വീഡിയോയിൽ നിന്ന് | Photo: instagram.com/dr_swaiman_singh
കുഴഞ്ഞുവീണു മരിക്കുന്നവരുടെ വാർത്ത ദിനംപ്രതി പുറത്തുവരാറുണ്ട്. അവസരോചിതമായ ഇടപെടലിലൂടെ സി.പി.ആർ. നൽകി ജീവിതത്തിലേക്ക് തിരികെ വന്നവരും നിരവധിയുണ്ട്. ഹൃദയാഘാതം വന്ന് മിടിപ്പ് താണുപോകുന്നവർക്ക് നെഞ്ചിൽ പ്രത്യേക ക്രമത്തിൽ മർദം ഏല്പിക്കുന്ന അതീവപ്രാധാന്യമുള്ള പ്രഥമ ശുശ്രൂഷയാണ് ‘ഹൃദയശ്വസന പുനരുജ്ജീവനം’ അഥവാ ‘കാർഡിയോ പൾമനറി റിസ്യൂസിറ്റേഷൻ’ (സി.പി.ആർ). ഇപ്പോഴിതാ തെറ്റായ രീതിയിൽ സി.പി.ആർ. നൽകിയെന്നാരോപിച്ച് വിമർശിക്കപ്പെടുകയാണ് ചണ്ഡീഗഢില്‍ നിന്നുള്ള ഹെൽത്ത് സെക്രട്ടറിയായ യഷ്പാൽ ഗാർഗ്.
കഴിഞ്ഞ ദിവസമാണ് യഷ്പാൽ ഗാർഗ് ബോധരഹിതനായ വ്യക്തിക്ക് സി.പി.ആർ. കൊടുക്കുന്നതിന്റെ വീഡിയോ പുറത്തുവന്നത്. കസേരയിൽ ചാഞ്ഞുകിടക്കുന്നയാൾക്ക് അവിടെ ഇരുത്തിക്കൊണ്ടുതന്നെ നെഞ്ചിൽ മർദം നൽകുകയാണ് യഷ്പാൽ. എന്നാൽ സിൻകോപ്പിന് സി.പി.ആർ. കൊടുക്കുന്ന ആദ്യത്തെ രാജ്യമായിരിക്കും ഇന്ത്യ എന്നു പറഞ്ഞ് പ്രശസ്ത ഹൃദ്രോഗ വിദഗ്ധനായ ഡോ. സ്വയ്മാൻ സിങ് പഖോഖെ ആണ് പോസ്റ്റ് പങ്കുവെച്ചത്. ഇന്ത്യയിലെ ആരോഗ്യ - വിദ്യാഭ്യാസ സമ്പ്രദായത്തിലെ തെറ്റ് എന്താണ് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ വീഡിയോ. സിൻകോപ്പിന് ദയവുചെയ്ത് സി.പി.ആർ. നൽകരുത് എന്നും പറഞ്ഞാണ് സ്വയ്മാൻ വീഡിയോ പങ്കുവെച്ചത്.
മസ്തിഷ്കത്തിലേക്കുള്ള രക്തസഞ്ചാരം കുറയുന്നതിനോട് അനുബന്ധിച്ചുള്ള ബോധക്ഷയവും അതേത്തുടർന്നുള്ള തലചുറ്റലുമാണ് സിൻകോപ്പ്. ഈ ഘട്ടത്തിൽ ഹൃദയമിടിപ്പും ശ്വസനപ്രക്രിയയും സാധാരണഗതിയിലായിരിക്കും. അതിനാൽ സി.പി.ആർ. നൽകേണ്ടതില്ല. സമയത്തിന് തിരിച്ചറിഞ്ഞ് വൈദ്യസഹായം നൽകുകയാണ് വേണ്ടത്.
ഹൃദയമിടിപ്പും ശ്വസനവും ഇല്ലാത്തപ്പോഴാണ് സി.പി.ആർ. നൽകേണ്ടതെന്ന് പറഞ്ഞ് മറ്റ് ഡോക്ടർമാരും പോസ്റ്റിനു കീഴെ കമന്റുമായെത്തി. വയറും നെഞ്ചും ചലിക്കുന്നില്ലെങ്കിലാണ് ഹൃദയസ്തംഭനം സംഭവിച്ചതായി കരുതി ഉടന്‍ പുനരുജ്ജീവന ചികിത്സ ആരംഭിക്കേണ്ടതെന്നും വിദഗ്ധർ പറയുന്നു. കസേരയിൽ ഇരുത്തി സി.പി.ആർ. കൊടുത്ത രീതിയെയും രൂക്ഷമായി വിമർശിക്കുന്നവരുണ്ട്. ഇത്തരത്തിൽ ചെയ്യുക വഴി വാരിയെല്ലിന് പരിക്കേൽക്കുകയോ ശ്വാസകോശം, കരൾ, ഹൃദയം തുടങ്ങി മറ്റ് അവയവങ്ങൾക്ക് പരിക്കേൽക്കുകയോ ചെയ്തേക്കാമെന്നും ഡോക്ടർമാർ കമന്റ് ചെയ്യുന്നു.
ബോധം കെട്ടുവീണയാളെ ഒരിക്കലും ഇരുത്താന്‍ ശ്രമിക്കരുതെന്നും രോഗിയെ ഉറപ്പുള്ള പ്രതലത്തിൽ മലർത്തിക്കിടത്തുകയാണ് വേണ്ടതെന്നും കമന്റ് ചെയ്തവരുണ്ട്. ഇത് രോഗിയെ രക്ഷപ്പെടുത്തലല്ല മറിച്ച് കൂടുതൽ പീഡിപ്പിക്കലാണ് എന്നും ചിലർ വീഡിയോക്ക് കീഴെ കുറിച്ചു.
എന്താണ് സി.പി.ആര്. ?
ഹൃദയാഘാതം വന്ന് മിടിപ്പ് താണുപോകുന്നവർക്ക് നെഞ്ചിൽ പ്രത്യേക ക്രമത്തിൽ മർദം ഏല്പിക്കുന്ന അതീവപ്രാധാന്യമുള്ള പ്രഥമ ശുശ്രൂഷയാണ് ‘ഹൃദയശ്വസന പുനരുജ്ജീവനം’ അഥവാ ‘കാർഡിയോ പൾമനറി റിസ്യൂസിറ്റേഷൻ’ (സി.പി.ആർ). എന്താണ് സി.പി.ആര്. എന്നും അത് എങ്ങനെ ചെയ്യാം എന്നും ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ ഒരാളുടെ ജീവന് രക്ഷിക്കാന്‍ ഇത് സഹായിച്ചേക്കും.
ഹൃദയത്തിന്റെ സ്പന്ദനം നിലച്ചുപോകുന്ന അവസ്ഥയാണ് കാര്‍ഡിയാക് അറസ്റ്റ് അഥവാ ഹൃദയസ്തംഭനം. ഹൃദയസ്തംഭനം സംഭവിച്ചാല്‍ ആ വ്യക്തി തളര്‍ന്നുവീഴും. ബോധം കെടും. ഓഫീസിലോ വീട്ടിലോ റോഡിലോ ഒക്കെ ആളുകള്‍ ബോധംകെട്ടു വീഴാറുണ്ട്. ഇങ്ങനെ കുഴഞ്ഞുവീഴുന്നവര്‍ക്ക് അടിയന്തര ചികിത്സ കിട്ടിയില്ലെങ്കില്‍ രോഗിയുടെ ജീവന് നഷ്ടമാകും. രോഗിയെ ആശുപത്രിയില്‍ എത്തിക്കാനും ഡോക്ടര്‍ വരുന്നതുവരെ കാത്തിരിക്കാനുമൊന്നും സമയം കിട്ടില്ല. രോഗിയുടെ ജീവന് രക്ഷിക്കാന്‍ വെറും അഞ്ച് മിനിറ്റ് സമയം മാത്രമേ ഉണ്ടാവൂ. ഇതിനിടയില്‍ പരിചരണം കിട്ടിയില്ലെങ്കില്‍ ആളുടെ ജീവന് നഷ്ടപ്പെടും. ഹൃദയസ്തംഭനത്താല് ഒരാള്‍ ബോധം കെട്ടു വീണ സമയത്ത് നിങ്ങളുടെ മനസ്സും കൈകളും പ്രവര്‍ത്തിച്ചാല്‍ ഒരു ജീവന് രക്ഷിക്കാനാകും. കാഴ്ചക്കാരായി നില്‍ക്കാതെ ഉടന്‍ പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. കുഴഞ്ഞുവീണ രോഗിക്ക് പുനരുജ്ജീവന ചികിത്സ നല്‍കുകയാണ് ഇതിനുള്ള പ്രതിവിധി. ഇത് ആര്‍ക്കും എവിടെ വെച്ചും ചെയ്യാന്‍ കഴിയുന്നതുമാണ്. ഇതെങ്ങനെ ചെയ്യാമെന്ന് അറിയാം.
അപകട സ്ഥലത്ത് ചെയ്യേണ്ടത്
ബോധം കെട്ടുവീണയാളെ ഒരിക്കലും ഇരുത്താന്‍ ശ്രമിക്കരുത്. ബോധം കെട്ടുവീണയാളുടെ തലച്ചോറിലേക്ക് രക്തപ്രവാഹം കൂട്ടുകയാണ് വേണ്ടത്. ഇതിനായി രോഗിയെ ഉറപ്പുള്ള പ്രതലത്തില്‍ മലര്‍ത്തിക്കിടത്തണം. തലഭാഗം ഉയര്‍ത്തി വെക്കരുത്.
ചുമലില്‍ തട്ടിവിളിച്ചിട്ടും ബോധം കെട്ടു വീണയാള്‍ പ്രതികരിക്കുന്നില്ലെങ്കില്‍ സ്ഥിതി അപകടകരമാണെന്ന് വിലയിരുത്തണം. രോഗി പ്രതികരിക്കാതിരിക്കുന്നതിന്റെ കാരണം പലതാവാം. വിവേകപൂര്‍വം അടിയന്തിരമായി പ്രഥമ ശുശ്രൂഷ നല്‍കേണ്ട ഘട്ടമാണിത്. പുനരുജ്ജീവന ചികിത്സ നല്‍കുന്നതിനൊപ്പം രോഗിയെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കാനുള്ള സൗകര്യമൊരുക്കണം. ആംബുലന്‍സ് ഏര്‍പ്പാട് ചെയ്യാം. രോഗിയെ കൊണ്ടുവരുന്നതായി ആശുപത്രിയില്‍ അറിയിക്കുന്നതും നല്ലതാണ്.
പുനരുജ്ജീവന ചികിത്സ
മൃതാവസ്ഥയിലുള്ള രോഗിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള സുപ്രധാന വഴികളാണ് പുനരുജ്ജീവന ചികിത്സയില്‍ ചെയ്യുന്നത്.
ബോധം കെട്ടു കിടക്കുന്ന രോഗി ശ്വാസം എടുക്കുന്നുണ്ടോ എന്ന് നോക്കുക. പത്ത് സെക്കന്‍ഡ് മാത്രം നിരീക്ഷിച്ചാല്‍ മതി. വയറും നെഞ്ചും ചലിക്കുന്നില്ലെങ്കില്‍ ഹൃദയസ്തംഭനം സംഭവിച്ചതായി കരുതി ഉടന്‍ പുനരുജ്ജീവന ചികിത്സ ആരംഭിക്കണം. നെഞ്ചില്‍ മര്‍ദം ഏല്പിച്ചുള്ള എക്സ്റ്റേണല്‍ കാര്‍ഡിയാക് കംപ്രഷന്‍, ശ്വാസവഴി ശുദ്ധിയാക്കല്‍, വായോട് വായ് ചേര്‍ത്ത് ശ്വാസം നല്കല്, ഡീ ഫീബ്രിലേഷന്‍ എന്നിങ്ങനെ പല ഘടകങ്ങള്‍ ഇതിലുണ്ട്.
നെഞ്ചില്‍ മര്‍ദം ഏല്പിക്കല് (എക്സ്റ്റേണല്‍ കാര്‍ഡിയാക് കംപ്രഷന്‍)
ഹൃദയസ്തംഭനം വന്നവരുടെ പുനരുജ്ജീവന ചികിത്സയിലെ പ്രധാന ഭാഗമാണിത്. നെഞ്ചില്‍ എവിടെ, എങ്ങനെ, എത്രതവണയാണ് മര്‍ദം ഏല്‍പിക്കേണ്ടതെന്ന കാര്യം മനസ്സിലാക്കിയാല്‍ ആര്‍ക്കും ഇത് ചെയ്യാനാകും.
- ബോധംകെട്ടയാളുടെ നെഞ്ചില്‍ മര്‍ദം നല്കുന്നയാള് മുട്ടുകുത്തി ഇരിക്കുക. കൈപ്പത്തിയുടെ അടിഭാഗം (കൈപ്പത്തി മണിബന്ധവുമായി ചേരുന്ന ഭാഗം) രോഗിയുടെ നെഞ്ചില്‍ അമര്‍ത്തിവെക്കുക.
- നെഞ്ചില്‍ മുലക്കണ്ണുകള്‍ മുട്ടുന്ന തരത്തില്‍ ഒരു വരയും അതിന് ലംബമായി മറ്റൊരു വരയും വരച്ചാല്‍ കൂട്ടിമുട്ടുന്ന സ്ഥലത്താണ് മര്‍ദം നല്‍കേണ്ടത്. നെഞ്ചില്‍ കൈപ്പത്തിയുടെ അടിഭാഗം അമര്‍ത്തിയ ശേഷം മറ്റേ കൈ അതിന് മേലെ വെക്കുക. എന്നിട്ട് മുകളിലെ കൈവിരലുകള്‍ കീഴിലെ കൈവിരലുകളുമായി കോര്‍ത്തുവെക്കുക.
- കൈമുട്ട് നിവര്‍ത്തിപ്പിടിച്ചിരിക്കണം.
- ഈ അവസ്ഥയില്‍ നെഞ്ചില്‍ ശക്തിയായി മര്‍ദം നല്‍കാം. മര്‍ദം നല്കുമ്പോള് നമ്മുടെ ശരീരഭാരം കൈപ്പത്തിയിലൂടെ രോഗിയുടെ നെഞ്ചിലേക്ക് പകരുകയാണ് ചെയ്യുന്നത്.
- ഒരു മിനിറ്റില്‍ 100 തവണയെങ്കിലും ഇങ്ങനെ മര്‍ദം നല്‍കണം.
- ഓരോ തവണ അമര്‍ത്തുമ്പോഴും നെഞ്ച് അഞ്ചു സെന്റിമീറ്റര്‍ താഴണം.
- ബോധംകെട്ടയാള്‍ കണ്ണ് തുറന്ന് സംസാരിക്കുന്നത് വരെയോ ഡോക്ടറുടെ സേവനം ലഭ്യമാവുന്നത് വരെയോ ഇത് തുടരാം.
Content Highlights: doctors call out chandigarh health secretary for performing wrong cpr
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..