ചങ്ങനാശ്ശേരി: കാന്‍സര്‍ ചികിത്സാകേന്ദ്രത്തില്‍നിന്ന് ഇനി ചികിത്സയില്ലെന്ന് പറഞ്ഞ് മടക്കുന്ന രോഗികള്‍ക്കുവരെ പുതുജീവന്‍ നല്‍കിയ ഡോ. സി.പി.മാത്യു ഇനി ഓര്‍മ. പ്രായാധിക്യംമറന്ന് അവസാനനാളിലും രോഗികള്‍ക്ക് പ്രതീക്ഷയും പുതുജീവനും നല്‍കി മണര്‍കാട് ചെറിയാന്‍ ആശ്രമത്തില്‍ അദ്ദേഹം സജീവമായിരുന്നു. സിദ്ധ, ആയുര്‍വേദ തുടങ്ങിയ ഭാരതീയ ചികിത്സാ സമ്പ്രദായങ്ങളും ഹോമിയോയും ഉള്‍പ്പെടുത്തിയ സംയോജിത ചികിത്സയിലൂടെയാണ് കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസം പകര്‍ന്നത്.

എട്ടാം സ്റ്റാന്‍ഡേര്‍ഡില്‍ (പഴയ ഫോര്‍ത്ത്) പഠിക്കുമ്പോഴാണ് ഡോക്ടര്‍ ആകണമെന്ന ആഗ്രഹം ഉണ്ടാകുന്നത്. കുടുംബസുഹൃത്തായിരുന്ന ഡോ. കുര്യച്ചന്‍ വീട്ടില്‍ ചികില്‍സിക്കാന്‍ വരാറുണ്ടായിരുന്നു. കോട്ടും പോക്കറ്റില്‍ തൂക്കിയിടുന്ന വാച്ചും ഒക്കെയായി വരുന്ന അദ്ദേഹത്തിന്റെ പെരുമാറ്റം മാത്യുവിനെ ആകര്‍ഷിച്ചു. എം.ബി.ബി.എസ്. പഠിക്കാന്‍ ചെന്ന അദ്ദേഹത്തെ വിഷമിപ്പിച്ചത് കാന്‍സര്‍ ബാധിതര്‍ വേദനകൊണ്ട് പിടഞ്ഞുമരിക്കുന്ന രംഗങ്ങളാണ്. 1983-ല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ജോലിചെയ്യുമ്പോള്‍ ഒരാള്‍ അദ്ദേഹത്തെ കാണാന്‍ വന്നു. രോഗവിവരം അറിയിച്ചശേഷം, തനിക്ക് ഒരാഴ്ചയേ ഇനി ബാക്കിയുള്ളൂവെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയെന്ന് പറഞ്ഞു. രോഗിയെ വിധിക്കുന്നതിന് പകരം ചികിത്സിക്കാന്‍ ശ്രമിക്കണമെന്ന അടിസ്ഥാനപ്രമാണം അദ്ദേഹം ഓര്‍ത്തു. ചികിത്സ മാത്യു ഏറ്റെടുത്തു. രോഗിയുടെ നില മെച്ചപ്പെട്ടു. ഒട്ടും പ്രതീക്ഷയില്ലാതിരുന്ന രോഗി കുറേക്കാലംകൂടി ജീവിച്ചു.

അലോപ്പതികൊണ്ട് രോഗം ഭേദമാക്കാന്‍ സാധിക്കാതെ സാന്ത്വനപരിചരണത്തിന് അയയ്ക്കുന്ന രോഗികള്‍ക്ക് സിദ്ധ, ആയുര്‍വേദ ചികിത്സകളും അദ്ദേഹം ശുപാര്‍ശചെയ്തിരുന്നു.

സിദ്ധ പഠിച്ച് അതുകൂടി പ്രാക്ടീസ് ചെയ്തു. പിന്നീട് സിദ്ധയെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തി. മദ്രാസില്‍ ചില കമ്പനികള്‍ സിദ്ധമരുന്നുകള്‍ നിര്‍മിച്ചിരുന്നു. അവയുമായി ബന്ധപ്പെട്ട് മരുന്നുകള്‍ എത്തിച്ചു. 37 വര്‍ഷങ്ങളായി ഇത്തരം രോഗികള്‍ക്ക് സിദ്ധ മരുന്നുകളാണ് കൂടുതലും നല്‍കിയിരുന്നത്.

1960-ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍, റേഡിയോളജിയില്‍ സര്‍വകലാശാലാ യോഗ്യതനേടി, സേവനമനുഷ്ഠിച്ച ആദ്യ ഡോക്ടറായിരുന്നു സി.പി.മാത്യു. കേരളത്തിലെ മെഡിക്കല്‍ കോളേജുകളിലെ ആദ്യ അര്‍ബുദ ചികിത്സകനും (ഓങ്കോളജിസ്റ്റ്) ആയിരുന്നു.

ഹൃദ്രോഗത്തിന് ഏറെ പണച്ചെലവുള്ള ബൈപ്പാസ് ശസ്ത്രക്രിയയെ അദ്ദേഹം അനുകൂലിച്ചിരുന്നില്ല. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഇത്തരം ശസ്ത്രക്രിയകള്‍ അസാധ്യമാണെന്ന് വാദിച്ചു. ബദലായി അപകടരഹിതമായ കീലേഷന്‍ അഥവാ രക്തക്കുഴല്‍ ശുദ്ധിയാക്കല്‍ ചികിത്സയ്ക്ക് അദ്ദേഹം പ്രചാരം നല്‍കി.

തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ സേവനമനുഷ്ഠിച്ചിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട്, വൈസ് പ്രിന്‍സിപ്പല്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

93-ാം വയസ്സിലും മണര്‍കാട് ചെറിയാന്‍ ആശ്രമത്തില്‍തന്നെ തേടിയെത്തുന്നവര്‍ക്ക് ചികിത്സ നല്‍കിയിരുന്നു. ചങ്ങനാശ്ശേരി തുരുത്തിയില്‍ സി.എം.പോളിന്റെയും കാതറിന്റെയും മകനാണ്. മദ്രാസ് മെഡിക്കല്‍ കോളേജില്‍നിന്നാണ് വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടിയത്. 1954-ല്‍ സര്‍വീസില്‍ പ്രവേശിച്ചു.

ഭാര്യ: പരേതയായ റോസി ജേക്കബ് ബി.സി.എം. കോളജ് മുന്‍ അധ്യാപിക (വായ്പൂര് അടിപുഴ കുടുംബാംഗം). മക്കള്‍: മോഹന്‍, ജീവന്‍, സന്തോഷ്. മരുമക്കള്‍: അന്ന, നിമ്മി, ആനി. മൃതദേഹം ബുധനാഴ്ച രാവിലെ എട്ടിന് വസതിയിലെത്തിക്കും. സംസ്‌കാരം വൈകീട്ട് മൂന്നിന് വീട്ടുവളപ്പില്‍.

Content Highlights: Dr. C.P. Mathew, Health, Cancer Awareness, Cancer