Representative Image| Photo: Canva.com
ഹൈദരാബാദ്: 'എനിക്ക് ആറുമാസം മാത്രമേ ബാക്കിയുള്ളൂവെന്ന് അച്ഛനും അമ്മയും അറിയരുതേ...' അര്‍ബുദം ബാധിച്ച ആറുവയസ്സുകാരന് മനുവിന്റെ ഡോക്ടറോടുള്ള ഏക ആവശ്യം അതായിരുന്നു. കുട്ടിയുടെ അച്ഛനമ്മമാരുടെ പ്രധാന ആവശ്യവും മറ്റൊന്നായിരുന്നില്ല: 'അസുഖത്തെക്കുറിച്ച് മോനോട് കൂടുതലൊന്നും വെളിപ്പെടുത്തരുത്...'
ഇല്ലെന്ന് മനുവിനും അവന്റെ അച്ഛനമ്മമാര്‍ക്കും ഡോ. സുധീര്‍കുമാര്‍ വാക്കുനല്കി. പക്ഷേ... അത് പാലിക്കാനായില്ല. മനു കഴിഞ്ഞമാസം ഈ ലോകം വിട്ടുപോയി. ട്വിറ്ററിലൂടെയാണ് ആ സങ്കടകഥ ഡോക്ടര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടത്. അത് സാമൂഹികമാധ്യമങ്ങളില്‍ കണ്ണീരുപടര്ത്തിക്കൊണ്ട് അതിവേഗം പ്രചരിച്ചു.
മൂന്നംഗകുടുംബം ഡോ. സുധീര്‍കുമാറിനെ കാണാനെത്തുമ്പോഴേക്കും കുട്ടിയുടെ അസുഖം മൂര്‍ച്ഛിച്ചിരുന്നു. മസ്തിഷ്കത്തിലെ അര്‍ബുദം കാരണം മനുവിന്റെ ഒരു ഭാഗം തളര്‍ന്നു. സഞ്ചാരം വീല്‍ച്ചെയറില്‍. അസുഖത്തെക്കുറിച്ച് വിവരിച്ച അച്ഛനമ്മമാര്‍ അക്കാര്യം മനുവറിഞ്ഞാല് തളര്‍ന്നുപോകും എന്നാണ് കരുതിയത്.
അച്ഛനുമമ്മയും മുറിക്കു പുറത്തുപോയപ്പോള്‍ ഡോക്ടറോട് ഒരു സ്വകാര്യം പറയാനുണ്ടെന്നായി മനു. തനിക്ക് കാര്യങ്ങളെല്ലാമറിയാമെന്ന് പതിഞ്ഞ ശബ്ദത്തില്‍ അവന് വ്യക്തമാക്കി. കംപ്യൂട്ടറില്‍ അസുഖത്തെക്കുറിച്ച് എല്ലാം നോക്കി, ഇനി ആറുമാസത്തിലേറെ ജീവിച്ചിരിക്കില്ലെന്നും മനസ്സിലായി. ഇക്കാര്യം അച്ഛനുമമ്മയും അറിഞ്ഞാല്‍ താങ്ങാനാകില്ലെന്നും കൂട്ടിച്ചേര്‍ത്തു. പക്ഷേ, മനുവിനുകൊടുത്ത വാക്ക് പാലിക്കാനായില്ലെന്ന് ഡോക്ടര്‍ പറയുന്നു. കാരണം അവനോ ടൊപ്പമുള്ള ഓരോ നിമിഷവും അമൂല്യമാണെന്ന് അച്ഛനമ്മമാരെ അറിയിക്കണമായിരുന്നു.
ഡോ. സുധീറിനെ കാണാന്‍ മനുവിന്റെ അച്ഛനമ്മമാര്‍ ഈയിടെ വീണ്ടുമെത്തി. കുട്ടിയുടെ കാര്യം ഡോക്ടര്‍ അന്വേഷിച്ചപ്പോളാണ് അവന് കഴിഞ്ഞമാസം ലോകം വിട്ടുപോയതറിഞ്ഞത്. ഇതോ!ടെയാണ് മനുവിന്റെ കഥ ട്വിറ്ററിലൂടെ പുറത്തുവിടാന്‍ തീരുമാനിച്ചതെന്ന് ഡോക്ടര്‍ പറയുന്നു.
Content Highlights: Doctor shares heartbreaking story of a 6-yr-old cancer patient
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..