ. മിക്കിയാക്കി തകഹാഷിയ്ക്ക് 1963 ല്‍ യു.എസിലെ ബെയ്ലര് കോളേജില്‍ ഫെല്ലോഷിപ്പോടെ ഗവേഷണാവസരം ലഭിച്ചു. ഈ സമയത്തായിരുന്നു ഡോ. മിക്കിയാക്കി തകഹാഷിയുടെ മകന് ചിക്കന്‍പോക്സ് ഗുരുതരമായി ബാധിച്ചത്. ഇതിനെത്തുടര്‍ന്ന് തന്റെ ഗവേഷണം ഈ മേഖലയിലാക്കുകയായിരുന്നു അദ്ദേഹം.
ഡോ. മിക്കിയാക്കി തകഹാഷി 1965 ല്‍ ജപ്പാനിലേക്ക് തിരിച്ചെത്തിയ ശേഷം ജീവനുള്ളതും അതേസമയം ശക്തികുറഞ്ഞതുമായ ചിക്കന്‍പോക്സ് വൈറസുകളെ മൃഗങ്ങളിലും മനുഷ്യ കോശങ്ങളിലും കള്‍ച്ചര്‍ ചെയ്ത് ഉപയോഗിക്കാന്‍ തുടങ്ങി. അഞ്ചുവര്‍ഷത്തിന് ശേഷം ഇത് ക്ലിനിക്കല്‍ ട്രയലുകള്‍ക്ക് തയ്യാറായി. 1974 ല്‍ ഡോ. മിക്കിയാക്കി തകഹാഷി ചിക്കന്‍പോക്സിന് കാരണമായ വാരിസെല്ല വൈറസിനെ ടാര്‍ഗറ്റ് ചെയ്തുകൊണ്ടുള്ള ആദ്യത്തെ വാക്സിന് വികസിപ്പിച്ചു. ഇതാണ് ലോകാരോഗ്യ സംഘടനയുടെ അനുമതി നേടിയ ഒരേ ഒരു വാരിസെല്ല വാക്സിന്.
ഡോ. മിക്കിയാക്കി തകഹാഷിയുടെ ഗവേഷണഫലം 80 രാജ്യങ്ങളില്‍ ജീവന്‍രക്ഷാ വാക്സിനായി ഉപയോഗിക്കപ്പെട്ടു തുടങ്ങി. 1994 ല്‍ അദ്ദേഹത്തെ ഒസാക്ക സര്‍വകലാശാലയുടെ മൈക്രോബിയല്‍ ഡിസീസ് സ്റ്റഡി ഗ്രൂപ്പിന്റെ ഡയറക്ടറാക്കി. വിരമിക്കുന്ന കാലം വരെ അദ്ദേഹം ഈ സ്ഥാനത്ത് തുടര്‍ന്നു. 2013 ഡിസംബര്‍ 16 ന് അദ്ദേഹം അന്തരിച്ചു.
Content Highlights: Dr Michiaki Takahashi: Google Doodle Celebrates Chickenpox Vaccine Pioneer's 94th Birth Anniversary
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..