Representative Image| Photo: Canva.com
പൊന്നാനി: ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനിയിലെ ഡോക്ടര്‍ ടു ഡോക്ടര്‍ സേവനം സംസ്ഥാനത്ത് ഇതുവരെ ഉപയോഗപ്പെടുത്തിയത് ഒരുലക്ഷത്തിലേറെപ്പേര്‍.
കഴിഞ്ഞവര്‍ഷം നവംബറിലാണ് വിദഗ്ധ ചികിത്സയ്ക്കായി ഇ-സഞ്ജീവനിയില്‍ ഡോക്ടര്‍ ടു ഡോക്ടര്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. പരീക്ഷണാടിസ്ഥാനത്തില്‍ കോഴിക്കോട്ട് തുടങ്ങിയ പദ്ധതി മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. ആരോഗ്യസ്ഥാപനങ്ങളിലുള്ള തിരക്കുകള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തുടങ്ങിയത്.
നിലവില്‍ ഒ.പി. സേവനങ്ങള്‍ സ്വീകരിക്കുന്നവരില്‍ വലിയൊരു ശതമാനംപേര്‍ക്കും തുടര്‍ചികിത്സ ആവശ്യമാണ്. തുടര്‍ചികിത്സയ്ക്കായി വിദഗ്ധഡോക്ടറെ കാണാന്‍ വലിയ ആശുപത്രികളില്‍ തിരക്കുണ്ടാകും. ഇതിനൊരു പരിഹാരമാണ് ഡോക്ടര്‍ ടു ഡോക്ടര്‍ സേവനം. ത്രിതല ഹബ്ബ് ആന്‍ഡ് സ്പോക്ക് സംവിധാനംവഴി കഴിഞ്ഞമാസംവരെ 1.02 ലക്ഷം പേര്‍ക്ക് ഡോക്ടര്‍ ടു ഡോക്ടര്‍ സേവനം നല്‍കി.
മെഡിക്കല്‍ കോളേജുകളില്‍ പോകാതെതന്നെ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് എല്ലാ സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങളും ലഭ്യമാക്കുന്നതാണ് ഡോക്ടര്‍ ടു ഡോക്ടര്‍ സംവിധാനം.
മെഡിക്കല്‍ കോളേജുകള്‍ ഇല്ലാത്ത ജില്ലകളില്‍ സ്വകാര്യ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനമാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. ജില്ലാ ജനറല്‍ ആശുപത്രികള്‍ മുഖേന സ്പെഷ്യാലിറ്റി സേവനങ്ങളും മെഡിക്കല്‍ കോളേജുകള്‍ വഴി സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങളുമാണ് ലഭ്യമാക്കുന്നത്. കുടുംബാരോഗ്യകേന്ദ്രങ്ങളും അര്‍ബന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സ്പോക്കായാണ് പ്രവര്‍ത്തിക്കുക. ജില്ല, ജനറല്‍ ആശുപത്രികളും മെഡിക്കല്‍ കോളേജുകളുമാണ് ഹബ്ബുകള്‍.
സേവനം ഇങ്ങനെ
സ്പോക്ക് ആശുപത്രിയിലെ ഡോക്ടര്‍ പ്രാഥമിക പരിശോധന നടത്തും. രോഗിയെ വിദഗ്ധ ഡോക്ടര്‍ക്ക് റഫര്‍ചെയ്യേണ്ട സാഹചര്യമുണ്ടെങ്കില്‍ ജില്ല, ജനറല്‍, മെഡിക്കല്‍ കോളേജിലെ ഹബ്ബിലെ ഡോക്ടര്‍ക്ക് ഡോക്ടര്‍ ടു ഡോക്ടര്‍ സംവിധാനം വഴി കണക്ട്‌ചെയ്യും. വീഡിയോ കോണ്‍ഫറന്‍സ് വഴി ജനങ്ങള്‍ക്ക് ഡോക്ടറോട് നേരിട്ട് രോഗവിവരം സംസാരിക്കാം. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനുശേഷം മരുന്ന് കുറിപ്പടി ഉടന്‍തന്നെ ഡൗണ്‍ലോഡ് ചെയ്യാം. തുടര്‍ന്നും സേവനംതേടാനും സാധിക്കും. ഗൃഹസന്ദര്‍ശനം നടത്തുന്ന പാലിയേറ്റീവ് കെയര്‍ സ്റ്റാഫ്, ആശാവര്‍ക്കര്‍മാര്‍, സ്റ്റാഫ് നഴ്സുമാര്‍ എന്നിവര്‍ക്കും ഡോക്ടര്‍ ടു ഡോക്ടര്‍ സംവിധാനംവഴി ഡോക്ടര്‍മാരുടെ സേവനം രോഗികള്‍ക്കു നല്‍കാം. https://esanjeevaniopd.in/kerala എന്ന വെബ്‌സൈറ്റ് വഴിയോ ഇ-സഞ്ജീവനി ആപ്ലിക്കേഷന്‍ വഴിയോ ഇ-സഞ്ജീവനി സേവനം ലഭ്യമാണ്.
Content Highlights: doctor to doctor services through esanjeevani
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..