ജർമൻ മാധ്യമപ്രവർത്തക മൈക്കിന്റെ നേതൃത്വത്തിൽ കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ എത്തിയ സംഘം
കോട്ടയ്ക്കൽ: ‘ആയുർവേദത്തിൽ ഞങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ട്. യഥാർഥ ആയുർവേദത്തെത്തേടിയാണ് ഞങ്ങൾ വന്നത്’
-ജർമൻ മാധ്യമപ്രവർത്തക മൈക്ക് ഇങ്ങനെ പറയാൻ കാരണമുണ്ട്. ജർമനിയിൽ ആയുർവേദം വലിയതോതിൽ പ്രചരിക്കുന്നുണ്ട്. ഇതിനൊപ്പം ആയുർവേദത്തിന്റെ പേരിൽ കള്ളനാണയങ്ങളും പ്രചരിക്കുന്നു. അതുകൊണ്ടാണ് ആയുർവേദസംബന്ധമായ ഒരു ഡോക്യുമെന്ററി എടുക്കാൻ തീരുമാനിച്ചപ്പോൾ യഥാർഥ ആയുർവേദത്തെത്തേടി കോട്ടയ്ക്കലിൽത്തന്നെ എത്തിയത്. പ്രകൃതിയോട് ഏറെ ഇണങ്ങിയ ചികിത്സാശാസ്ത്രമെന്ന നിലയിൽ ആയുർവേദത്തെ ഇഷ്ടപ്പെടുന്നതായി മൈക്ക് പറഞ്ഞു.
നീർക്കെട്ടു(വീക്കം)കൊണ്ടുണ്ടാകുന്ന രോഗങ്ങൾക്ക് ആയുർവേദത്തിന്റെ പരിഹാരമാർഗങ്ങൾ വിവരിക്കുന്ന ഡോക്യുമെന്ററിയുടെ ഷൂട്ടിങ്ങിനായാണ് മൈക്കും സംഘവും കോട്ടയ്ക്കലിൽ എത്തിയത്. സെഡ്.ഡി.എഫ് എന്ന ജർമൻ ടെലിവിഷൻ ചാനലിൽ മാധ്യമപ്രവർത്തകയായ മൈക്ക് ആരോഗ്യസംബന്ധിയായ ഡോക്യുമെന്ററികളിലൂടെ പ്രശസ്തയാണ്.
ജർമനിയിലെ ഡ്യൂസ് ബർഗ്-എസ്സെൻ സർവകലാശാലാ ആശുപത്രിയുമായി സഹകരിച്ചാണ് ഡോക്യുമെന്ററി തയ്യാറാക്കുന്നതെന്ന് ഇവിടത്തെ ആയുർവേദവിഭാഗത്തിന്റെ തലവനും വരാപ്പുഴ സ്വദേശിയുമായ ഡോ. ശ്യാൽകുമാർ പറഞ്ഞു. സർവകലാശാലാ ആശുപത്രി അസിസ്റ്റന്റ് ഡയറക്ടർ ഡോ. റംപ്, ക്യാമറാമാൻ ക്രിസ്റ്റ്യാൻ, ഓഡിയോ ചെയ്യുന്ന ഫെലിക്‌സ് എന്നിവരാണ് മൈക്കിനൊപ്പമുള്ളത്.
തിങ്കളാഴ്‌ച കോട്ടയ്ക്കലിൽ എത്തിയ സംഘം ബുധനാഴ്‌ച പകൽ ഷൊർണൂരിൽ ഒരു പരിപാടിയിൽ പങ്കെടുത്തശേഷം ജർമനിയിലേക്കു മടങ്ങും.
Content Highlights: documentary by german journalists on ayurveda
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..