Representative Image | Photo: Gettyimages.in
ദീര്‍ഘനേരം തുടര്‍ച്ചയായി ഇരുന്നു ജോലി ചെയ്യേണ്ടിവരുന്നത് ഇന്നത്തെ കാലത്ത് പുതുമയല്ല. എന്നാല്‍ തുടര്‍ച്ചയായുള്ള ഇരിപ്പ് സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ ധാരാളമാണ്. ഒരേ ഇരിപ്പിരിക്കാതെ ഇടയ്ക്ക് ഇരിപ്പിടത്തില്‍ നിന്നും ഇറങ്ങി നടക്കണമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ പറയാറുണ്ട്. പക്ഷേ, എത്ര നേരം ഇടവിട്ടാണ് ഇരിപ്പിടത്തിൽ നിന്നും ഇടവേളയെടുക്കേണ്ടത് എന്നും അത് എത്ര സമയം നീണ്ടുപോകണം എന്നുമൊക്കെ പലരുടെയും സംശയമാണ്. ഇപ്പോഴിതാ ഈ വിഷയത്തിൽ പഠനം നടത്തിയിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകർ. ദീർഘനേരം ഇരിക്കുന്നവർ ഓരോ അരമണിക്കൂറിലും അഞ്ചുമിനിറ്റുവീതം ഇടവേളയെടുത്ത് നടക്കണമെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
കൊളംബിയ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ദീർഘനേരം ഇരിക്കുന്നവരാണെങ്കിൽ ഓരോ അരമണിക്കൂര്‍ കൂടുമ്പോഴും അഞ്ച് മിനിറ്റുവീതം ഇടവേളയെടുത്ത് നടക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ തടയുമെന്നാണ് ഗവേഷകർ പറയുന്നത്. കൊളംബിയ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായ കെയ്ത്ത് ഡയസിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് പ്രസ്തുത ഫലം കണ്ടെത്തിയത്. അമേരിക്കന്‍ കോളേജ് ഓഫ് സ്പോര്‍ട്സ് മെഡിസിന്റെ ഓണ്‍ലൈന്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മുപ്പത് മിനിറ്റിനുശേഷം ഒരു മിനിറ്റ് നടത്തം, 60 മിനിറ്റിനുശേഷം ഒരു മിനിറ്റ് നടത്തം, 30 മിനിറ്റിനുശേഷം അഞ്ച് മിനിറ്റ് നടത്തം, 60 മിനിറ്റിനുശേഷം അഞ്ച് മിനിറ്റ് നടത്തം, നടക്കുകയേ ചെയ്യാതിരിക്കുക തുടങ്ങി അഞ്ച് വ്യത്യസ്തതരത്തിലുള്ള പരീക്ഷണങ്ങളാണ് നടത്തിയത്. 11 പേരിലായിരുന്നു പരീക്ഷണം. എട്ട് മണിക്കൂര്‍ നേരം പലതരം പരിശീലനങ്ങൾ ചെയ്യിപ്പിച്ചതിനു ശേഷമാണ് 30 മിനിറ്റിന് ശേഷമുളള ഇടവേളകളില്‍ അഞ്ച് മിനിറ്റ് വീതം നടക്കുന്നതാണ് ഏറ്റവും ഉചിതമായതായി ഗവേഷകർ വിലയിരുത്തിയത്.
പുസ്തകങ്ങളും ലാപ്ടോപ്പും മൊബൈല്‍ ഫോണുകളുമൊക്കെ നല്കി ഇവരെ ദീർഘനേരം ഇരുത്തുകയായിരുന്നു. ഇടയ്ക്കിയട്ക്ക് ഇവരുടെ പ്രഷര്‍, ഷുഗര്‍ നിലകളും പരിശോധിച്ചുകൊണ്ടിരുന്നു. ഒപ്പം പങ്കെടുത്തവരുടെ മാനസികനില, ക്ഷീണം, വൈജ്ഞാനികമായ പ്രകടനത്തിന്റെ തോത് എന്നിവയും കൃത്യമായി പരിശോധിക്കുന്നുണ്ടായിരുന്നു.
Content Highlights: doctors say sitting continuously will cause health issues should take walk after every 30 minutes
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..