തിരുവനന്തപുരം: പ്രളയജലവുമായി ബന്ധപ്പെട്ട എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കണമെന്നും അതിലൂടെ എലിപ്പനി മരണങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പ്രളയ സമയത്ത് ബാധിക്കുന്ന ഏറ്റവും വലിയ പകര്‍ച്ചവ്യാധികളിലൊന്നാണ് എലിപ്പനി. അതിനാല്‍ തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിലും എലിപ്പനിയുള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ തടയാന്‍ തീവ്രയജ്ഞം നടത്തിയിരുന്നു. ഏതാണ്ട് ഒരു കോടിയോളം ഡോക്സിസൈക്ലിന്‍ ഗുളികകള്‍ വിതരണം ചെയ്തിരുന്നു. എന്നാല്‍ പലരും കഴിക്കാന്‍ വിമുഖത കാട്ടിയിരുന്നു. കഴിഞ്ഞ വര്‍ഷം കുറച്ച് എലിപ്പനി മരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഈ വര്‍ഷം ജനങ്ങള്‍ ഡോക്സിസൈക്ലിന്‍ ചോദിച്ച് വാങ്ങി കഴിക്കുന്ന അവസ്ഥയുണ്ടായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഡോക്സി ഡേ കാമ്പയിനിന്റെ സംസ്ഥാനതല പ്രചാരണ പരിപാടിക്ക് തമ്പാനൂര്‍ ബസ് സ്റ്റാന്റില്‍ തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

മഴവെള്ളം ഇറങ്ങുന്ന സമയമായതിനാല്‍ പകര്‍ച്ചവ്യാധി ഉണ്ടാകാതിരിക്കാന്‍ വളരെയേറെ ശ്രദ്ധിക്കണം. മലിനമായ കുടിവെള്ള സ്ത്രോതസ്, ചത്തടിഞ്ഞ വളര്‍ത്തുമൃഗങ്ങളുടെ മാലിന്യം തുടങ്ങിയ സാഹചര്യങ്ങളിലൂടെ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതിലൂടെ ജന്തുജന്യ രോഗങ്ങളും ജലജന്യ രോഗങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. മലിനമായ ജലവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ക്കാണ് എലിപ്പനി വരാന്‍ സാധ്യത കൂടുതല്‍. ഈ മേഖലയില്‍ താമസിക്കുന്നവരും സന്നദ്ധ പ്രവര്‍ത്തകരും എല്ലാവരും തന്നെ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. എലിപ്പനിയുടെ ലക്ഷണങ്ങളായ പനി, പേശി വേദന തലവേദന, വയറ് വേദന, ഛര്‍ദ്ദി, കണ്ണ് ചുവപ്പ് എന്നിവ കണ്ടാല്‍ ഉടന്‍ തന്നെ ശരിയായ ചികിത്സ നല്‍കുകയാണെങ്കില്‍ പൂര്‍ണമായും ഭേദമാക്കാവുന്നതാണ്.

എച്ച്.1 എന്‍.1, ഡെങ്കിപ്പനി എന്നിവ പകരാതിരിക്കാനും ആരോഗ്യ വകുപ്പ് വളരെയേറെ ശ്രദ്ധിക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികളുള്‍പ്പെടെ പ്രോട്ടോകോള്‍ പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവയുടെ ചികിത്സയ്ക്കാവശ്യമായ മരുന്നുകള്‍ എല്ലാ ആശുപത്രികളിലും ലഭ്യമാക്കിയിട്ടുണ്ട്. മരുന്നിന്റെ കുറവ് അനുഭവപ്പെട്ടാല്‍ ആരോഗ്യ വകുപ്പിന്റെ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെട്ട് പരിഹാരം കാണാമെന്നും മന്ത്രി വ്യക്തമാക്കി. 

തിരുവനന്തപുരം ജില്ലയില്‍ നിന്നും പ്രളയബാധിത പ്രദേശങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പോകുന്നവര്‍ക്ക് മന്ത്രി ഡോക്സിസൈക്ലിന്‍ വിതരണം ചെയ്തു. ഡോക്സി ഡോയോടനുബന്ധിച്ച് സര്‍ക്കാര്‍ ആശുപത്രികള്‍, കുടുംബാരോഗ്യ ഉപകേന്ദ്രങ്ങള്‍, ജില്ലകളിലെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ നിശ്ചയിക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ഗുളിക വിതരണം നടത്തുന്നതാണ്. എല്ലാവിധ സംശയങ്ങള്‍ക്കും ആരോഗ്യ വകുപ്പിന്റെ ദിശയുടെ ടോള്‍ ഫ്രീ നമ്പരായ 1056 ല്‍ ബന്ധപ്പെടാവുന്നതാണ്.

ദേശീയ ആരോഗ്യ ദൗത്യം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, പൊതുജനാരോഗ്യ വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി. മീനാക്ഷി, സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. അമര്‍ ഫെറ്റില്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. രാജു, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രീത പി.പി., എന്‍.എച്ച്.എം. ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. അരുണ്‍ പി.വി. എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Content Highlights: doxycycline to prevent Rat-bite fever,doxycycline for rat bite